യൂക്കെ മലയാളികളുടെ നാടക സ്വപ്നങ്ങള്‍ക്ക് ഒരു ഉണര്‍ത്തു പാട്ട്, അക്ഷര തിയേറ്റേഴ്‌സ് ഗ്ലോസ്റ്റര്‍

ഗ്ലോസ്റ്റര്‍: യൂക്കെ മലയാളികളുടെ ഗൃഹാതുരത്വം നിറഞ്ഞ നാടക സ്വപ്നങ്ങള്‍ക്ക് ജീവന്‍ പകരുവാന്‍ ഗ്ലോസ്റ്ററില്‍ ‘അക്ഷര തിയേറ്റേഴ്‌സ്’ എന്ന പേരില്‍ പുതിയൊരു നാടക സമിതി തന്നെ രൂപം കൊണ്ടിരിക്കുന്നു.

ഗ്ലോസ്റ്റര്‍ മലയാളി അസോസിയേഷന്റെ ക്രിസ്റ്റല്‍ ഇയര്‍ വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ഓള്‍ യൂക്കെ നാടക മത്സര വേദിയില്‍ ആണ് അക്ഷര തിയേറ്റേഴ്‌സ് അരങ്ങേറ്റം നടത്തിയത്. ഗ്ലോസ്റ്റര്‍ മലയാളി അസോസിയേഷന്‍ ദേശീയ തലത്തില്‍ സംഘടിപ്പിച്ച ഈ നാടക മത്സരത്തില്‍ ഒന്നാം സ്ഥാനത്തോടൊപ്പം കാണികളുടെയും വിധികര്‍ത്താക്കളുടെയും മുക്തകണ്ഠപ്രശംസകളും ഏറ്റു വാങ്ങിയാണ് അക്ഷര തിയേറ്റേഴ്‌സിന്റെ കന്നി സംരംഭമായ ‘മാവോയിസ്‌റ്’ എന്ന നാടകം വേദിയിലും ആസ്വാദക മനസ്സുകളിലും നിറഞ്ഞു നിന്നത്

മലയാളി ജീവിതത്തിന്റെ രാഷ്ട്രീയ,സാമൂഹ്യ, സാംസ്‌കാരിക മേഖലകളെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചിട്ടുള്ള കലാരൂപമാണ് നാടകം. നാടകങ്ങളിലൂടെ പങ്കുവയ്ക്കപ്പെട്ട ആശയങ്ങളും സന്ദേശങ്ങളും സാധാരണക്കാരായ വലിയകൂട്ടം ജനങ്ങളുടെ മനസ്സില്‍ പരിവര്‍ത്തനത്തിന്റെ വിത്തുകള്‍ വിതയ്ക്കാന്‍ തന്നെ കാരണമായി. ഒരു കാലത്ത് കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തെ നിയന്ത്രിക്കാനും നിര്‍ണയിക്കാനും നാടകങ്ങള്‍ക്കും നാടക ഗാനങ്ങള്‍ക്കും കഴിഞ്ഞിരുന്നു. നാട്ടിന് പുറങ്ങളിലെ സാംസ്‌കാരിക ജീവിതത്തിന്റെ കണ്ണിയായി നാടകങ്ങള്‍ മാറി. നാടകത്തില്‍ കൂടി പ്രചരിപ്പിച്ചിരുന്ന ആശയങ്ങള്‍ ആദര്ശങ്ങളായി നെഞ്ചേറ്റിയ ഒരു സമൂഹം തന്നെ കേരളത്തില്‍ രൂപപ്പെട്ടിരുന്നു. ഇങ്ങനെ നാടകമെന്ന, പ്രത്യേകിച്ച് പ്രൊഫഷണല്‍ നാടകമെന്ന കലാരൂപത്തിന് നമ്മുടെ സമൂഹത്തില്‍ ചെലുത്താന്‍ കഴിഞ്ഞ സ്വാധീനം വിവരണാതീതമാണ്. സമകാലീന സാമൂഹ്യവിഷയങ്ങളും ബൈബിള്‍ കഥകളും പുരാണ ഇതിഹാസങ്ങളും അടിസ്ഥാനമാക്കി ഇറങ്ങിയ നാടകങ്ങള്‍ ഇന്നും മലയാളികള്‍ക്ക് ഒരു ആവേശമാണ്. എന്നാല്‍ യൂക്കെ പോലെയുള്ള ഒരു വിദേശ രാജ്യത്തെ പ്രവാസ ജീവിതത്തിനിടയില്‍ ഒരു നാടക സമിതി രൂപീകരിച്ച് പതിവായി നാടകങ്ങള്‍ ഇറക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ ഗ്ലോസ്റ്ററില്‍ നിന്നുള്ള ഏതാനും കലാകാരന്മാര്‍ ഈ വെല്ലുവിളി ഏറ്റെടുത്ത് പ്രവാസികളായ ഓരോ മലയാളികളുടെയും നാടക സംബന്ധമായ ഗൃഹാതുരുത്വ സ്മരണകള്‍ തൊട്ടുണര്‍ത്താന്‍ നടത്തുന്ന എളിയ പരിശ്രമത്തിന്റെ ഫലമാണ് ‘അക്ഷര തിയേറ്റേഴ്‌സ്’ എന്ന നാടക സമിതി.

