ഉംറ നിര്‍വ്വഹിക്കാന്‍ പോയ മലയാളി കുടുംബത്തിലെ മൂന്നുപേര്‍ അപകടത്തില്‍ മരിച്ചു
ജിദ്ദ : മക്കയിലേക്ക് ഉംറ നിര്‍വഹിക്കാന്‍ പുറപ്പെട്ട മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് മാതാവും രണ്ട് കുട്ടികളും മരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ റിയാദ് ത്വാഇഫ് ഹൈവേയില്‍ ദിലം എന്ന സ്ഥലത്തായിരുന്നു അപകടം. എറണാകുളം സ്വദേശി ശഹീന്‍ ബാബുവിന്‍റെ ഭാര്യ സബീന പാലക്കല്‍, മക്കളായ അസ്റ ഫാതിമ ,ദിയ ഫാത്തിമ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ശഹീന്‍ ബാബു താഇഫിലെ കിംങ് അബ്ദുല്‍ അസീസ് ആശുപ്രത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ശഹീന്‍ ബാബുവും കുടുംബവും സുഹൃത്തുക്കളോടൊപ്പം റിയാദില്‍ നിന്ന് മൂന്ന് വാഹനങ്ങളിലായാണ് മക്കയിലേക്ക് പുറപ്പെട്ടത്. ത്വാഇഫ് എത്താന്‍ 200 കി മീറ്റര്‍ അകലെ ഇവര്‍ സഞ്ചരിച്ച വാഹനത്തിന് പിറകില്‍ സൗദി പൗരന്‍ ഓടിച്ച കാര്‍ ഇടിക്കുകയായിരുന്നു. സബീനയും കുട്ടിയും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹങ്ങള്‍ മക്കയില്‍ തന്നെ സാംസ്ക്കരിക്കുവാനാണ് തീരുമാനം.