മണികണ്ഠനു ആശ്വാസം; മന്ത്രിക്ക് ഫുള്‍മാര്‍ക്ക് നല്‍കി അച്ഛനും അമ്മയും
ചെറുപ്രായത്തില്‍ തന്നെ മൂക്കിന് മുകളില്‍ മാംസം വളരാന്‍ തുടങ്ങിയ മണികണ്ഠനു ഇനി ആശ്വസിക്കാം. വളര്‍ച്ചയ്ക്കനുസരിച്ച് മൂക്കിന്റെ ദശയും വളര്‍ന്നുകൊണ്ടിരുന്നതോടെ വിദ്യാഭ്യാസം നടത്താനും പൊതുസമൂഹവുമായി ഇടപെടാനും കഴിയാത്ത അവസ്ഥയിലായിരുന്നു. പാലക്കാട് ജില്ലയിലെ പറമ്പിക്കുളം, തേക്കടി അല്ലിമൂപ്പന്‍ കോളനിയിലെ മണികണ്ഠന്‍. എന്നാല്‍ ചികിത്സാ സഹായാഭ്യര്‍ഥനയുമായി വകുപ്പ് മന്ത്രിക്കു മുന്നിലെത്തിയ മണികണ്ഠന്റെ കുടുംബാംഗങ്ങള്‍ ഫയല്‍ കാണിച്ചതോടെ സഹായം അനുവദിക്കുകയായിരുന്നെന്ന് മന്ത്രി എ.കെ. ബാലന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
രോഗം മൂലം ദുരിതത്തിലായിരുന്ന 13 വയസുകാരന്‍ ഇപ്പോള്‍ സാധാരണ ജിവിതത്തിലേക്ക് തിരികെ വരികയാണെന്ന് മണികണ്ഠനെ ചികിത്സിക്കുന്ന അമൃത ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നു.രാമാത്താള്‍, ശെല്‍വന്‍ ദമ്പതികളുടെ മകനായ മണികണ്ഠന്‍ ‘Facial Encephalocele with Seizure Disorder’ എന്ന അപൂര്‍വ രോഗം പിടിപെട്ട് ചികിത്സയിലായിരുന്നു.
ചികിത്സയ്ക്കായി പട്ടികവര്‍ഗ്ഗ വകുപ്പ് 2.55 ലക്ഷം രൂപ അനുവദിച്ചു. മണികണ്ഠന്റെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചുവെന്നും മണികണ്ഠന് ഒരാഴ്ച കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിപ്പോകാന്‍ സാധിക്കുമെന്നും ഡോ. സുഹാസ് ഉദയകുമാരന്‍ പറഞ്ഞു.
‘ഞങ്ങളുടെ മകന്‍ അനുഭവിച്ച ദുരവസ്ഥയ്ക്ക് ഒരു ശാപമോക്ഷം ലഭിച്ചതില്‍ ഞങ്ങള്‍ അതീവ സന്തുഷ്ടരാണ്’ എന്ന മണികണ്ഠന്റെ മാതാപിതാക്കളുടെ വാക്കുകള്‍ ഈ സര്‍ക്കാരിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണെന്നും ആരും തിരിഞ്ഞു നോക്കാതെ കിടന്ന മണികണ്ഠന് അത്താണിയാവാന്‍ സാധിച്ചതിലുള്ള സന്തോഷം പങ്കുവെക്കുന്നതായും മന്ത്രി തന്റെ എഫ്ബിയില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണ രൂപത്തില്‍