മഞ്ചാടിമണികള്‍
മൈലാഞ്ചിച്ചോപ്പിന്റെ നനുത്ത ചിത്രങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു നോമ്പ്കാലം. ഒരു മാസം നീളുന്ന പാരവശ്യത്തിന്റെയും ദാഹത്തിന്റെയും ഹൃദ്യമായ പ്രതിഫലം..കൂട്ടുകാരെല്ലാം വളഞ്ഞീന്‍[ചക്കപ്പശ] ചൂടോടെ ഉറ്റിച്ച് കയ്യിലെ ചുവന്ന പശ്ചാത്തലത്തില്‍ വെള്ളപ്പുള്ളികള്‍ നിറച്ചപ്പോള്‍ എന്റെ കയ്യില്‍ സുഖദമായ തണുപ്പുള്ള മയിലാഞ്ചി പൂക്കളും വല്ലികളും തീര്‍ത്തു . ഇന്നത്തെ ട്യൂബ് മയിലാഞ്ചിയല്ല, അമ്മിയില്‍ നിന്ന് അരച്ചെടുത്ത സുഗന്ധമുള്ള മയിലാഞ്ചി..കൂട്ടുകാരെല്ലാം അതിശയത്തോടെ കൈ പരിശോധിക്കും..”ആരാ ഇത്ര ഭംഗീല് ഇട്ടു തരണ്?” അവര്‍ ചോദിക്കും..
ബാല്യംഓര്‍മ്മകളില്‍ മാത്രം ശേഷിക്കുന്ന ഒന്നാണ്. അത് നമ്മെ കടന്നു പോകുമ്പോള്‍ നമ്മളത് തിരിച്ചറിയുന്നില്ല.ആയുസ്സിന്റെ ആകുലതകള്‍ ഇല്ലാത്ത ഒരേയൊരു കാലമാണത്. എത്ര തവണ തെന്നി വീണാലും വീണ്ടും വീഴുമെന്ന ആശങ്കയില്ലാതെ വഴുക്കും ചെളിയിലൂടെ ഓടാന്‍ കഴിയുന്ന കാലം..ആ നിര്‍ഉഭയത്വം പിന്നീടെപ്പോഴാണ് നമ്മളില്‍ നിന്ന് ചോര്‍ന്നു പോകുന്നത്?
ക്ലോക്കുകള്‍ പ്രചാരമില്ലാതിരുന്ന കാലത്ത് നകാര മുട്ട് കേട്ടാണ് ആളുകള്‍ അത്താഴത്തിന് എഴുന്നേറ്റിരുന്നതെന്ന് ഉമ്മ പറയാറുണ്ട്. രാത്രി രണ്ടു മണിക്ക് എണീറ്റാണ് ജോലിഭാരം മാത്രമുണ്ടായിരുന്ന അന്നത്തെ സ്ത്രീകള്‍ ഊതിയൂതി അടുപ്പുകളെ ജ്വലിപ്പിച്ചിരുന്നത്. ദാരിദ്ര്യം അതിന്റെ നരച്ച ഉടുപ്പുകളിട്ടു തിമര്‍ത്താടിയിരുന്ന കാലമായിരുന്നു അത്. മൂന്നു നേരം ചോറ് അധികവീട്ടിലുമില്ല. അത്താഴപ്പട്ടിണിയെ വേദനയോടെ മറന്ന് പച്ചവെള്ളം കുടിച്ച് നോമ്പ് എടുത്തിരുന്നവരും ഉണ്ടായിരുന്നു. ഇന്നാകട്ടെ സമൃദ്ധിയാല്‍ ആളുകള്‍ക്ക് അന്നത്തിന്റെ വില അറിയാതായി. ഓരോ സ്‌കൂള്‍ കൊമ്പൌണ്ടിലും കുട്ടികള്‍ കളയുന്ന ചോറ്കൂന കണ്ടാല്‍ പട്ടിണിക്കാരന്റെ കണ്ണില്‍ നിന്ന് ചോരയൂറും.
