എംഎല്‍എ കെ.യു അരുണന് സിപിഎമ്മിന്റെ പരസ്യ ശാസന; ആര്‍എസ്എസിന്റെ പരിപാടിയില്‍ പങ്കെടുത്തതില്‍ ജാഗ്രതക്കുറവുണ്ടായി
ആര്‍.എസ്.എസ്. സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത എം.എല്‍.എ കെ.യു അരുണന് സി.പി.എമ്മിന്റെ പരസ്യ ശാസന. ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നിര്‍ദേശം ജില്ലാ നേതൃത്വം അംഗീകരിച്ചു. പൊതു പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ ജാഗ്രത വേണമെന്ന് പാര്‍ട്ടി നിര്‍ദേശിച്ചു. പാര്‍ട്ടിക്ക് ഒരു പൊതു അച്ചടക്കമുണ്ടെന്നും അത് എല്ലാവര്‍ക്കും ബാധകമാണെന്നും സി.പി.എം. തൃശൂര്‍ ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. നടപടി സംബന്ധിച്ച് തീരുമാനമെടുക്കാന്‍ അടിയന്തിരമായി യോഗം ചേരാന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് തൃശൂര്‍ ജില്ലാ സെക്രട്ടറിയേറ്റിന് നിര്‍ദേശം നല്‍കിയിരുന്നു.
അരുണന്റെ ഭാഗത്തു നിന്നും ഗുരുതരമായ ജാഗ്രത കുറവ് ഉണ്ടായെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. തൃശൂര്‍ ഊരകത്ത് ആര്‍എഎസ്എസ് ശാഖ നടത്തിയ നോട്ടുപുസ്തക വിതരണത്തിന്റെ ഉദ്ഘാടനത്തിനാണ് എം.എല്‍.എ. പങ്കെടുത്തത്.
സംഭവം വിവാദമായതോടെ ആര്‍.എസ്.എസ.് പരിപാടിയാണെന്ന് അറിയാതെയാണ് പോയതെന്നാണ് അരുണന്‍ വിശദീകരിക്കുന്നത്. അവിചാരിതമായി ചെന്നുപെട്ടതാണ് അതില്‍ ദുഖമുണ്ടെന്നും, സി.പി.എം ബ്രാഞ്ച് സെക്രട്ടറി കിഷോറാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പ്രാദേശിക നേതാവാണ് പരിപാടിക്ക് ക്ഷണിച്ചതെന്ന് അരുണന്റെ വിശദീകരണവും പാര്‍ട്ടി പരിശോധിക്കും. പാര്‍ട്ടിയും മുഖ്യമന്ത്രിയും തന്നെ മനസിലാക്കുമെന്നും, പാര്‍ട്ടി എന്ത് നടപടി സ്വീകരിച്ചാലും സ്വീകരിക്കുമെന്നും അരുണന്‍ പറഞ്ഞിരുന്നു.