മഹാഭാരതം കേരളത്തില്‍ മുട്ടുമടക്കി ഇനി രണ്ടാമൂഴം; മറ്റ് സംസ്ഥാനങ്ങളില്‍ മഹാഭാരതം തന്നെ ബി.ആര്‍ ഷെട്ടി ഭയക്കുന്നതാരെ…

മോഹന്‍ ലാല്‍ നായകനായി എം.ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ വി.എം. ശ്രീകുമാര്‍ മേനോന്റെ സംവിധാനത്തില്‍ മലയാളത്തില്‍ നിന്നും പിറവിയെടുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം രണ്ടാമൂഴം എന്ന പേരില്‍ തന്നെയാകും കേരളത്തില്‍ റിലീസ് ചെയ്യുക. എന്നാല്‍ മറ്റ് ഭാഷകളില്‍ ചിത്രം മഹാഭാരതം എന്ന പേരില്‍ തന്നെയാകും പുറത്തിറങ്ങുകയെന്ന് നിര്‍മ്മാതാവും പ്രമുഖ വ്യവസായിയുമായ ബി.ആര്‍. ഷെട്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

എം.ടി.യുടെ രണ്ടാമൂഴം എന്ന നോവലിനെ അധികരിച്ച് ഒരുക്കുന്ന ചിത്രത്തിന് മഹാഭാരതം എന്ന് പേരിടരുതെന്നും പേരിട്ടാല്‍ ചിത്രം റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നും ഹിന്ദു ഐക്യവേദി അധ്യക്ഷ ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ ആരുടെയും ഭീഷണി കണക്കിലെടുത്തല്ല ചിത്രത്തിന്റെ മലയാള പതിപ്പിന് രണ്ടാമൂഴം എന്ന് പേരിടുന്നതെന്ന് ഷെട്ടി പറഞ്ഞു.എന്നാല്‍ ചിത്രത്തിന്റെ പേര് രണ്ടാമൂഴം എന്നാക്കുന്നത് കേരളത്തിലെ സംഘപരിവാര്‍ സംഘടനകളുടെ ഭീഷണിക്കു വഴങ്ങിയാണെന്നതില്‍ കഴമ്പില്ലെന്നും രണ്ടാമൂഴം പരിചിതമായ പേരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൂന്നു മണിക്കൂര്‍ വീതം ദൈര്‍ഘ്യമുള്ള രണ്ട് ഭാഗങ്ങളായിട്ടായിരിക്കും ചിത്രം പുറത്തെത്തുക. 100 ദിവസത്തിനുള്ളില്‍ ചിത്രത്തിന്റെ കാസ്റ്റിങ് ആരംഭിക്കും. ചിത്രീകരണം പൂര്‍ത്തിയായാല്‍ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ച സ്ഥലം മഹാഭാരതം സിറ്റിയാക്കി വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 1000 കോടി രൂപയാണ് ചിത്രത്തിന്റെ മുതല്‍ മുടക്ക് ഇന്ത്യയിലെ പല പ്രമുഖ നടന്‍മാരും ചിത്രത്തില്‍ വേഷമിടുമെന്നും ബി.ആര്‍. ഷെട്ടി പറഞ്ഞു.

കേരളത്തില്‍ നിന്നുള്ള പിന്‍മാറ്റത്തിനു ശേഷം മറ്റ് സംസ്ഥാനങ്ങളില്‍ കൂടി സംഘപരിവാര്‍ സംഘടനകള്‍ മഹാഭാരതം എന്ന പേര് അംഗീകരിക്കില്ലെന്ന നിലപാട് സ്വീകരിക്കുന്നതോടെ ബി.ആര്‍. ഷെട്ടിയെ വീണ്ടും വാര്‍ത്താ സമ്മേളനങ്ങളുമായി കാണേണ്ടി വന്നേയ്ക്കും.

അബുദാബിയില്‍ നടന്ന വാര്‍ത്താ സമ്മേളനം