മരങ്ങള്‍ക്ക് മഹാന്മാരുടെ പേര് നല്കി ആദരിച്ചു

കൊച്ചിടപ്പാടി-കടവ് പരിസ്ഥിതി സംഘത്തിന്റെ നേതൃത്വത്തില്‍ ഇസ്കഫിന്റെയും മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച വൃക്ഷത്തൈ നടീല്‍ പഴയ തലമുറയുടെ പ്രതിനിധിയായ 94 വയസ്സുള്ള ഏ.കെ. ദേവസ്യാ അമ്മ്യാനിക്കലും പുതിയ തലമുറയുടെ പ്രതിനിധിയായ രണ്ടു വയസ്സുകാരന് അര്ജുന് ആനപ്പാറയും നിര്‍വ്വഹിക്കുന്നു. ബേബി ആനപ്പാറ, എബി ജെ. ജോസ്, പ്രൊഫ. രാജു ഡി. കൃഷ്ണപുരം, ടോണി തോട്ടം, സാംജി പഴേപറമ്പില്‍, ജോണി തെങ്ങുംപള്ളില്‍ തുടങ്ങിയവര്‍ സമീപം
പാലാ : മരങ്ങളെ മനുഷ്യരായി കണ്ട് കൊച്ചിടപ്പാടി കടവ് പരിസ്ഥിതി സംഘം സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം വേറിട്ട അനുഭവമായി. കഴിഞ്ഞ നാലുവര്‍ഷമായി ഈരാറ്റുപേട്ട ഹൈവേയില്‍ കൊച്ചിടപ്പാടി ഭാഗത്ത് കടവ് പരിസ്ഥിതി സംഘം നട്ടുപരിപാലിച്ചു വളര്‍ത്തുന്ന മരങ്ങള്‍ക്ക് മഹാന്മാരുടെ പേരുകള്‍ നല്‍കിയാണ് ഇത്തവണത്തെ പരിസ്ഥിതി ദിനാചരണം വ്യത്യസ്തമായി ആചരിച്ചത്.
മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്രബോസ്, ചന്ദ്രശേഖര്‍ ആസാദ്, ഡോ. ബി.ആര്. അംബേദ്ക്കര്‍, ഏ.പി.ജെ. അബ്ദുള്‍ കലാം, കെ.ആര്. നാരായണന്, ജവഹര്‍ലാല്‍ നെഹ്രു, രവീന്ദ്രനാഥ ടാഗോര്‍, സ്വാമി വിവേകാനന്ദന്, ഇ.എം.എസ്., കല്ലേന്‍ പൊക്കുടന്, കെ.ആര്. നാരായണന്, മാര്‍ സെബാസ്റ്റ്യന്‍ വയലില്‍, സി. അച്യുതമേനോന്, പ്രൊഫ. കെ.കെ. എബ്രാഹം തുടങ്ങിയവരുടെ പേരുകളാണ് മരങ്ങള്‍ക്ക് നല്‍കിയത്.
ചടങ്ങില്‍ പഴയ തലമുറയുടെ പ്രതിനിധിയായ 94 വയസ്സുള്ള ഏ.കെ. ദേവസ്യാ അമ്മ്യാനിക്കലും പുതിയ തലമുറയുടെ പ്രതിനിധിയായ രണ്ടു വയസ്സുകാരന് അര്ജുന് ആനപ്പാറയും ചേര്‍ന്ന് മരം നട്ട് പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന് ചെയര്മാന് എബി ജെ. ജോസ് അദ്ധ്യക്ഷത വഹിച്ചു. സംഘം പ്രസിഡന്റ് ബേബി ആനപ്പാറ, മുനിസിപ്പല്‍ കൗണ്‍സിലര്‍ ടോണി തോട്ടം, ജോണി തെങ്ങുംപള്ളി, സുരേഷ് പി.കെ.,സാംജി പഴേപറമ്പില്‍, ഏ.കെ. തോമസ് കദളിക്കാട്ടില്‍, ജോസ് മുകാല, ഇസ്കഫ് പാലാ മണ്ഡലം സെക്രട്ടറി ബിജു തോമസ്, റാണി സാംജി, അല്‍ഫോന്‍സാ കോളേജ് എന്‍.എസ്.എസ്. യൂണിറ്റ് ഭാരവാഹികളായ ജിസ്നാ ജെയിംസ്, മീരാ മാര്‍ക്കോസ്, ജീവാ സാജു എന്നിവര്‍ പ്രസംഗിച്ചു.
പി.സി. ജോര്‍ജ്ജ് എം.എല്‍.എ. ഭഗത്സിംഗ് എന്ന പേരാണ് മരത്തിന് നല്‍കിയാണ് ചടങ്ങ് അവസാനിപ്പിച്ചത്. അല്‍ഫോന്‍സാ കോളേജ് എന്‍.എസ്.എസ്. യൂണിറ്റ്, മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്, ഇസ്കഫ് തുടങ്ങിയ സംഘടനകളും ചടങ്ങില്‍ പങ്കാളികളായി.
ഔഷധമരങ്ങളായ ഞാവല്‍, ലക്ഷ്മിതരു, മുള്ളാത്ത, നാരകം, ആര്യവേപ്പ്, കണിക്കൊന്ന, ഇലഞ്ഞി, പേര, ബട്ടര്‍ഫ്രൂട്ട്, കിളി ഞാവല്‍, റംബുട്ടാന്, വിവിധഇനം മാവുകള്‍, ചാമ്പ, പനിനീര് ചാമ്പ തുടങ്ങിയ മരങ്ങള്‍ ഇവിടെ പരിപാലിച്ചു വരുന്നു.