പഠന സൗകര്യങ്ങളുടെ അപര്യാപ്തത: 32 സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ രണ്ടു വര്‍ഷത്തേയ്ക്ക് പ്രവേശനം നടത്താനാകില്ല

ഡല്‍ഹി: രാജ്യത്തെ 32 സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ രണ്ടു വര്‍ഷത്തേക്ക് വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ തടഞ്ഞു.പഠന സൗകര്യങ്ങളുടെ അപര്യാപ്ത ഈ കോളജുകളില്‍ ഉണ്ടെന്ന പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തത്. എന്നാല്‍ തീരുമാനം കോളജുകളില്‍ പഠിക്കുന്ന 40,000ഓളം വരുന്ന കുട്ടികളെ ബാധിക്കില്ലെന്നും ആരോഗ്യ കുടുംബക്ഷേമ  മന്ത്രാലയം ജോയിന്റ് സെക്രട്ടറി അരുണ്‍ സിംഗാള്‍ പറഞ്ഞു. ഒരോ കോളജും സെക്യൂരിറ്റി നിക്ഷേപമായി നല്‍കിയ രണ്ടു കോടി രൂപ കണ്ടുകെട്ടാനും തീരുമാനമായി. നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് അവിടെ തുടരാം.

മെഡിക്കല്‍ ബിരുദ പഠനരംഗത്ത് ഇന്ത്യയില്‍ വിവാദങ്ങള്‍ പുകയുകയാണ്. മെഡിക്കല്‍ കോളജുകളുടെ നിലവാരം പരിശോധിക്കുന്ന മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മേല്‍ ആരോപിക്കപ്പെട്ട അഴിമതികളെ കുറിച്ച് അന്വേഷിക്കുന്നതിന് 2016 മെയില്‍ സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ലോധ അധ്യക്ഷനായി മേല്‍നോട്ട കമിറ്റി രൂപീകരിച്ചിരുന്നു. ആസമയത്ത് മെഡിക്കല്‍ ബിരുദ പഠനത്തിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് 109 പുതിയ കോളജുകള്‍ എം.സി.ഐയെ സമീപിച്ചിരുന്നു. പരിശോധന നടത്തി 17 കോളജുകള്‍ക്ക് മാത്രമാണ് എം.സി.ഐ അനുവാദം നല്‍കിയിരുന്നത്. എന്നാല്‍ മേല്‍ നോട്ട സമിതി എം.സി.ഐയുടെ തീരുമാനം പുനഃപരിശോധിച്ച് 34 കോളജുകള്‍ക്ക് കൂടി വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കിയിരുന്നു.

വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാനാവശ്യമായ എല്ലാ മാനദണ്ഡങ്ങളും പൂര്‍ത്തീകരിക്കാമെന്ന ഉറപ്പിലാണ് 34 കോളജുകള്‍ക്ക് അനുവാദം നല്‍കിയിരുന്നത്. അതിനു സാധിച്ചില്ലെങ്കില്‍ രണ്ടു വര്‍ഷത്തേക്ക് നിരോധനം ഏര്‍പ്പെടുത്തുമെന്നും സെക്യൂരിറ്റി നിക്ഷേപം പിഴയായി ഒടുക്കേണ്ടി വരുമെന്നും പാനല്‍ കോളജുകള്‍ക്ക് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.