വെയ്സ്റ്റ് മാഫിയ അരങ്ങു വാഴുന്ന കോഴിക്കോട് ബീച്ച്; നിലയ്ക്കാത്ത പോരാട്ടങ്ങള്‍ വിജയത്തിലേയ്ക്ക്
കോഴിക്കോട് കടപ്പുറം ആരാണ് വെയിസ്റ്റ് മാഫിയക്ക് തീറെഴുതി കൊടുത്തത്.തീരം നിറയെ ചീഞ്ഞളിഞ്ഞ കുടല്‍മാലകള്‍, ചത്ത കോഴികള്‍, അറവ് മാലിന്യങ്ങള്‍, പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ഒന്നു സ്വസ്ഥമായി നടക്കാനോ ഇത്തിരി നേരം സൈ്വര്യം പോലെ ഇരിക്കാനോ നില്‍ക്കാനോ കഴിയാത്ത വിധത്തിലേയ്ക്ക് കോഴിക്കോട് കടപ്പുറം മാറിയതെങ്ങനെ?..
സ്‌നേഹനിധികളായ കോഴിക്കോട്ടുകാരെ മാത്രം കേട്ടു പരിചയിച്ചവര്‍ക്കും കുറേ മുന്നേ കോഴിക്കോട് കടപ്പുറത്തെത്തി ഉപ്പിലിട്ടതു കഴിച്ചവര്‍ക്കും ഒരു പക്ഷെ മുഖം ചുളിഞ്ഞേക്കാം പക്ഷ കാര്യങ്ങള്‍ അത്ര സുഖകരമല്ല.
ഓരോ വൈകുന്നേരങ്ങളിലും ആയിരങ്ങളാണ് കോഴിക്കോട് കടപ്പുറത്ത് എത്തുന്നത്. എന്നാല്‍ സായാന്ഹം ചെലവഴിക്കാനെത്തുന്നവര്‍ക്കു കാണേണ്ടി വരുന്നത് കുടല്‍മാലകളും. ചീഞ്ഞളിഞ്ഞ ഇറച്ചിക്കഷണങ്ങള്‍ കടിച്ചു പറിച്ചെടുക്കാനെത്തുന്ന പട്ടി കൂട്ടങ്ങളേയും, മാലിന്യങ്ങള്‍ കൊത്തിവലിച്ച് പറക്കുന്ന പരുന്തുകളേയും കാക്കകളേയും, കച്ചവടക്കാര്‍ വലിച്ചെറിയുന്ന അവശിഷ്ടങ്ങള്‍ ഭക്ഷിക്കാനെത്തുന്ന അഴിച്ചിട്ട് വളര്‍ത്തുന്ന കാള കുട്ടന്മാരേയുമെല്ലാമാണ്.
വലിയ രീതിയില്‍ അറവുമാലിന്യം എങ്ങനെയാണ് കടല്‍തീരത്തടിയുന്നത്. അവിടെയാണ് സൗത്ത് ബീച്ച് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വലിയ വെയ്സ്റ്റ് മാഫിയയുടെ പ്രവര്‍ത്തനത്തിന്റെ ദൂഷ്യഫലം മനസിലാകുക. വലിയ ചാക്കുകളില്‍ ശേഖരിക്കുന്ന മാലിന്യങ്ങളാണ് സര്‍ക്കാര്‍ ഭൂമിയും പുറമ്പോക്കുകളും കൈയ്യേറി അവിടെ നിന്നും കടലിലേയ്ക്ക് നിക്ഷേപിക്കുന്നത്. എന്നാല്‍ കോഴിക്കോട് കോര്‍പ്പറേഷന്റെ സ്ഥലമായിട്ടു പോലും മാര്‍ക്കറ്റുകളിലെയും അറവുശാലകളിലെയും മാലിന്യങ്ങള്‍ കൊണ്ടുവന്ന് ഈ സ്ഥലത്തു നിന്ന് തള്ളുന്ന ക്രിമിനലുകളെ നിലക്ക് നിര്‍ത്താന്‍ ഭരണ സംവിധാനങ്ങള്‍ക്ക് കഴിയുന്നില്ല.
