‘നിര്‍ഭയം’ : ചാരക്കേസില്‍ പുതിയ വെളിപ്പെടുത്തലുമായി സിബി മാത്യൂസ്

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ പുതിയ വെളിപ്പെടുത്തലുമായി മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ സിബി മാത്യൂസ് രംഗത്ത്. അടുത്തയാഴ്ച പുറത്തിറങ്ങുന്ന അദ്ദേഹത്തിന്റെ നിര്‍ഭയം എന്ന പേരുള്ള തന്റെ ആത്മകഥയിലാണ് ചാരക്കേസില്‍ മുന്‍ ഡി.ജി.പി. രമണ്‍ ശ്രീവാസ്തവയുടെ അറസ്റ്റ് ഒഴിവാക്കിയത് താന്‍ ഇടപെട്ടാണെന്ന് സിബി മാത്യൂസ് വെളിപ്പെടുത്തുന്നത്. ശ്രീവാസ്തവയെ അറസ്റ്റ് ചെയ്യാന്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയില്‍ നിന്നും കടുത്തസമ്മര്‍ദ്ദം ഉണ്ടായതായും സിബി മാത്യൂസ് പറയുന്നുണ്ട്.

മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരന്റെ വിശ്വസ്തനും അന്ന് ഐജിയുമായിരുന്ന രമണ്‍ ശ്രീവാസ്തവ സംശയത്തിന്റെ നിഴലിലായ കാലത്ത് ശ്രീവാസ്തവയെ അറസ്റ്റ് ചെയ്യാന്‍ ഇന്റലിജന്‍സ് ബ്യൂറോയിലെ ഉദ്യോഗസ്ഥര്‍ തന്നില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായും ഉടന്‍ ശ്രീവാസ്തവയെ അറസ്റ്റ് ചെയ്യണമെന്നു ആവശ്യപ്പെട്ടുവെന്നും ആത്മകഥയില്‍ പറയുന്നു.

ശ്രീവാസ്തവക്കെതിരെ തെളിവില്ലെന്ന് പറഞ്ഞപ്പോള്‍ ചാരവൃത്തിയില്‍ തെളിവൊന്നും വേണ്ടെന്നായിരുന്നു ഐബി നിലപാട്. പൊലീസ് ആസ്ഥാനത്തെ കൂടിക്കാഴ്ചയിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ താനാണ് സിബിഐ അന്വേഷണമാകാമെന്ന് നിര്‍ദ്ദേശം മുന്നോട്ട് വെച്ചതെന്നും സിബി മാത്യൂസ് പറയുന്നു.

ശ്രീവാസ്തവ നിരപരാധിയാണെന്നാണ് വിശ്വസിക്കുന്നത്. പക്ഷെ തന്റെ അന്വേഷണം ശ്രീവാസ്തവക്കെതിരാണെന്ന് പൊലീസിലെ പലരും കരുതി.കേസ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ ശരിക്കും ചാരവൃത്തി നടന്നോ എന്ന ആത്മകഥയിലും നേരിട്ടും ഇപ്പോള്‍ പറയാനാകില്ലെന്നാണ് സിബി മാത്യൂസിന്റെ നിലപാട്.