യെച്ചൂരിക്ക് നേരെ കയ്യേറ്റ ശ്രമം; എകെജി ഭവനില്‍ കയറിയാണ് യെച്ചുരിയെ ആക്രമിച്ചത്, പിന്നില്‍ ആര്‍എസ്എസ് എന്ന് സിപിഎം

സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ കയ്യേറ്റ ശ്രമം. ഡല്‍ഹി എ.കെ.ജി. ഭവനില്‍ കയറിയാണ് യെച്ചുരിയെ ആക്രമിച്ചത്. ആക്രമണത്തിന് പിന്നില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകരെന്ന് സി.പി.എം. ആരോപിച്ചു. രണ്ടു ഹിന്ദുസേനാ പ്രവര്‍ത്തകരാണ് യെച്ചൂരിയെ ആക്രമിച്ചത്. എ.കെ.ജി. ഭവനില്‍ അകത്ത് കയറിയുള്ള ആക്രമണത്തില്‍ യെച്ചൂരി താഴെ വീണു. നാല് ഹിന്ദുസേനാ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ആര്‍.എസ്.എസ്. അനുകൂല മുദ്രാവാക്യങ്ങള്‍ വിളിച്ചാണ് പ്രവര്‍ത്തകര്‍ എ.കെ.ജി. ഭവനിലേക്ക് ഇരച്ചുകയറിയത്. പോളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണാനായി എത്തിയപ്പോഴാണ് ഭാരതീയ ഹിന്ദുസേനാ പ്രവര്‍ത്തകര്‍ യെച്ചൂരിക്കെതിരെ ആക്രമണം അഴിച്ചു വിട്ടത്.