കടല്‍ കാണുന്ന ആവേശത്തില്‍ വെള്ളത്തില്‍ കളിക്കാനിറങ്ങുന്ന കുട്ടികളുടെയും, മുതിര്‍ന്നവരുടെയും കൈകാലുകളില്‍ വ്രണങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു. ജലശ്രോതസ്സുകള്‍ മലിനമാക്കുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരേണ്ട ഭരണ സംവിധാനങ്ങള്‍ ഈ ക്രിമിനലുകളെ ഭയക്കുന്നതെന്തിനാണ്.
അഡ്വ. ശ്രീജിത്ത് കുമാറിനെ പോലെ കോഴിക്കോടിനേയും ഒപ്പം കടലിനേയും പ്രകൃതിയേയും എല്ലാം സ്‌നേഹിക്കുന്നവര്‍ നിരന്തര പോരാട്ടങ്ങള്‍ നടത്തുമ്പോള്‍ തന്നെ ഉദ്യോഗസ്ഥര്‍ ക്രിമിനലുകള്‍ക്കെതിരെ മിണ്ടാത്തതിന്‌റെ കാരണം പക്ഷെ ഇതാണ്.
“എതിര്‍ക്കുന്നവനെവെട്ടി നുറുക്കി പോത്തിറച്ചിക്കൊപ്പം വിറ്റ് കാശാക്കും എന്ന് ഭീഷണി മുഴക്കുന്ന ക്രിമിനലുകളാണ് കോഴിക്കോട്ടെ വെയ്‌സ്റ്റ് മാഫിയക്ക് ചുക്കാന്‍ പിടിക്കുന്നത്. കോര്‍പ്പറേഷന്‍ സ്ഥലവും, പോര്‍ട്ടിന്റെ സ്ഥലവും കൈയേറി ഷെഡുകള്‍ പണിതത് പലതവണ അധികൃതരെ അറിയിച്ചിട്ടും ക്രിമിനലുകളെ ഭയന്ന് ആ ഭാഗത്തേക്ക് അധികൃതര്‍ തിരിഞ്ഞു നോക്കാറില്ല”, അഡ്വ. ശ്രീജിത്ത്കുമാറിന്റെ വാക്കുകളാണിത്…
ശ്രീജിത്ത്കുമാര്‍ എടുത്ത ചിത്രങ്ങള്‍കണ്ട് ഇനി മാലിന്യം കടലില്‍ തള്ളുന്ന ക്രിമിനലുകള്‍ക്കെതിരെ ജാമ്യമില്ല കുറ്റം ചുമത്താന്‍ കലക്ടര്‍ ഇടപെട്ടു കഴിഞ്ഞു. നിത്യേനെ വിവിധ പ്രദേശങ്ങളില്‍ നിന്നായി നൂറു കണക്കിനാളുകള്‍ ആസ്വദിക്കാനെത്തുന്ന കടപ്പുറം സംരക്ഷിക്കപ്പെടുക തന്നെ വേണം. ഇത് കോഴിക്കോടിന്റെ മാത്രം കഥയാവില്ലെന്നു കൂടി ഓര്‍ക്കണം. മാലിന്യം നമ്മുടെ ജല ശ്രോതസ്സുകളിലേയ്ക്ക് തളളി വിട്ട് എളുപ്പം കൈ കഴുകുന്ന മാഫിയക്കെതിരെ ഈ പോരാട്ടത്തെ കാണണം.
കോഴിക്കോട് കടപ്പുറത്ത് തള്ളുന്ന അറവു മാലിന്യങ്ങളുടെ ദൃശ്യം പകര്‍ത്തി അവ ഉയര്‍ത്തുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ ചൂണ്ടി കാണിച്ചിരിക്കുകയാണ് അഡ്വക്കേറ്റ് ശ്രീജിത്ത് കുമാര്‍. ഡബ്ല്യൂ.എം.എഫ്. കേരളാ നോര്‍ത്ത് സോണ്‍ പ്രസിഡന്റ് കൂടിയായ ശ്രീജിത്ത് കോഴിക്കോട് പ്രീ റിക്രൂട്ട്‌മെന്റ് ട്രെയ്‌നിങ്ങ് സെന്റര്‍ നടത്തുകയാണ്.