കൊച്ചി പഴയ കൊച്ചിയല്ല : കേരളത്തിന്റെ ആദ്യ മെട്രോയെ കുറിച്ച് അറിയാനേറെയുണ്ട്

കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് ഇനി അധികം നാള്‍ കാത്തിരിക്കേണ്ടി വരികയൊന്നുമില്ല. എന്നാല്‍ കേരളത്തിന്റെ ആദ്യ മെട്രോയെ കുറിച്ച് നിങ്ങള്‍ക്കറിയാമോ?. ഒരുപാട് പ്രത്യേകതകള്‍ നിറഞ്ഞതാണ് നമ്മുടെ മെട്രോ.

ട്രാന്‍സ് ജെന്‍ഡറുകള്‍ക്ക് ജോലി നല്‍കുന്ന ആദ്യ സര്‍ക്കാര്‍ കമ്പനിയാണ്, പരിസ്ഥിതി സൗഹാര്‍ദമാണ് ഇങ്ങനെ തുടങ്ങി ഒരു പാട് പ്രത്യേകതകളാണ് കേരളത്തിന്റെ കൊച്ചി മെട്രോയ്ക്ക് എടുത്തു പറയാനുള്ളത്.

ഒറ്റ ടിക്കറ്റില്‍ ബസ്സിലും ബോട്ടിലുമൊക്കെ യാത്ര ചെയ്യാനുള്ള സൗകര്യമാണ് മെട്രോ ഒരുക്കുന്നത്. സ്മാര്‍ട്ടകാര്‍ഡ് വഴിയാണ് ഇതു സാധ്യമാക്കുക. യാത്ര മാത്രമല്ല ഷോപ്പിങ്ങിനും സിനിമകാണാനുമെല്ലാം ഈ കാര്‍ഡ് ഉപയോഗിക്കാനാകും. യാത്രക്കാരെയും ഗതാഗത സംവിധാനങ്ങളേയും ബന്ധിപ്പിക്കുന്നതിനായി കൊച്ചി വണ്‍ ആപ്പ് എന്ന മൊബൈല്‍ ആപ്പ്‌ളിക്കേഷനും കൊച്ചിയില്‍ നടപ്പാക്കുന്നുണ്ട്.

ഡ്രൈവറില്ലാതെ ഓടാന്‍ കെല്‍പ്പുള്ളതാണ് കൊച്ചി മെട്രോ. കമ്മ്യൂണിക്കേഷന്‍ ബേസ്ഡ് ട്രെയിന്‍ കണ്‍ട്രോള്‍ സംവിധാനമാണ് കൊച്ചി മെട്രോ നടപ്പിലാക്കുന്നത്. രാജ്യത്ത് ഈ സംവിധാനം ആദ്യമായി നടപ്പിലാക്കുന്നതും ഇവിടെ തന്നെ ആയിരിക്കും. പരിസ്ഥിതി സൗഹാര്‍ദമാണ് മെട്രോ. അതു കൊണ്ട് തന്നെ ഗതാഗത സംവിധാനത്തിനു പ്രത്യേക പരിഗണണന നല്‍കുന്നതിന്റെ ഭാഗമായി സൈക്കിള്‍ ട്രാക്ക്, നടപ്പാത എന്നിവയെല്ലാം ഇതിന്റെ ഭാഗമാകും.

കൂടാതെ പൂന്തോട്ടം നിര്‍മ്മിക്കും. മെട്രോയുടെ ഓരോ ആറാമത്തെ തൂണിനു ചുറ്റുമാണ് പൂന്തോട്ടം നിര്‍മ്മിക്കുക. ഇതിന്റെ ഭാഗമായി ആദ്യ ഘട്ടം ആലുവ മുതല്‍ പാലാരിവട്ടം വരെ 100 തൂണുകളില്‍ പൂന്തോട്ടമൊരുങ്ങും.

സുന്ദരമെന്നാണ് മെടോ റെയില്‍ സേഫ്റ്റി കമ്മീഷണര്‍ കൊച്ചി മെട്രോയുടെ സ്‌റ്റേഷനുകളെ വിശേഷിപ്പിച്ചത്. അതിനു കാരണമാകട്ടെ പശ്ചിമഘട്ടം, കേരളത്തിന്റെയും കൊച്ചിയുടേയും സാംസ്‌ക്കാരിക ചരിത്രം, മഴ തുടങ്ങി ഓരോ സ്‌റ്റേഷനുകളും ഒരുക്കിയിരിക്കുന്നത് വ്യത്യസ്ത വിഷയങ്ങളെ ആധാരമാക്കിയാണെന്നതാണ്.

23 ട്രാന്‍സ്‌ജെന്‍ഡറുകളാണ് ആദ്യ ഘട്ടത്തില്‍ കൊച്ചി മെട്രോയില്‍ ജോലി ചെയ്യുന്നത്. ട്രാന്‍സ് ജെന്‍ഡറുകള്‍ക്ക് ജോലി നല്‍കുന്ന ആദ്യ സര്‍ക്കാര്‍ കമ്പനിയാണ് കൊച്ചി മെട്രോ. മഹാരാജാസ് കോളേജ് വരെയുള്ള സ്‌റ്റേഷനുകളിലായി 60 പേരെ നിയമിക്കാനാണ് കെ.എം.ആര്‍.എല്‍. ലക്ഷ്യമിടുന്നത്.രാജ്യത്തെ ഏറ്റവുംസ്ത്രീ സൗഹൃദമായ മെട്രോ കൂടിയാണ് കൊച്ചി മെട്രോ.
അത് സാധ്യമായത് കുടുംബ ശ്രീയുമായി കൈകോര്‍ത്തു കൊണ്ടും. കസ്റ്റമര്‍ റിലേഷന്‍സ്, ഹൗസ്‌കീപ്പിങ്, കാറ്ററിങ്, തുടങ്ങിയവയിലെല്ലാം സ്ത്രീകളെ നിയമിച്ചിട്ടുണ്ട്. 507 പേരാണ് നിലവില്‍ നിയമനം നേടിയിരിക്കുന്നത്. സത്രീ സൗഹാര്‍ദമാകുന്നതിന്റെ ഭാഗമായി സത്രീകളുടെ സുരക്ഷ ഉപ്പാക്കാനായി ക്യാമറാ സംവിധാനങ്ങളും സെക്യൂരിറ്റി ജീവനക്കാരെയും സജ്ജീകരിച്ചിട്ടുണ്ട്. ഇനിയും ഒരു പാട് പ്രത്യേകതകളാണ് കൊച്ചി മെട്രോ ഉദ്ഘാനശേഷം കാണിക്കാനായി കരുതിയിരിക്കുകയാണ്.