75 പവന്‍ സ്വര്‍ണ്ണം നല്‍കി; കണക്കുകള്‍ പാര്‍ട്ടിക്ക് നല്‍കിയിട്ടുണ്ടെന്നും ഗീതാഗോപി എംഎല്‍എ

ഗീതാഗോപി എം.എല്‍.എയുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളില്‍ പുതിയ വെളിപ്പെടുത്തല്‍. 75 പവന്‍ സ്വര്‍ണ്ണമാണ് താന്‍ മകള്‍ക്ക് നല്‍കിയതെന്നും കണക്കുകള്‍ പാര്‍ട്ടിക്ക് നല്‍കിയിട്ടുണ്ടെന്നും ഗീതാ ഗോപി പറഞ്ഞു. സാധാരണ നിലയിലാണ് വിവാഹം നടത്തിയത്. 50 പവന്‍ ഞങ്ങള്‍ നല്‍കിയതാണെന്നും ബാക്കി 25 പവന്‍ ബന്ധുക്കള്‍ നല്‍കിയതാണെന്നും അവര്‍ പറഞ്ഞു.

എന്നാല്‍ എം.എല്‍.എയ്ക്ക് പിന്തുണയുമായി എം.പി. സി.എന്‍. ജയദേവന്‍. പരിപ്പുവടയുടേയും കട്ടന്‍ ചായയുടേയും കാലമൊക്കെ കഴിഞ്ഞെന്നാണ് തൃശൂര്‍ എം.പി. സി.എന്‍. ജയദേവന്‍ നാട്ടിക എം.എല്‍.എയെ പിന്തുണച്ച് പറഞ്ഞത്. വിവാഹത്തിന് വാങ്ങിയ സ്വര്‍ണം അണിയാതെ പിന്നെ മാറ്റിവെയ്ക്കാന്‍ പറ്റുമോയെന്നാണ് സി.പി.ഐയുടെ എം.പിയുടെ ചോദ്യം. ആര്‍ഭാട വിവാഹത്തെ കുറിച്ചു ചോദിച്ചപ്പോള്‍ നിയന്ത്രണമാകാമെന്നായിരുന്നു തൃശൂര്‍ എം.പിയുടെ മറുപടി.

സാമൂഹിക മാധ്യമങ്ങളിലും പാര്‍ട്ടിക്കകത്തും ആര്‍ഭാട വിവാഹം വിവാദമായതിനെ തുടര്‍ന്ന് സി.പി.ഐ. സംസ്ഥാന കമ്മിറ്റി വിശദീകരണം തേടിയിട്ടുണ്ട്. പാര്‍ട്ടി ജില്ലാ കമ്മിറ്റിയോട് ഇക്കാര്യത്തില്‍ വിശദീകരണം തേടി റിപ്പോര്‍ട്ട് നല്‍കാനാണ് സംസ്ഥാന കമ്മിറ്റി നിര്‍ദേശം.

95,000 രൂപയോളം വാടകയുളള ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഓഡിറ്റോറിയത്തിലായിരുന്നു തിങ്കളാഴ്ച ഗീതാഗോപിയുടെ മകള്‍ ശില്‍പ്പയുടെ വിവാഹം നടന്നത്.ദേവസ്വം ഓഡിറ്റോറിയത്തില്‍ സസ്യേതര ഭക്ഷണം വിളമ്പാന്‍ കഴിയാത്തത് മൂലം തലേന്നാള്‍ മറ്റൊരു ആഡംബര ഓഡിറ്റോറിയത്തിലും വിരുന്ന് നടന്നിരുന്നു. ഈ വിരുന്ന് സല്‍ക്കാരവും വിവാദമായിട്ടുണ്ട്. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും നിരവധി നേതാക്കള്‍ വിവാഹചടങ്ങില്‍ പങ്കെടുത്തിരുന്നു. അതേസമയം തന്റെ മകളുടേത് സാധാരണ വിവാഹം പോലെത്തന്നെയാണ് നടത്തിയതെന്നാണ് ഗീതാഗോപി വ്യക്തമാക്കിയത്.