മദ്യനയം: യെച്ചൂരി വാക്ക് പാലിക്കണം ചെന്നിത്തല

തിരുവനന്തപുരം: കേരളത്തില്‍ പൂട്ടിയ ഒരൊറ്റ ബാറും തുറക്കുകയില്ലെന്നും മദ്യനയം മാറ്റില്ലെന്നും തിരഞ്ഞടുപ്പ് കാലത്ത് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നല്‍കിയ വാക്ക് പാലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്തയച്ചു. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സീതാറാം യെച്ചൂരി മദ്യനയം മാറ്റില്ലെന്ന് 2016 ഏപ്രില്‍ എട്ടിന് നല്‍കിയ ഉറപ്പ് ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ് രമേശ് ചെന്നിത്തല കത്തയച്ചത്.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി നടത്തുന്ന പ്രഖ്യാപനം പാര്‍ട്ടിയുടെ അന്തിമമായ നയമാണ്. തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പുമാണത്. തിരഞ്ഞെടുപ്പ് കാലത്ത് താങ്കള്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം അട്ടിമറിച്ച് പൂട്ടിക്കിടക്കുന്ന ബാറുകളെല്ലാം തുറക്കാനാണ് ഇപ്പോള്‍ താങ്കളുടെ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും രമേശ് ചെന്നിത്തല കത്തില്‍ പറയുന്നുണ്ട്.

പൂട്ടിക്കിടക്കുന്ന ബാറുകള്‍ തുറക്കുകയും പുതിയ ബാറുകള്‍ അനുവദിക്കുകയും ചെയ്തു കൊണ്ട് കേരളത്തില്‍ മദ്യമൊഴുക്കാനാണ് ഇടതു മുന്നണി സര്‍ക്കാരിന്റെ നീക്കം. ഇതിന്റെ മുന്നോടിയായി മദ്യശാലകള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ എന്‍.ഒ.സി വേണമെന്ന നിബന്ധന ഇടതു സര്‍ക്കാര്‍ എടുത്തു കളഞ്ഞു. ദേശീയ പാതയോരത്ത് മദ്യശാലകള്‍ പാടില്ലെന്ന സുപ്രീം കോടതി വിധിയെപ്പോലും സാങ്കേതികത്വത്തിന്റെ പേരില്‍ അട്ടിമറിച്ച് മദ്യശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കിക്കൊടുത്തു.

മദ്യവില്പന ഘട്ടം ഘട്ടമായി നിര്‍ത്താനുള്ള യു.ഡി.എഫ് സര്‍ക്കാരിന്റെ നയത്തിന് പരക്കെ സ്വീകാര്യതയാണ് കേരളത്തില്‍ ലഭിച്ചത്. സുപ്രീം കോടതി പോലും അംഗീകരിച്ചതാണ്. നിലവിലെ സാഹചര്യത്തില്‍ യെച്ചൂരി ഇടപെട്ട് സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തെ തടയണമെന്നും അത് വഴി യെച്ചൂരി സ്വന്തം വാക്ക് പാലിക്കണമെന്നും രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.