‘പ്രകൃതിസംരക്ഷണം ഏകദിന അജണ്ടയല്ല’: ഏകദിന ഫോട്ടോ സെഷന് എന്നതിനപ്പുറത്തേക്ക്
മറ്റൊരു പരിസ്ഥിതി ദിനം കൂടി വന്നെത്തി. നമ്മള് എല്ലാ ജൂണ്‍ 5-ന് നാടൊട്ടുമുക്കും പ്രകൃതിക്കും പരിസ്ഥിതിക്കും വേണ്ടിയുള്ള കൂട്ടായ്മകള്‍ സങ്കെടിപ്പിക്കുന്നു. വിവിധ സംഘടനകളുടെയും സര്‍ക്കാരിന്റെയും ആഭിമുഖ്യത്തില്‍ നടക്കുന്ന പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. എങ്കിലും എല്ലാവരോടുമായിട്ട് ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ ഇന്ന് ജൂണ്‍ 5 -ല്‍ മാത്രം ഒതുങ്ങി നില്ക്കേണ്ടതാണോ പരിസ്ഥിതിയെ കുറിച്ച് നമുക്കുള്ള വിചാരങ്ങള്‍ അത് എല്ലാ ദിവസവും വേണ്ടേ?.
ഒരു ഭാഗത്ത് പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ തകൃതിയായി മുന്നോട്ട് പോകുന്നു. പക്ഷേ അതിലേറെ ഖേദകരമാണ് നമ്മുടെ ഭൂമി തുരന്നും മലകളിടിച്ചും കാടുകള്‍ വെട്ടി നികത്തിയും വലിയ കെട്ടിട സമുച്ചയങ്ങള്‍ പണിയുന്ന ഭൂമാഫിയകളുടെ പ്രവര്‍ത്തനം. പിന്നെ നമ്മുടെ നാട്ടില്‍ കൂടിവരുന്ന കരിങ്കല്‍, ചെങ്കല്‍ പാറക്കോറികള്‍. ഇതില്‍ എത്ര എണ്ണമാണ് ലൈസന്‍സോടുകൂടി പ്രവര്‍ത്തിക്കുന്നത് എന്ന് ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ.
കേരളത്തില്‍ അയ്യായിരത്തിന് മുകളില്‍ പാറക്കോറികള്‍ ഉണ്ട് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത് പക്ഷേ ഇതില്‍ വെറും വിരലിലെണ്ണാവുന്ന കോറികള്‍ക്ക് മാത്രമാണ് ലൈസന്‍സ് ഉള്ളത്. ബാക്കിയുള്ള കോറികളെല്ലാം അനധികൃതമായി നടത്തുന്നവയാണ്. ഇതിനൊക്കെ ഒത്താശ കൊടുക്കുന്നത് നമ്മുടെ ഭരണ വര്‍ഗ്ഗവും രാഷ്ട്രീയ പാര്‍ട്ടികളുമാണ്. ഇത് എല്ലാവര്ക്കും അറിയാവുന്ന കാര്യങ്ങള്‍ ആണ്. പക്ഷേ ആരും ഇതിനെതിരെ വാ തുറക്കില്ല കാരണം ഭൂമാഫിയകളെ എല്ലാവര്ക്കും ഭയമാണ്. അതവാ ആരെങ്കിലും എതിര്‍ത്താല്‍ അവരെ സമൂഹത്തില്‍ ഒറ്റപ്പെടുത്തി വികസന വിരോധികള്‍ എന്ന് മുദ്ര കുത്തുന്നു.
പരിസ്ഥിതി ദിനത്തില്‍ മരങ്ങള്‍ നടുന്നവരുണ്ട്. വിവിധ പാര്‍ട്ടികള്‍, നേതാക്കന്മാര്, സാമൂഹിക സാംസ്കാരിക സംഘടനകള്‍, വിവിധ ക്ലബ്ബുകള്‍, എല്ലാവരും ഇന്നൊരു ദിവസം മരങ്ങള്‍ നടന്നു. എന്നിട്ട് അതൊരു ഫോട്ടോ എടുത്തു സോഷ്യല്‍ മീഡിയ, പത്ര മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നു. പക്ഷേ ഇന്ന് (ജൂണ്‍ 5-ന്) നട്ട മരം നാളെ മുതല്‍ ആരും തിരിഞ്ഞ് നോക്കാറില്ല. സ്വഭാവം നമ്മള് മാറ്റി ചിന്തിക്കണം.
നമ്മള് ഓരോരുത്തരും നട്ട വൃക്ഷത്തൈകള്‍ സംരക്ഷിക്കാന്‍ നടപടികളുണ്ടാകണം. ഇക്കാര്യം നമ്മള് മുന്‍വര്‍ഷങ്ങളില്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ കേരളത്തില്‍ വൃക്ഷത്തൈകള്‍ക്കു വന്‍ വര്‍ദ്ധനവുണ്ടായിരുന്നു. കാരണം നമ്മുടെ കേരളത്തില്‍ വര്‍ഷാവര്‍ഷം ജൂണ്‍ 5-ന് പതിനായിരത്തോളം വൃക്ഷത്തൈകള്‍ നമ്മള് നടുന്നുണ്ട്. പക്ഷേ അതില്‍ സംരക്ഷിക്കപ്പെടുന്നത് വളരെ കുറച്ചു മരങ്ങള്‍ മാത്രം.
ഏകദിന ഫോട്ടോ സെഷന് എന്നതിനപ്പുറത്തേക്ക് നമ്മുടെ പാരിസ്ഥിതിക ബോധം മാറാത്തിടത്തോളം പ്രകൃതി സംരക്ഷണം ഒരു പാഴ്വേലയാകും.