മന്ത്രിയാകുന്നത് തടയാന്‍ ഉഴവൂര്‍ വിജയന്‍ ശ്രമിച്ചു; ഗുരുതര ആരോപണങ്ങളുന്നയിച്ച് മന്ത്രി തോമസ് ചാണ്ടി
മന്ത്രിയാകുന്നത് വൈകിപ്പിക്കാന്‍ എന്‍.സി.പി. സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍ ശ്രമിച്ചുവെന്ന ആരോപണമുന്നയിച്ച് ഗതാഗതമന്ത്രി തോമസ് ചാണ്ടി. ഇതോടെ എന്‍.സി.പിക്ക് ഉള്ളിലെ ഭിന്നതയാണ് മറനീക്കി പുറത്തു വന്നിരിക്കുന്നത്. മുന്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ ഫോണ്‍കെണി വിവാദത്തെ തുടര്‍ന്ന് രാജിവെച്ചൊഴിഞ്ഞപ്പോള്‍ താന്‍ മന്ത്രിയാകുന്നത് വൈകിപ്പിക്കാന്‍ ഉഴവൂര്‍ വിജയന്‍ മനപ്പൂര്‍വ്വം ശ്രമം നടത്തിയെന്നാണ് ഇപ്പോള്‍ തോമസ് ചാണ്ടിയുടെ ആരോപണം.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടതുകൊണ്ടാണ് സത്യപ്രതിജ്ഞ പെട്ടെന്ന് നടത്താനായതെന്നും തോമസ് ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രി നിര്‍ദേശിച്ചതു കൊണ്ട് മാത്രമാണ് തൊട്ടടുത്ത ദിവസം സത്യപ്രതിജ്ഞ നടന്നതെന്നും മന്ത്രി ആരോപിച്ചു.
തോമസ് ചാണ്ടിയുടെ പ്രതികരണം അത്ഭുതപ്പെടുത്തിയെന്നാണ് എന്‍.സി.പി. സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്റെ പ്രതികരണം. അദ്ദേഹത്തോട് ദൈവം ക്ഷമിക്കട്ടെയെന്നും ഉഴവൂര്‍ വിജയന്‍ പറഞ്ഞു. പാര്‍ട്ടി വേദിയില്‍ ഇത്തരത്തിലൊരു ആരോപണം ഒരിക്കല്‍ പോലും ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എ.കെ. ശശീന്ദ്രനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന് രാജിവെക്കേണ്ടി വന്നപ്പോഴും അനുകൂല നിലപാടാണ് ഉഴവൂര്‍ വിജയന്‍ കൈകൊണ്ടത്. മംഗളം ചാനലിന്റെ ഫോണ്‍കെണിയാണ് വിവാദത്തിന് ആധാരമെന്ന് തിരിച്ചറിഞ്ഞതോടെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിസ്ഥാനം ഏറ്റെടുക്കണമെന്ന നിലപാടും ഉഴവൂര്‍ വിജയന്‍ കൈക്കൊണ്ടിരുന്നു.