കുടി കുറയില്ലെങ്കിലും വിലകൂടും:ഇന്നു മുതല്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റേയും ബിയറിന്റേയും വില വര്‍ദ്ധിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റേയും ബിയറിന്റേയും വില വര്‍ദ്ധിക്കും. ദേശീയപാതയോരത്തെ മദ്യശാലകള്‍ അടക്കണമെന്ന സുപ്രീംകോടതി ഉത്തരവോടെ ബെവ്‌കോയ്ക്ക് ഉണ്ടായ വലിയ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ഇപ്പോഴത്തെ നടപടി.

ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്ന ബ്രാന്‍ഡുകള്‍ക്ക് 40 മുതല്‍ 100രൂപവരെ കൂടും. സാധാരണ മദ്യത്തിന്റെ വില 10 രൂപ മുതല്‍ 40 രൂപ വരേയും, പ്രീമിയം ബ്രാന്‍ഡുകള്‍ക്ക് 30 മുതല്‍ 80 രൂപ വരെയുമാണ് വര്‍ധനയുണ്ടാകുക. നിലവിലെ വിലയുടെ അഞ്ച് ശതമാനമാണ് വര്‍ധനവ്.

ബിയറിന്റെ വിലയില്‍ 10 രൂപ മുതല്‍ 20 രൂപ വരെയാണ് വര്‍ദ്ധിക്കുക.ഒരു കെയ്‌സ് മദ്യത്തിന്റെ മൊത്ത വിതരണ ലാഭം 24 ശതമാനത്തില്‍ നിന്നു 29 ശതമാനമായി ബീവ്‌റജിസ് കോര്‍പ്പറേഷന്‍ ഉയര്‍ത്തി.

കഴിഞ്ഞമാസം മാത്രം ബവ്‌കോയുടെ നഷ്ടം 100 കോടിയിലേറെയെന്നാണ് കണക്കുകള്‍. ബവ്‌കോയുടെ ആകെയുള്ള ചില്ലറ മദ്യവില്‍പ്പനശാലകളില്‍ 90 എണ്ണം പ്രാദേശിക എതിര്‍പ്പുകള്‍ കാരണം ഇനിയും തുറക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ മാസത്തെ കണക്കെടുത്ത് പൂര്‍ത്തിയാകുമ്പോള്‍ നഷ്ടം 200 കോടികഴിയുമെന്നാണ് കണക്കുകൂട്ടല്‍. ഈ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മദ്യവിലവര്‍ദ്ധിപ്പിക്കണമെന്ന് ബവറേജസ് കോര്‍പ്പറേഷന്റെ തീരുമാനം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.

നിലവില്‍ 24ശതമാനമാണ് ഓരോ കെയ്‌സ് മദ്യവില്‍ക്കുമ്പോഴും ബവ്‌ക്കോക്ക് കമ്മീഷന്‍. ഇത് 29 ശതമാനമാക്കും. ഔട്ട്‌ലെറ്റുകളുടെ കമ്മീഷന്‍ കൂടി ചേര്‍ക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള 500നും ആയിരം രൂപക്കുമടയിലുള്ള മദ്യത്തിന് 40 മുതല്‍ 100രൂപവരെ കൂടുമെന്നാണ് കണക്ക്.