ഭാഷയുടെ വാള്‍ത്തല മൂര്‍ച്ചയാല്‍ വായനക്കാരെ അമ്പരപ്പിച്ചുകൊണ്ട് മലയാളത്തിലെ പ്രശസ്ത യുവ കഥാകൃത്തുകളില്‍ തനതായ സ്ഥാനം ഉറപ്പിച്ച എസ് ഹരീഷിന്റെ 2015 ഇല്‍ പുറത്തിറങ്ങിയ ‘ആദം; എന്ന കഥാസമാഹാരത്തിലെ ‘മാവോയിസ്‌റ്’ എന്ന ശ്രദ്ധേയമായ ചെറുകഥയുടെ സ്വതന്ത്ര നാടാകാവിഷ്‌കാരമാണ് അക്ഷര തിയേറ്റേഴ്‌സ് തുടക്കക്കാര്‍ എന്ന നിലയില്‍ സമകാലീന സംഭവങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ആദ്യമായി വേദിയില്‍ പുനഃസൃഷ്ടിച്ചത്. കാണികളെ ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ, ആദ്യാവസാനം ആവേശം നിലനിറുത്തിയ നാടകാമായിരുന്നു മാവോയിസ്‌റ്.

ഒരു കശാപ്പുകടയുടെ പശ്ചാത്തലത്തില്‍ അറക്കുവാന്‍ കൊണ്ടുവന്നിരിക്കുന്ന ഒരു എരുമയുടെയും ഭാനു എന്ന് പേരുള്ള ഒരു പോത്തിന്റെയും സംഭാഷണങ്ങളിലൂടെയും അവരുടെ വികാര വിക്ഷോഭങ്ങളിലൂടെയും ആണ് ശബ്ദമില്ലാത്തവരുടെ ശബ്ദമായി ഈ നാടകം മുന്നോട്ടു നീങ്ങുന്നത്. യുക്മ കലോത്സവ വേദികളിലും, നിരവധി അവാര്‍ഡ് നിശകളിലും നര്‍ത്തകിയും ഗായികയും അഭിനേത്രിയും ഒക്കെയായി യൂക്കെ മലയാളികള്‍ക്ക് ചിരപരിചിതയായ ബിന്ദു സോമന്‍ ആണ് ഈ നാടകത്തിലെ എരുമയുടെ വേഷം അവിസ്മരണീയമാക്കിയത്. തന്റെ സ്വത സിദ്ധമായ ശൈലിയില്‍ മികച്ച കയ്യടക്കത്തോടും ശബ്ദ നിയന്ത്രണത്തോടും കൂടെ വികാര തീവ്ര ഭാവങ്ങള്‍ അവതരിപ്പിച്ച ബിന്ദു ഈ നാടകത്തിലൂടെ ആസ്വാദക മനസ്സിലെ തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചു. നാടകത്തിലെ നായകനായ ഭാനു എന്ന പോത്തായി വേദിയില്‍ എത്തിയത് ടെലിഫിലിമുകളിലും നാടകങ്ങളിലും അഭിനയിച്ചു പരിചയമുള്ള, ഗ്ലോസ്റ്റര്‍ മലയാളി അസോസിയേഷന്റെ കഴിഞ്ഞ വര്‍ഷത്തെ സെക്രട്ടറി കൂടിയായിരുന്ന എബിന്‍ ജോസ് ആണ്. നര്‍മ്മവും ശൃംഗാരവും കദനവും രോക്ഷവും ഒക്കെ അനായാസമായി, എരുമയുടെയും പോത്തിന്റെയും വേഷവിധാനത്തിലായിരുന്നെങ്കില്‍ കൂടി, കാണികളിലേക്കെത്തിക്കുവാന്‍ ഇവര്‍ക്ക് കഴിഞ്ഞു. ക്രൂരനും കാര്‍ക്കശ്യക്കാരനുമായ കാലന്‍ വര്‍ക്കി എന്ന കശാപ്പുകാരനായി വേദിയില്‍ ജീവിച്ചത് യൂക്കെ മലയാളികള്‍ക്ക് സുപരിചിതനും ഫോബ്മ സ്ഥാപക ജനറല്‍ സെക്രട്ടറിയും ആയിരുന്ന അജിമോന്‍ എടക്കര ആയിരുന്നു. കാലന്‍ വര്‍ക്കിയുടെ അത്യുജ്ജ്വല വേഷ പകര്‍ച്ച വിധി കര്‍ത്താക്കളുടെ പ്രത്യേക പരാമര്‍ശത്തിനും അര്‍ഹമായി . കാലന്‍ വര്‍ക്കിയുടെ സഹായിയായ ആന്റണി എന്ന കാഥാപാത്രത്തിനു ജീവന്‍ നല്‍കിയത് സ്വിണ്ടന്‍ സ്റ്റാര്‍സ് ആംഗവും ഇപ്പോള്‍ ഗ്ലോസ്റ്റര്‍ നിവാസിയുമായ പോള്‍സണ്‍ ജോസ് എന്ന ബഹുമുഖ പ്രതിഭ ആണ്. എരുമയുടെയും പോത്തിന്റെയും കൊമ്പും തലയും അടക്കമുള്ള വേഷങ്ങളും വേദിയിലുപയോഗിച്ച മുഴുവന്‍ പ്രോപ്പര്‍ട്ടികളും രൂപം കൊണ്ടത് പോള്‍സന്റെ കരവിരുതില്‍ ആയിരുന്നു.

