എന്താണ് ദാരിദ്ര്യം: വെറിയര്‍ എല്വിന്
ഇന്ത്യയിലെ ആദിവാസികള്‍ക്കിടയില്‍ 30 കൊല്ലത്തോളം ജീവിച്ച വെറിയര്‍ എല്വിന് ((1902 – 1964) എന്ന ബ്രിട്ടീഷുകാരന് ബോംബയിലെ റോട്ടറി ക്ലബ്ബില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടത്തിയ പ്രസംഗമുണ്ട്…
‘ദാരിദ്ര്യം നമുക്ക് ചുറ്റും ഉള്ളതുകൊണ്ട് അതെന്താണെന്ന് നമ്മള് മറന്നു പോകുന്നു. ഒരു ദിവസം ഒരു ആദിവാസി കുടുംബം കണ്ണീരോടെ എന്റെ അടുത്ത് വന്നു. അവരുടെ കുടില്‍ തീ പിടുത്തത്തില്‍ നശിച്ചു വെണ്ണീരായി. വീടുണ്ടാകാന്‍ എത്ര പൈസ വേണ്ടി വരുമെന്ന് ഞാന്‍ അവരോടു ചോദിച്ചു. ‘നാല് രൂപ’ അവര്‍ മറുപടി പറഞ്ഞു. നാല് രൂപ അല്‍ഡസ് ഹക്സിയുടെ ‘ബ്രേവ് ന്യൂ വേള്‍ഡ്’ എന്ന നോവലിന്റെ ഒരു കോപ്പിയുടെ വില. അതാണ് ദാരിദ്ര്യം..
ബസ്തറില്‍ തൂക്കി കൊല്ലാന്‍ വിധിക്കപ്പെട്ട മരിയ എന്ന കുറ്റവാളിയോട് അവസാനത്തെ ആഗ്രഹമെന്താണെന്നു ജയില്‍ അധികൃതര്‍ ചോദിച്ചു. ചപ്പാത്തിയും മീന്‍ കറിയുമെന്നായിരുന്നു മരിയയുടെ മറുപടി. ജയില്‍ അധികൃതര്‍ കൊടുത്ത ചപ്പാത്തിയും മീന്‍ കറിയും പകുതി കഴിച്ച ശേഷം ബാക്കി പൊതിഞ്ഞു കെട്ടി മരിയ തിരിച്ചു കൊടുത്തു. എന്റെ മകന് ജയിലിനു പുറത്തുണ്ട്. ഇതവന് കൊടുക്കണം. എത്രയും സ്വാദുള്ള ഭക്ഷണം അവന് ഇതുവരെ കഴിച്ചിട്ടുണ്ടാവില്ല. അതാണ് ദാരിദ്ര്യം.
കുഞ്ഞുങ്ങള്‍ ഭക്ഷണ കുറവ് മൂലം മരിച്ചു പോകുന്നതാണ് ദാരിദ്ര്യം. നിങ്ങളുടെ ഭാര്യയും അമ്മയും ജീവിതഭാരം മൂലം പൊടുന്നനെ വാര്‍ദ്ധക്യത്തിന്റെ പിടിയില്‍ അകപ്പെടുന്നതാണ് ദാരിദ്ര്യം. അഹങ്കാരിയായ ഉദ്യോഗസ്ഥനെതിനെ നിരായുധനായി നില്ക്കെണ്ടി വരുന്നതാണ് ദാരിദ്ര്യം.
നീതിയുടെ വാതിലിനു മുന്നില്‍ മണിക്കൂറോളം നില്‍ക്കേണ്ടി വന്ന ശേഷം പ്രവേശനം ലഭിക്കാതെ പോകുന്നതാണ്
ദാരിദ്രം. ദാരിദ്ര്യം പട്ടിണിയും നിരാശയും ദുഃഖവുമാണ്. അതില്‍ സുന്ദരമായി ഒന്നുമില്ല…
വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ത്യയുടെ പല ഉള്‍നാടന്‍ ഗ്രാമങ്ങളുടെ അവസ്ഥ ഇതിലും പരിതാപകരമാണ്. ഭക്ഷണത്തെക്കുറിച്ചു രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യുമ്പോള്‍ മറക്കാതെ ഓര്‍മ്മിക്കേണ്ടതും, ഉച്ചത്തില്‍ ചോദിക്കേണ്ടതുമായ ചോദ്യമുണ്ട്- ജനങ്ങള്‍ക്ക് എന്തെങ്കിലും കഴിക്കാനുണ്ടോ എന്ന്?