റിയല്‍ എസ്റ്റേറ്റില്‍ പണം മുടക്കുന്ന പ്രവാസികള്‍ വായിക്കുവാന്‍
നാടും വീടും വിട്ട് അന്യരാജ്യങ്ങളില്‍ പോയി കഷ്ടപ്പെടുന്ന പ്രവാസികളുടെ ഭാവിയിലേയ്ക്കുള്ള പ്രധാന നിക്ഷേപങ്ങളിലൊന്നാണ് റിയല്‍ എസ്റ്റേറ്റ്. മുന്‍കാലങ്ങളില്‍ സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രാമായി സ്ഥലങ്ങളും മറ്റും വാങ്ങിയിരുന്ന പ്രവാസികള്‍ ഇപ്പോള്‍ ഭാവിയിലേയ്ക്കുള്ള പ്രധാന വരുമാനവും വരും തലമുറയുടെ സുരക്ഷിതത്വവും കണക്കുകൂട്ടിയാണ് ഇപ്പോള്‍ റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തെ കാണുന്നത്. സര്‍ക്കാരിന്റെ പുതിയ നയങ്ങളായ റിയല്‍ എസ്റ്റേറ്റ് റെഗുലേഷന്‍ ആക്ട് (ആര്‍.ഇ.ആര്‍.എ), ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് ടാക്‌സ് (ജി.എസ്.ടി), ബിനാമി ട്രാന്‍സാക്ഷന്‍ ആക്ട് തുടങ്ങിയവ റിയല്‍ എസ്റ്റേറ്റ് രംഗത്തുള്ള പ്രവാസി നിക്ഷേപകര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം പകരുന്നുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
റിയല്‍ എസ്റ്റേറ്റ് (റെഗുലേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ്) നിയമം നടപ്പാക്കുന്നതോടെ റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ വില കുറയുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. എന്നാല്‍ റിയല്‍ എസ്റ്റേറ്റ് റെഗുലേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് ആക്ട് നടപ്പാക്കുമ്പോള്‍ അനിയന്ത്രിതമായ റിയല്‍ എസ്റ്റേറ്റ് മാര്‍ക്കറ്റില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉണ്ടാകും എന്നതാണ് സത്യം. അതേസമയം ഉപഭോക്താക്കള്‍ക്ക് ഗുണം ചെയ്യുന്ന ഒന്നാണ് ഇത് . റിയല്‍ എസ്റ്റേറ്റ് പ്രോജക്റ്റുകള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി കൈമാറുന്നതില്‍ സംഭവിക്കുന്ന കാലതാമസം ഒഴിവാക്കാനും ഇത് സഹായകമാകും. റിയല്‍ എസ്റ്റേറ്റ് റെഗുലേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് നിയമത്തിന്റെ (റെറ) വകുപ്പുകള്‍ ലംഘിക്കുന്ന തരത്തിലുള്ള ചട്ടങ്ങള്‍ കൊണ്ടുവരരുതെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
റെറ നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ തകര്‍ക്കുംവിധം പ്രവര്‍ത്തിച്ചാല്‍ നിയമപരമായ വെല്ലുവിളി നേരിടേണ്ടി വരുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ബിനാമി ഇടപാടുകള്‍ നിരോധിക്കുന്നതിനുള്ള ഫലപ്രദമായ നിയമമാണ് ബിനാമി ട്രാന്‍സാക്ഷന്‍സ് (നിരോധന) നിയമം. ബിനാമി ട്രാന്‍സാക്ഷന്‍സ് (നിരോധന) ഭേദഗതി നിയമം നവംബര്‍ ഒന്നിനാണ് നിലവില്‍ വന്നത്. ഏഴ് വര്‍ഷം തടവും പിഴയുമാണ് ശിക്ഷ. കൂടാതെ വസ്തു കണ്ടുകെട്ടുകയും ചെയ്യും.