ചിരവൈരികളുടെ പോരാട്ടത്തില്‍ ഇന്ത്യക്ക് മിന്നും ജയം

മഴ രസം കൊല്ലിയായെത്തിയ ഇന്ത്യപാക് പോരാട്ടത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ചാമ്പ്യന്‍സ് ട്രോഫിയിലെ ബി ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ പതിയെയാണ് തുടങ്ങിയത്. ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മയും തുടക്കത്തില്‍ പാക് ബൗളര്‍മാര്‍ക്ക് ആവശ്യത്തിലധികം ബഹുമാനം നല്‍കിയെങ്കിലും ഇരുവരും വൈകാതെ ഗിയര്‍ മാറ്റി.

രോഹിത് ശര്‍മ 119 പന്തില്‍ നിന്ന് 91 റണ്‍സും ശിഖര്‍ ധവാന്‍ 65 പന്തില്‍ നിന്ന് 68 റണ്‍സും നേടി. ഒന്നാം വിക്കറ്റില്‍ ഇവര്‍ നേടിയ 136 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് അടിത്തറ പാകിയത്. നിര്‍ഭാഗ്യം റണ്ണൗട്ടിന്റെ രൂപത്തില്‍ രോഹിത്തിന്റെ ഇന്നിംഗ്‌സ് സെഞ്ചുറിക്ക് 9 റണ്‍സ് അകലെവെച്ച് അവസാനിപ്പിച്ചപ്പോള്‍ ഐ പി എല്ലിലെ മോശം ഫോമില്‍ നിന്നും വിമുക്തനായ ക്യാപ്റ്റന്‍ വിരാട് കോലിയും (68 പന്തില്‍ 81 നോട്ടൗട്ട്) യുവരാജ് സിങ്ങും (32 പന്തില്‍ 53) പാക്ക് ബൗളേഴ്‌സിനെ അടിച്ചു പരത്തി. അവസാന ഓവറുകളില്‍ ഹാര്‍ദ്ദിക് പാണ്ട്യയുടെ (എട്ട് പന്തില്‍ 20 നോട്ടൗട്ട്) കൂറ്റനടികള്‍ കൂടിയായപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 48 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 319 എത്തി.

ശേഷം ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന് പലതവണ മഴനിയമപ്രകാരം വിജയലക്ഷ്യം മാറിമറിഞ്ഞു. അസ്ഹര്‍ അലിയുടെയും മുഹമ്മദ് ഹഫീസിന്റെയും ചെറുത്തുനിപ്പുകള്‍ ഒഴിച്ചാല്‍ മറ്റു ബാറ്‌സ്മാന്‍മാര്‍ ആരും കാര്യമായി സ്‌കോര്‍ ചെയ്യുന്നതില്‍ വിജയിച്ചില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തിയ ഇന്ത്യന്‍ ബൗളര്‍മാര്‍ പാക്ക് ബാറ്റിംഗ് നിരയെ അരിഞ്ഞുവീഴ്ത്തി. ഉമേഷ് യാദവ് 3 വിക്കറ്റുകളും ഹാര്‍ദ്ദിക് പാണ്ട്യ, ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും ഭുവനേശ്വര്‍ ഒരു വിക്കറ്റും വീഴ്ത്തി.

ഒടുവില്‍ ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയലക്ഷ്യം 41 ഓവറില്‍ 289 ആയി പുനര്‍നിശ്ചയിച്ചപ്പോള്‍ പാക്ക് ഇന്നിംഗ്‌സ് 33.4 ഓവറില്‍ 164ഇല്‍ ഒതുങ്ങി. ഇന്ത്യന്‍ വിജയം 124 റണ്‍സിന്. പ്രധാന അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ ഒന്നിലും പാകിസ്ഥാനോട് തോല്‍ക്കാത്ത ചരിത്രം വീണ്ടും ആവര്‍ത്തിക്കപ്പെട്ടു. യുവരാജാണ് മാന്‍ ഓഫ് ദ മാച്ച്. ഇന്ത്യയുടെ അടുത്ത മത്സരം എട്ടാം തീയതി ശ്രീലങ്കക്കെതിരെ.സ്‌കോര്‍: ഇന്ത്യ 48 ഓവറില്‍ 319, പാക്കിസ്ഥാന്‍ 33.4 ഓവറില്‍ 164