സിപിഎമ്മിനും എന്‍സിപിക്കും തോല്‍വി: ഇവിഎം ചലഞ്ചില്‍ അന്തിമ വിജയം തെരഞ്ഞെടുപ്പു കമ്മിഷന്

വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടത്താന്‍ കഴിയുമെന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ വെല്ലുവിളിയില്‍ ഒടുവില്‍ തെരഞ്ഞെടുപ്പു കമ്മിഷനു വിജയം. ശനിയാഴ്ച രാവിലെ പത്തു മണിക്ക് നടന്ന ഇ.വി.എം. ചലഞ്ചില്‍ പങ്കെടുത്ത രണ്ടു രാഷ്ട്രീയ പാര്‍ട്ടികളും ഒടുവില്‍ വോട്ടിങ് യന്ത്രത്തിന്റെ കാര്യക്ഷമതയില്‍ വിശ്വാസം പ്രകടിപ്പിച്ചു.

സി.പി.എമ്മും എന്‍.സി.പിയുമായിരുന്നു ചലഞ്ചിനു മുന്നോട്ടു വന്നിരുന്നത്. സി.പി.എം.അംഗങ്ങള്‍ ചലഞ്ചിനെത്തി മോക്ക് പോള്‍ ആണ് നടത്തിയത്. തുടര്‍ന്ന് അവര്‍ പൂര്‍ണ്ണ തൃപ്തി പ്രകടിപ്പിച്ചു മടങ്ങി. എന്നാല്‍ ചലഞ്ചിനെത്തിയ എന്‍.സി.പി. അംഗങ്ങള്‍ വോട്ടിങ് യന്ത്രങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാനും പഠിക്കാനുമുള്ള ശ്രമങ്ങളാണ് നടത്തിയത്. ഇക്കാര്യം പിന്നീട് ഇ.വി.എം. ചലഞ്ചിനു ശേഷം മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദി പിന്നീട് മാധ്യമങ്ങളോട് വെളിപ്പെടുത്തി.

നേരത്തെ പലവിധ അവകാശവാദങ്ങളുമായി പല രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തിയെങ്കിലും ആരും തന്നെ ചലഞ്ചിനായി മുന്നോട്ടു വന്നില്ല.ഏറ്റവും കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിച്ച ആം ആദ്മി പാര്‍ടിയും വിട്ടു നിന്നു. എന്നാല്‍ ഈ ആരോപണങ്ങളിലെ കഴമ്പ് പുറത്തു കൊണ്ടു വരാനായിരുന്നു തെരെഞ്ഞെടുപ്പ് കമ്മീഷന്റെ വെല്ലുവിളി. എല്ലാ പാര്‍ട്ടികള്‍ക്കും വെല്ലുവിളി സ്വീകരിക്കാന്‍ അവസരം ലഭിച്ചു എന്നാല്‍ സി.പി.എമ്മും എന്‍.സി.പിയും മാത്രമാണ് മുന്നോട്ടു വന്നത്.

കമ്മിഷന്‍, പാര്‍ട്ടി പ്രതിനിധികള്‍, വിദഗ്ധര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ഇവിഎം ചലഞ്ച് നടന്നത്. നേരത്തെ ഉത്തര്‍ പ്രദേശ് തെരഞെടുപ്പിലുള്‍പ്പെടെ ബി.ജെ.പി. ജയിക്കാനിടയായത് വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം കാണിച്ചാണെന്ന വാദം ഉയര്‍ന്നിരുന്നു. എന്നാല്‍ യന്ത്രത്തില്‍ കൃത്രിമം കാണിക്കാന്‍ സാധിക്കുമെന്ന് ആര്‍ക്കും തന്നെ ചലഞ്ചേറ്റെടുത്ത് കാണിക്കാനായില്ല. ഇ.വി.എം. എന്നത് എവരി വോട്ട് ഫോര്‍ മോദി എന്നാണെന്ന പരാമര്‍ശം യോഗി ആദിത്യനാഥും വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.