പ്രസവാവധിക്ക് അപേക്ഷിച്ച പ്രൊഫസറെ പുറത്താക്കി കൊല്ലം TKM-IT കോളേജ്

കൊല്ലം എഴുകോണിലുള്ള TKM-IT കോളേജ് സിവില്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ആയ ആശാ രാജിനെയാണ് കോളേജില്‍ നിന്നും പുറത്താക്കിയത്. അടിമാലി സ്വദേശിയാണ് ആശാ രാജ്.
തന്റെ ഫേസ് ബുക്കിലൂടെയാണ് ഈ വിവരം ആശ അറിയിക്കുന്നത്. ‘TKI തലവനൊരു തുറന്ന കത്ത്’ എന്ന തലക്കെട്ടോടെയാണ് തന്റെ അനുഭവം വെളിപ്പെടിത്തിയത്. പ്രസവാവധിക്ക് അപേക്ഷിച്ച ആശക്ക് പ്രിന്‍സിപ്പാള്‍ നല്‍കിയത് പുറത്താക്കല്‍ നോട്ടീസ്, പുറത്താക്കുന്നതിന് നോട്ടീസ് കാലാവധിയോ വ്യക്തമായ കാരണങ്ങളോ ഒന്നും തന്നെ നല്‍കിയിട്ടുമില്ല.

തങ്ങള്‍ കുഞ്ഞു മുസലിയാര്‍ ട്രസ്റ്റിന്റെ കീഴിലുള്ള കോളേജ് ആണ് TKM ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി. സമാന അനുഭവങ്ങള്‍ ഇതിനു മുന്‍പും പല അധ്യാപകര്‍ക്കും ഉണ്ടായിട്ടുണ്ടെന്നും, ഉന്നത സ്വാധീനമുള്ളവര്‍ക്ക് മാത്രമേ കോളേജില്‍ അഡ്മിഷനോ ജോലിയോ ലഭിക്കാറുള്ളുവെന്നും അല്ലാത്തവര്‍ക്കാണ് ഇത്തരം അനുഭങ്ങള്‍ ഉണ്ടാകുന്നതെന്നുമാണ് പറയപ്പെടുന്നതും ആശയുടെ പോസ്റ്റിലെ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നതും.
ഇതിനെ തുടര്‍ന്ന് പ്രിസിപ്പാളിനെതിരെയും മാനേജുമെന്റിനെതിരെയും നവമാധ്യമങ്ങളില്‍ വ്യാപകമായി പ്രതിഷേധസ്വരങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. ഇതിനെ തുടര്‍ന്ന് പ്രിസിപ്പാളിനെതിരെയും മാനേജുമെന്റിനെതിരെയും നവമാധ്യമങ്ങളില്‍ വ്യാപകമായി പ്രതിഷേധസ്വരങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു.

ആശാ രാജ് ജൂണ്‍ 1 ന് തന്റെ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തത് ഇങ്ങനെ:
‘TKI തലവനൊരു തുറന്ന കത്ത്.’
Sir,
ഒരു സ്ഥാപനത്തില്‍നിന്നും ജീവനക്കാരനോട് പിരിഞ്ഞു പോവാന്‍ ആവശ്യപ്പെടുമ്പോള്‍ അത് എന്ത് കാരണം കൊണ്ട് എന്നറിയാനുള്ള അവകാശം അവര്‍ക്കില്ലേ സര്‍.. ?! അതെല്ലങ്കില്‍ അവര്‍ക്ക് ഒരു നോട്ടീസ് പീരീഡ് കൊടുത്തു വിടുന്നതല്ലേ ശെരിയായ രീതി?.

ഗര്‍ഭിണിയായ ഒരാളെ മറ്റേര്‍ണിറ്റി ലീവിനു തൊട്ടുമുമ്പ് പറഞ്ഞുവിടുക, ഗര്‍ഭിണിയാണെന്ന് അറിയുമ്പോള്‍ പിരിഞ്ഞുപോകാന്‍ ആവശ്യപ്പെടുക! എന്താണ് സര്‍ ഇതെല്ലാം?!, ഒരു വിദ്യാഭാസ സ്ഥാപനത്തില്‍ ഇങ്ങനെയെല്ലാം നടക്കുന്നു എന്നു പറയുമ്പോള്‍, വിദ്യാഭ്യാസം നേടിയെന്നും അതു നല്‍കുന്നു എന്നും അവകാശപെടുന്നതിന് എന്തര്‍ത്ഥമാണുള്ളത്??!

അര്‍ഹതയുള്ളവരെ മാറ്റിനിര്‍ത്തി ആരെയെങ്കിലും ഏതെങ്കിലും സ്ഥാനത്തു പ്രതിഷ്ഠിച്ചാല്‍ അവര്‍ എന്നും താങ്കള്‍ക്ക് വിശ്വസ്തനായ അടിമയായിരിക്കാം.., പക്ഷെ അതാണോ ശെരിയായ രീതി??. താങ്കളുടെ കയ്യിലെ ചട്ടുകമായവരെ മുന്നില്‍നിര്‍ത്തി ആര്‍കെങ്കിലും എതിരെ കാര്യ കാരണങ്ങള്‍ കണ്ടെത്താന്‍ ശ്രമം നടത്തുമ്പോള്‍ എല്ലാവര്‍ക്കും തുല്ല്യ നീതി എന്ന ധാര്‍മികത ഉറപ്പുവരുത്താനുള്ള ബാധ്യത താങ്കള്‍ക്കില്ലേ.??

ഏതെങ്കിലും കുലത്തിലോ, ആരുടെയെങ്കിലും മക്കളായോ അബദ്ധത്തില്‍ പിറന്നുവീഴുന്നതാകരുത് ഒരു സ്ഥാനം അലങ്കരിക്കാനും അതു നിലനിര്‍ത്താനും വേണ്ടിയുള്ള യോഗ്യതയും, മാനദണ്ഡവും.

താങ്കളുടെ ഇത്തരം ചെയ്തികള്‍ കൊണ്ട് കളങ്കപ്പെടുന്നത് വിദ്യാഭ്യാസ രംഗത്ത് മഹത്തായ പാരമ്പര്യമുള്ള ഒരു പ്രസ്ഥാനത്തിന്റെ പേരാണെന്ന തിരിച്ചറിവുണ്ടാകണം.

‘സ്വാധീനം ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും വെവ്വേറെ നീതി ഹൃദയഭേദകമാണ് സര്‍ ‘
ഇതുപോലൊരു കുറിപ്പെഴുതാന്‍ ഒരവസരം ഇനി ആര്‍ക്കും ഉണ്ടാകരുതേ എന്ന പ്രാര്‍ത്ഥനയോടെ നിര്‍ത്തുന്നു.’

സംഭവത്തിനെതിരെ ചില യുവജന വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതികരിച്ചുവെങ്കില്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുകയോ പരിഹാര നടപടികളോ ഇതുവരെ ഉണ്ടായിട്ടില്ലത്രേ.