അഡ്വ. ശ്രീജിത്ത് കുമാര്‍ പുറത്തു കൊണ്ടുവന്ന വെയ്സ്റ്റ് മാഫിയയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കളക്ടര്‍ നേരിട്ട് രംഗത്ത്
കോഴിക്കോട് കടപ്പുറത്ത് ഒഴുകി നടക്കുന്ന മാലിന്യം മാറ്റി കടപ്പുറം വെടിപ്പാക്കാന്‍ ജില്ലാ കലക്ടര്‍ യു.വി ജോസ് മുന്നിട്ടിങ്ങി. ഒപ്പം ചാക്കും സഞ്ചിയും കൈയുറകളുമായി എന്‍.സി.സി കാഡറ്റ്‌സും, എന്‍.എസ്.എസ്സ് വിദ്യാര്‍ത്ഥികളും, വേള്‍ഡ് മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തകരും, ക്ലീന്‍ ബീച്ച് പ്രവര്‍ത്തകരും സാമൂഹ്യ പ്രവര്‍ത്തകരും കൂടി ചേര്‍ന്നപ്പോള്‍ വെയസ്റ്റ് മാഫിയ കോഴിക്കോടു ബീച്ചിനു നല്‍കിയ മാലിന്യങ്ങളില്‍ കരയ്ക്കടിഞ്ഞവ പതിയെ അപ്രത്യക്ഷമാകാന്‍ തുടങ്ങി.
കോഴിക്കോട് പ്രീ റിക്രൂട്ട്മെന്റ് ട്രെയ്നിങ്ങ് സെന്റര്‍ തലവനും, വേള്‍ഡ് മലയാളി ഫെഡറേഷന്‍ (ഡബ്ല്യൂ.എം.എഫ്) കേരളാ നോര്‍ത്ത് സോണ്‍ പ്രസിഡന്റ് കൂടിയായ അഡ്വ.ശ്രീജിത്ത് താന്‍ പകര്‍ത്തിയ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ വഴി ലോകത്തിനു മുന്നില്‍ പങ്കുവെച്ചിരുന്നു. വെയ്‌സ്റ്റ് മാഫിയക്കെതിരെ ശക്തമായ പോരാട്ടം നയിക്കുന്നതിന്റെ ഭാഗമായായിരുന്നു ശ്രീജിത്തിന്റെ നടപടി.
അഡ്വ.ശ്രീജിത്ത് കുമാറിന്റെ എഫ്ബി പോസ്റ്റില്‍ നിന്ന്
‘കാഴ്ചക്കാരായി നിന്ന് ചിരിക്കുന്നവര്‍ക്കിടയില്‍ നിങ്ങളുണ്ടന്ന് ഞങ്ങള്‍ക്കറിയാം. നിങ്ങള്‍ തള്ളുന്ന മാലിന്യം കോരാനെത്തുന്ന മണ്ടന്‍മാര്‍ എന്ന് നിങ്ങള്‍ ഞങ്ങളെ പരിഹസിച്ചതും കേട്ടിട്ടുണ്ട്. നിങ്ങളെ എതിര്‍ത്തതിന് മുഖാമുഖം മുട്ടിയിട്ടുമുണ്ട്. ഇരുട്ടിന്റെ മറവില്‍ നിങ്ങളുടെ ഉപദ്രവങ്ങള്‍ അനുഭവിച്ചിട്ടുമുണ്ട്. അതിലൊന്നും പ്രയാസമില്ല, പകരം വലിയ ആത്മസംതൃപ്തിയുമുണ്ട്. ചില സാഹചര്യങ്ങള്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് അനുകൂലമായേക്കാം. പക്ഷെ ആത്യന്തികമായി വിജയം ഞങ്ങള്‍ക്ക് തന്നെയായിരിക്കും.ഈ നാടും മനസ്സും ഞങ്ങള്‍ക്കൊപ്പമുണ്ട്.കാരണം ഞങ്ങളുടെ ലക്ഷ്യം അത്രക്ക് വലുതാണ്’