കാലന്‍ വര്‍ക്കിയുടെ മകളായ റോസിയുടെ വേഷത്തില്‍ നാടകത്തിന്റെ ആദ്യ സീനില്‍ തന്നെ ആന്റണിയുടെയും കാണികളുടെയും ഹൃദയം കവര്‍ന്നത് ബിബി സ്റ്റീഫന്‍ എന്ന കോട്ടയംകാരിയാണ്.ഗ്ലോസ്റ്റര്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ സ്റ്റീഫന്‍ അലക്‌സ് ഇലവുങ്കലിന്റെ ഭാര്യയാണ് ബിബി. മാവോയിസ്‌റ് എന്ന് മുദ്രകുത്തപ്പെട്ട്, പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട, പുരോഗമന ചിന്താഗതിക്കാരനായിരുന്ന ഭാനു എന്ന ഏകമകന്റെ നീറുന്ന ഓര്‍മ്മയില്‍ ജീവിക്കുന്ന അമ്മയായി, കാണികളുടെ കണ്ണ് നനയിക്കുന്ന അഭിനയം വേദിയില്‍ കാഴ്ച വച്ചത് അറിയപ്പെടുന്ന ഗായികയും നര്‍ത്തകിയും ചിത്രകാരിയും അസോസിയേഷന്‍ വേദികളിലെ നിറസാന്നിദ്ധ്യവും ആയ റിനി റോയ് എന്ന കലാകാരിയാണ്. ഗ്ലോസ്റ്റര്‍ മലയാളി അസോസിയേഷന്‍ വീട്ടമ്മമാര്‍ക്ക് വേണ്ടി സംഘടിപ്പിച്ച സൗന്ദര്യ മത്സരത്തില്‍ ‘മലയാളി മങ്ക’ ആയി കിരീടം അണിഞ്ഞ റിനിക്കു, അകാലത്തില്‍ നഷ്ടപ്പെട്ട മകന് നല്‍കേണ്ട സ്‌നേഹം ഒരു നാല്‍ക്കാലി മൃഗത്തിന് നല്‍കുന്ന അമ്മയുടെ വേദനയും നിസ്സഹായതയും വളരെ തന്മയത്വമായി അവതരിപ്പിക്കുവാന്‍ കഴിഞ്ഞു. ഈ നാടകത്തിന്റെ പ്രധാന അണിയറ ശില്പികളില്‍ ഒരാളും മിനിക്കഥകളിലൂടെ യൂക്കെ മലയാളികള്‍ക്ക് സുപരിചിതനായ റോയ് പാനികുളത്തിന്റെ ഭാര്യയാണ് റിനി.

