ഖത്തറില്‍ കഴിയുന്ന മലയാളികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ നോര്‍ക്ക നടപടി: ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ സഞ്ചാരപാത മാറ്റുന്നതും പ്രതിസന്ധി വര്‍ദ്ദിപ്പിക്കുന്നു
തിരുവനന്തപുരം: ഖത്തറില്‍ രൂപപ്പെട്ട പുതിയ പ്രതിസന്ധി കണക്കിലെടുത്ത് നോര്‍ക്കയുടെ ഇടപെടല്‍. ഖത്തറില്‍ കഴിയുന്ന മലയാളികളുടെ എണ്ണം ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ നോര്‍ക്ക നടപടി തുടങ്ങിയാതായിട്ടാണ് വിവരം. ഖത്തറുമായി നയതന്ത്രം വേര്‍പെടുത്തിയ രാജ്യങ്ങളുടെ വിമാനങ്ങള്‍ സര്‍വിസ് നിര്‍ത്തിയത് മലയാളികളെ പ്രതിസന്ധിയിലാക്കി.
ഖത്തറിലെ ഇന്ത്യന്‍ എംബസിയുമായും വിവിധ മലയാളി അസോസിയേഷനുമായും നോര്‍ക്ക അധികൃതര്ല് നിരന്തരം ബന്ധപ്പെടുന്നുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമൊന്നുമില്ലെന്നാണ് ഖത്തര്‍ മലയാളികള്‍ നോര്‍ക്ക അധികൃതര്‍ക്ക് നല്കിയ വിവരം. ആറുലക്ഷം ഇന്ത്യക്കാര്‍ ഖത്തറിലുണ്ടെന്നാണ് പ്രാഥമിക കണക്ക്. ഇതില്‍ മൂന്നരലക്ഷം പേരും മലയാളികളാണ്. എന്നാല്‍, കൃത്യമായ വിവരം ശേഖരിക്കാനാണ് നോര്‍ക്കയുടെ ശ്രമം. പ്രതിസന്ധി നിരീക്ഷിക്കുന്നതായും ആവശ്യം വരുേമ്പാള്‍ വേണ്ട ഇടപെടലുകളുണ്ടാവുമെന്നും നോര്‍ക്ക അധികൃതര്‍ വ്യക്തമാക്കി.
അതിനിടെ സൗദി, യു.എ.ഇ ഉള്‍പ്പെടെ എട്ട് രാജ്യങ്ങള്‍ ഖത്തറുമായി നയതന്ത്ര ബന്ധം വിച്ഛേദിക്കുകയും ആകാശ അതിര്‍ത്തിയടക്കം അടക്കുകയും ചെയ്ത സാഹചര്യത്തില്‍ ഖത്തറില്‍ നിന്നുള്ള വിമാനങ്ങള്‍ സഞ്ചാരപാത മാറ്റുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി റിപോര്‍ട്ടുണ്ട്. തിങ്കളാഴ്ച രാത്രി 12 മണിയോടെ ജെറ്റ് എയര്‍വേസ് ഇന്ത്യയിലേക്കുള്ള തങ്ങളുടെ യാത്രാപാത മാറ്റിയതായാണ് വിവരം.