സര്‍ക്കാര്‍ കോടതി ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ചു; മദ്യശാലകള്‍ തുറക്കണമെന്ന് ഉത്തരവിട്ടിട്ടില്ല, സര്‍ക്കാരിന് കോടതിയുടെ രൂക്ഷ വിമര്‍ശനം
സര്‍ക്കാര്‍ കോടതി ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ചുവെന്നും ദേശീയ പാതയോരത്തെ മദ്യശാലകള്‍ തുറക്കാന്‍ ഉത്തരവിട്ടിട്ടില്ലെന്ന് ഹൈക്കോടതി. സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച ഹൈക്കോടതി ബാറുകള്‍ക്ക് വേണ്ടി സര്‍ക്കാര്‍ കോടതിയുടെ ചുമലില്‍ കയറി വെടിവെയ്ക്കേണ്ടെന്നും പറഞ്ഞു. മദ്യശാലകള്‍ തുറക്കണമെന്ന് ഉത്തരവിട്ടിട്ടില്ല. ദേശീയ പാതയോരമാണെങ്കില്‍ മദ്യശാലകള്‍ പൂട്ടണം. പിന്നെ എന്തിനാണ് കോടതിയുടെ ചുമലില്‍ ചാരി മദ്യശാലകള്‍ തുറന്നതെന്നും ഹൈക്കോടതി ചോദിച്ചു.
ദേശീയപാതയാണെന്ന് പൊതുമരാമത്ത് മന്ത്രിക്ക് അറിയാമായിരുന്നെങ്കില്‍ എന്തിന് മദ്യശാലകള്‍ തുറന്നെന്നും ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു. മന്ത്രിക്ക് അറിയാവുന്നത് ഉദ്യോഗസ്ഥര്‍ക്ക് അറിയില്ലേയെന്നും കോടതി ചോദിച്ചു. സര്‍ക്കാരിന് ദേശീയ പാതയെന്ന് ബോധ്യമുണ്ടായിരുന്നു. പിന്നെന്തിന് ബാര്‍ തുറന്നുവെന്നും കോടതി ഉത്തരവ് തെറ്റായി വ്യാഖ്യാനിക്കരുതെന്നും ഹൈക്കോടതി താക്കീത് നല്കി. ദേശീയ പാതയില്‍ അല്ലെങ്കില്‍ അപേക്ഷ പരിഗണിക്കാനാണ് കോടതി നിര്‍ദേശിച്ചതെന്നും അല്ലാതെ മദ്യശാലകള്‍ എല്ലാം തുറക്കാന്‍ പറഞ്ഞിട്ടില്ലെന്നും കോടതി വ്യക്തമാക്കി.