കെ സുരേന്ദ്രന്‍ നിയമസഭയിലേക്കെത്തുമോ?… മഞ്ചേശ്വരത്ത് മരിച്ചവരും വോട്ടുചെയ്‌തെന്ന് റിട്ടേണിങ് ഓഫിസറുടെ മൊഴി

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് മരിച്ചവരും വോട്ടുചെയ്‌തെന്ന് റിട്ടേണിങ് ഓഫിസറുടെ മൊഴി. കൂടാതെ മൊഴികളെ സാധുകരിക്കാവുന്ന മറ്റ് തെളിവുകള്‍ ബി.ജെ.പി. നേതാവ് കെ.സുരേന്ദ്രന്‍ ഹൈക്കോടതിക്ക് മുന്‍പാകെ ഹാജരാക്കി. നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ വോട്ടിങ്ങില്‍ ക്രമക്കേടുകള്‍ നടന്നെന്ന് കാണിച്ച് നല്‍കിയ ഹര്‍ജിയിലാണ് തുടര്‍ നടപടികള്‍.

മരിച്ചവരുടെയും സ്ഥലത്തില്ലാത്തവരുടെയും പേരില്‍ കളളവോട്ടുകള്‍ നടന്നെന്ന് ആരോപിച്ചുളള വിശദാംശങ്ങളും സുരേന്ദ്രന്‍ കോടതിയില്‍ ഹാജരാക്കി.2015ല്‍ മരിച്ച മഞ്ചേശ്വരം പഞ്ചായത്തിലെ ഉദ്യോവര്‍ സ്വദേശി യു.എ. മുഹമ്മദ് 2016 മേയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ ഒമ്പതാം നമ്പര്‍ ബൂത്തില്‍ വോട്ടു രേഖപ്പെടുത്തിയെന്ന് റിട്ടേണിങ് ഓഫിസറായ പി.എച്ച് സിനാജുദ്ദീന്‍ നേരിട്ടെത്തി മൊഴി നല്‍കിയതോടെ മണ്ഡലത്തിലെ വോട്ടര്‍മാരെ വിളിച്ചുവരുത്തി വീശദീകരണം തേടാന്‍ കോടതി തീരുമാനിക്കുകയായിരുന്നു.

മണ്ഡലത്തില്‍ 259 പേര്‍ കളളവോട്ട് ചെയ്‌തെന്ന് സുരേന്ദ്രന്‍ നേരത്തെ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ക്ക് സമന്‍സ് അയക്കാനും വിചാരണക്കായി കോടതിയില്‍ എത്താനും നിര്‍ദേശിച്ചിരുന്നു. സുരേന്ദ്രന്റെ ആരോപണങ്ങള്‍ പൂര്‍ണമായും ശരിയാണെന്ന് തെളിയിക്കപ്പെട്ടാല്‍ മുസ്ലിം ലീഗ് അംഗം അബ്ദുള്‍ റസാഖിന്റെ തെരഞ്ഞെടുപ്പ് കോടതി റദ്ദാക്കാനോ,  ഉപതെരെഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കാനോ സാധ്യതയുണ്ട്. 89 വോട്ടുകള്‍ക്കായിരുന്നു സുരേന്ദ്രന്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ പരാജയപ്പെട്ടത്.

പരാതിയെ തുടര്‍ന്ന് പത്തു പേര്‍ക്ക് കോടതി സമന്‍സ് അയച്ചിരുന്നു. രണ്ടുപേര്‍ ഇന്നലെ ഹാജരാകുകയും വോട്ട് ചെയ്തിട്ടില്ല എന്നറിയിക്കുകയും ചെയ്തു. ഭീഷണി മൂലം നാലുപേര്‍ക്ക് സമന്‍സ് എത്തിക്കാന്‍ സാധിച്ചില്ലെന്നും ഉദ്യോഗസ്ഥന്‍ കോടതിയെ അറിയിച്ചു. ഇവര്‍ക്ക് സമന്‍സ് എത്തിക്കാന്‍ പൊലീസ് സഹായം നല്‍കാന്‍ കോടതി നിര്‍ദേശിച്ചു.