സിപിഎം കോഴിക്കോട് ജില്ലാക്കമ്മിറ്റി ഓഫീസിലേക്ക് ബോംബേറ്; ജില്ലാ സെക്രട്ടറി രക്ഷപ്പെട്ടത് തലനാരിഴക്ക്, ജില്ലയില്‍ ഹര്‍ത്താല്‍

സി.പി.എം. കോഴിക്കോട് ജില്ലാക്കമ്മിറ്റി ഓഫീസിലേക്ക് ബോംബെറിഞ്ഞു. ജില്ലാ സെക്രട്ടറി പി. മോഹന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.വെള്ളിയാഴ്ച്ച പുലര്‍ച്ചേ ഒരുമണിയോടെ ആയിരുന്നു സംഭവം. ഓഫീസിനു നേരെ സ്റ്റീല്‍ ബോംബെറിയുകയായിരുന്നു. ഈ സമയം ഓഫീസിലുണ്ടായിരുന്ന പാര്‍ട്ടി പ്രവര്‍ത്തകന്‍ സുര്‍ജിത്തിന് സ്‌ഫോടനത്തില്‍ പരുക്കേറ്റു.

ജില്ലാ സെക്രട്ടറി പി. മോഹനന്‍ രാത്രി ഫറോക്ക് ഏരിയക്കമ്മറ്റി ഓഫീസിനു നേരെ ആക്രണം നടന്നിടത്ത് സന്ദര്‍ശനം നടത്തി തിരിച്ചു വരികയായിരുന്നു. യാത്ര കഴിഞ്ഞെത്തി ഓഫീസിലേക്ക് കയറുന്ന സമയത്തായിരുന്നു ബോംബേറ്. രണ്ട് ബോംബുകളായിരുന്നു എറിഞ്ഞത്. പൊട്ടാതെ കിടന്ന ഒരു ബോംബ് പിന്നീട് പൊലീസ് കണ്ടെത്തുകയായിരുന്നു. ആക്രമണത്തില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ്. ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

ബോംബേറില്‍ നിന്ന് തലനാരിഴ്ക്കാണ് താന്‍ രക്ഷപ്പെട്ടതെന്ന് പി. മോഹനന്‍ പറഞ്ഞു. ബോംബെറിഞ്ഞ ശേഷം ഓഫീസീന് പിന്നിലേക്ക് ആറു പേര്‍ ഓടി രക്ഷപ്പെട്ടതായും മോഹനന്‍ കൂട്ടിച്ചേര്‍ത്തു. നഗരമധ്യത്തില്‍ വയനാട് റോഡില്‍ ക്രിസ്ത്യന്‍ കോളെജിന് സമീപത്താണ് സി.പി.എം. ജില്ലാക്കമ്മിറ്റി ഓഫീസ്.

വടകര ആര്‍എസ്എസ് കാര്യാലയത്തിന് നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് അഞ്ച് നിയോജകമണ്ഡലങ്ങളില്‍ സംഘപരിവാര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.