കന്നുകാലി വിജ്ഞാപനത്തില്‍ ഭേദഗതി വരുത്താന്‍ തയ്യാറായി കേന്ദ്രം
കശാപ്പ് നിയന്ത്രണവിജ്ഞാപനത്തില്‍ മാറ്റം വരുത്തുമെന്ന സൂചന നല്‍കി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഹര്‍ഷ വര്‍ദ്ധനാണ് ഇക്കാര്യത്തിലെ നിലപാട് മാറ്റത്തെക്കുറിച്ച് സൂചന നല്‍കിയത്. ബീഫ് കഴിക്കുന്നതിനോ കശാപ്പിനോ രാജ്യത്ത് നിയന്ത്രണമില്ല. ഇക്കാര്യത്തില്‍ തെറ്റിദ്ധാരണയുണ്ടായിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കും. തെറ്റിദ്ധാരണകളും ആശങ്കകളും പരിഹരിക്കാന്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞു. കശാപ്പ് നിയന്ത്രണം സംബന്ധിച്ച് ഇപ്പോള്‍ കിട്ടിയ പരാതികള്‍ പരിശോധിച്ച് ആവശ്യമെങ്കില്‍ ചട്ടങ്ങളില്‍ മാറ്റം വരുത്തും. എന്നാല്‍ ഇക്കാര്യത്തില്‍ ആസൂത്രിതമായി തെറ്റിദ്ധാരണയുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിനോ മാട്ടിറച്ചി കഴിക്കുന്നതിനോ ഒരു തരത്തിലുള്ള നിയന്ത്രണവും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ വിജ്ഞാപനത്തില്‍ മാറ്റം വരുത്തുമെന്ന് ഉറപ്പിച്ച് പറയാന്‍ മന്ത്രി തയ്യാറിയില്ല. കഴിഞ്ഞ മാസം അവസാനമാണ് കശാപ്പിന് വേണ്ടി മൃഗങ്ങളെ വില്‍ക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയത്. ഇതിന് ശേഷം വ്യാപകമായ പ്രതിഷേധമാണ് രാജ്യത്തെമ്പാടും ഉയര്‍ന്നുവന്നത്. മൃഗങ്ങളോടുള്ള ക്രൂരത തടയണമെന്ന സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് കേന്ദ്രസര്‍ക്കാര്‍ ഇങ്ങനെയൊരു വിജ്ഞാപനം പുറപ്പെടുവിച്ചത്. ഒരു മാസത്തോളമായി ഈ വിജ്ഞാപനം വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലുണ്ടായിരുന്നു.