മകളുടെ കല്യാണത്തിന് പോത്തിറച്ചി വാങ്ങാനായി എത്തി, കഥയിലെ ഒരു പ്രധാന കഥാപാത്രമായി മാറിയ പുത്തന്‍ പണക്കാരനും അല്പം വിഷയാസക്തിക്കാരനുമായ കുര്യാച്ചന്‍ മുതലാളി ആയി സ്റ്റേജില്‍ തിളങ്ങിയത്, ഗ്ലോസ്റ്റര്‍ മലയാളി അസോസിയേഷന്റെ സ്ഥാപക അംഗവും നിരവധി തവണ അസോസിയേഷന്‍ ഭാരവാഹിയുമായിരുന്ന ബോബന്‍ ജോസ് ഇലവുങ്കല്‍ ആണ്. നോര്‍ഫോക്കില്‍ നിന്ന് അടുത്തയിടെ ഗ്ലോസ്റ്റര്‍ റോയല്‍ ഹോസ്പിറ്റലില്‍ ജോലി ലഭിച്ചു വന്ന എലിസബത്ത് മേരി എബ്രഹാം മുതലാളിയുടെ ഇഷ്ടക്കാരിയും മുട്ടകച്ചവടക്കാരിയുമായ ശാന്തമ്മ ആയി കാണികളുടെ കയ്യടി വാങ്ങിയപ്പോള്‍, ശാന്തമ്മയുടെ മകള്‍ സുമി എന്ന ന്യൂ ജെനെറേഷന്‍ കുട്ടി ആയി വേദിയില്‍ എത്തിയത്, യുക്മ കലാതിലകവും മികച്ച നര്‍ത്തകിയുമായ ബെനീറ്റ ബിനുമോന്‍ എന്ന മിടുമിടുക്കി ആണ്.

ലൈവ് ആയി ഡയലോഗ് പറഞ്ഞുള്ള തന്മയത്വമാര്‍ന്ന അഭിനയം കാണികള്‍ക്കു ഒരു നവ്യാനുഭവം ആയിരുന്നു . സാമൂഹ്യ പ്രതിബന്ധത ഉള്ള ആശയങ്ങള്‍ നാടകങ്ങളിലൂടെ ഫലപ്രദമായി കാണികളിലേക്കു എത്തിക്കുക എന്നതാണ് ഈ സമിതിയുടെ പ്രധാന ഉദ്ദേശ ലക്ഷ്യം. അവയവദാനത്തിന്റെ ആവശ്യവും അതിന്റെ മാഹാത്മ്യവും വിളിച്ചറിയിക്കുന്ന ഒരു നാടകത്തിന്റെ രചന അക്ഷര തിയേറ്റേഴ്‌സിന്റെ അണിയറ ശില്പി റോയ് പാനികുളം തുടങ്ങിക്കഴിഞ്ഞു. ഗ്ലോസ്റ്റര്‍ മലയാളി അസോസിയേഷനിലെ സജീവ അംഗങ്ങള്‍ തന്നെയാണ് ഈ നാടക സമിതിയുടെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിക്കുന്നത് . മാവോയിസ്റ് എന്ന നാടകത്തിനു വേണ്ട എല്ലാ സാങ്കേതിക സഹായ സഹകരണങ്ങളും ചെയ്തത് അസോസിയേഷന്‍ സെക്രട്ടറി മനോജ് വേണുഗോപാല്‍, ഭാര്യ രമ്യ മനോജ്, ‘ഉപഹാര്‍’ പ്രതിനിധിയും അസോസിയേഷന്‍ അംഗവുമായ ബിനു പീറ്റര്‍ എന്നിവരാണ്. യൂക്കെ മലയാള നാടക വേദിയിലെ ആചാര്യ സ്ഥാനത്തു നില്‍ക്കുന്ന മനോജ് ശിവ അടക്കമുള്ളവര്‍ അക്ഷര തിയേറ്റേഴ്‌സിന് സാങ്കേതിക സഹായവും ആശംസകളുമായി ഒപ്പമുണ്ട്. ഈ നാടകം ഏതെങ്കിലും വേദിയിലേക്ക് ബുക്ക് ചെയ്യുന്നതിനോ നാടക സമിതിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപെട്ടു കൂടുതല്‍ വിവരങ്ങള്‍ അറിയുവാനോ ആഗ്രഹിക്കുന്നവര്‍ റോയ് പാനികുളമായോ (Ph. 07828916041) അബിന്‍ ജോസുമായോ (Ph. 07506926360) ബന്ധപ്പെടുക.