സ്ഥീരീകരണവുമായി കേരള കോണ്‍ഗ്രസ് എം ; മുഖ്യമന്ത്രിയാകാന്‍ മാണിയെ എല്‍ഡിഎഫ് ക്ഷണിച്ചിരുന്നുവെന്ന് കേരള കോണ്‍ഗ്രസ് മുഖപത്രത്തിലൂടെ വെളിപ്പെടുത്തല്‍
കെ.എം. മാണിയെ മുഖ്യമന്ത്രിയാകാന്‍ എല്‍.ഡി.എഫ്. ക്ഷണിച്ചിരുന്നുവെന്ന കാര്യം സ്ഥിരീകരിച്ച് കേരള കോണ്‍ഗ്രസ് എമ്മിന്റെ മുഖപത്രമായ പ്രതിച്ഛായ. ചില നേതാക്കള്‍ മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നതായി മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു. നേരത്തെ മന്ത്രി ജി. സുധാകരന്‍ ഇക്കാര്യം പ്രസംഗത്തില്‍ സൂചിപ്പിക്കുകയും വിവാദമാകുകയും ചെയ്തിരുന്നു. മന്ത്രി സുധാകരന്റെ പരാമര്‍ശം ദുരുദ്ദേശ്യത്തോടു കൂടിയാണെന്ന് ശത്രുക്കള്‍ പോലും കരുതുന്നുണ്ടാവില്ലെന്നും അത് കെ.എം മാണിയുടെ രാഷ്ട്രീയ സത്യസന്ധതയ്ക്ക് ലഭിച്ച ഉത്തമ സാക്ഷ്യപത്രമാണെന്നും മുഖപ്രസംഗത്തില്‍ കേരള കോണ്‍ഗ്രസ് വിശദീകരിക്കുന്നു.നേതാക്കള്‍ക്കിടയില്‍ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച ചര്‍ച്ച നടന്നിരുന്നു.മുഖ്യമന്ത്രി സ്ഥാനമെന്ന പ്രലോഭനമുണ്ടായിട്ടും ചെറുത്തുനിന്ന് യു.ഡി.എഫിനെ രക്ഷിച്ചു. മുഖ്യമന്ത്രി പദം നിരസിച്ചതിനുളള സമ്മാനമായിരുന്നു ബാര്‍ കോഴ വിവാദം.
എല്‍.ഡി.എഫ്. നടത്തിയ സമരങ്ങള്‍ പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്ത നിര്‍വഹണം മാത്രമാണെന്നും പറയുന്ന മുഖപ്രസംഗത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമുണ്ട്. മാണിയെ വീഴ്ത്താന്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ ആഗ്രഹിച്ചു. എന്നിട്ട് മാണിക്ക് മുന്നില്‍ അഭിനയിച്ച് ബാര്‍കോഴക്കേസില്‍പ്പെടുത്തുകയായിരുന്നു.
ജോസ് കെ. മാണിയെ കേന്ദ്രമന്ത്രിയാക്കാതിരുന്നത് രാഷ്ട്രീയ വഞ്ചനയെന്നും കെ.എം. മാണിയുടെ നെഞ്ചില്‍ കുത്തിയ രാഷ്ട്രീയ ബ്രൂട്ടസുമാര്‍ക്ക് മാപ്പില്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നുണ്ട്. അതേസമയം കേരള കോണ്‍ഗ്രസിന്റെ അവകാശവാദങ്ങളെ എല്‍.ഡി.എഫ.് കണ്‍വീനര്‍ വൈക്കം വിശ്വന്‍ രംഗത്തെത്തി.