പണ്ടുകാലം നകാരം മുട്ടിയാണത്രെ മാസപ്പിറവി അറിയിച്ചിരുന്നത്. മേല്‍ഖാസീയുടെ എഴുത്ത് വേണമായിരുന്നു പ്രാദേശികപള്ളികളില്‍ നോമ്പ് ഉറപ്പിക്കാന്‍. പള്ളികളിലും അങ്ങാടികളിലും പാതിരാപ്രസംഗങ്ങള്‍ ഉണ്ടായിരുന്നു.ഞങ്ങളുടെ കുട്ടിക്കാലം ആയപ്പോഴേക്ക് റേഡിയോയിലൂടെ മാസപ്പിറവി അറിയാന്‍ തുടങ്ങി.
ശഅബാന്‍ പതിനഞ്ചു ആകുമ്പോഴേക്കും ആളുകള്‍ റംസാനെ കാത്തിരിക്കാന്‍ തുടങ്ങും. ഏറ്റവും കൂടുതല്‍ നോമ്പ് എടുത്തവര്‍ ജേതാക്കളായാണ് മദ്രസാക്ലാസ്സുകളില്‍ എഴുന്നേറ്റു നില്‍ക്കുക. വായ് കഴുകുമ്പോള്‍ ആരും കാണാതെ കുറച്ചു വെള്ളമൊക്കെ ഇറക്കും. വലുതാകുമ്പോഴാണ് അങ്ങനെയൊക്കെ ചെയ്താല്‍ നോമ്പ് മുറിയുമെന്ന ഗൌരവം വരിക..ഏത് സമ്പന്നനും വിശപ്പും ദാഹവും രുചിക്കുന്ന കാലമാണ് റംസാന്‍. കെട്ടിപ്പൂട്ടി വച്ച ധനത്തില്‍ നിന്ന് ദരിദ്രര്ക്ക് വേണ്ടി ചിലവഴിക്കാന്‍ അതവന് പ്രേരണയാകുന്നു.
പെരുന്നാള്‍ തലേന്ന് സകാത്ത് സ്വീകരിക്കാന്‍ ഒരു പാട് പേര്‍ വരുമായിരുന്നു. കൂടെ പഠിക്കുന്ന കുട്ടികളും കാണും അക്കൂട്ടത്തില്‍, മയിലാഞ്ചിക്കയ്യിനെ കവറില്‍ പൊതിഞ്ഞ് മറുകയ്യില്‍ സഞ്ചിയുമായി..കളിച്ചു നടക്കുമ്പോഴെക്കെ കിട്ടുന്ന പേരക്കയും പറങ്കിമാങ്ങയും ഒക്കെ കൂട്ടി വെക്കും .നോമ്പ് തുറന്നാലാകട്ടെ ഒന്നും വേണ്ടി വരില്ല കുറെ വെള്ളമല്ലാതെ..
കാലം നമ്മളില്‍ നിന്ന് ഓരോ പടം പൊഴിക്കുമ്പോഴും കൊല്ലങ്ങള്‍ യാത്ര പറയാതെ ഓടിയകലുമ്പോഴും എല്ലാം യാന്ത്രികമായിത്തീരുന്നു -നോമ്പ് പെരുന്നാള്‍ എല്ലാം..ഒന്നിലും ആനന്ദമില്ലാത്ത വല്ലാത്തൊരു നിര്‍മദ നമ്മെ ചുറ്റി വരിയുന്നു. കൂട്ടി വച്ച കുന്നിക്കുരുക്കളായിരുന്നു ഓര്‍മ്മകള്‍. കാലം അവയുടെ മോഹിപ്പിക്കുന്ന ചുവപ്പത്രയും കാര്‍ന്ന് ഉള്ളിലെ വിള പരിപ്പിനെ മാത്രം ബാക്കിയാക്കുന്നു. പണ്ടു പഠിച്ച ഒരു വാചകം മനസ്സ് വീണ്ടും ആവര്‍ത്തിക്കുന്നു -കോണ്ട്രാസ്റ്റ് ഈസ് ബ്യൂട്ടി..ഇരുട്ടില്‍ മാത്രം മത്താപ്പുകള്‍ ശോഭിക്കുന്നു.പട്ടിണിക്ക് ശേഷം ആഹാരം ഏറ്റം രുചിയുള്ളതാകുന്നു. നോമ്പ് തരുന്ന പാഠവും അത് തന്നെ -അന്നത്തിന്റെ വില , ഒരു തുള്ളി വെള്ളത്തിന്റെ വില ,നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന ദൈവമെകിയ ഓരോ അനുഗ്രഹത്തിന്റെയും നിസ്സീമമായ വില.