തലശേരി ഫസല്‍ വധം: നിര്‍ണായക വെളിപ്പെടുത്തലുകള്‍ അടങ്ങിയ വീഡിയോ പുറത്ത് (വീഡിയോ)
തലശ്ശേരി ഫസല്‍ വധക്കേസില്‍ നിര്‍ണ്ണായക വെളിപ്പെടുത്തല്‍. ഫസലിനെ കൊലപ്പെടുത്തിയത് ആര്‍.എസ്.എസ്. പ്രവര്‍ത്തകരാണെന്ന് ചെമ്പ്ര സ്വദേശി സുബീഷാണ് പൊലീസിന് കുറ്റസമ്മത മൊഴി നല്‍കിയിരിക്കുന്നത്.തലശേരി ഫസല്‍ വധക്കേസിലെ നിര്‍ണായക വെളിപ്പെടുത്തലുകള്‍ അടങ്ങിയ ഓഡിയോ, വിഡിയോ സിഡികള്‍ കോടതിയില്‍ സമര്‍പ്പിച്ചു. ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ സുബീഷിന്റെ മൊഴിയുടെ ദൃശ്യങ്ങളാണ് കോടതിയില്‍ ഫസലിന്റെ സഹോദരന്‍ സത്താര്‍ ഇന്ന് സമര്‍പ്പിച്ചത്.
താനടക്കം നാല് പേര്‍ ചേര്‍ന്നാണ് ഫസലിനെ കൊലപ്പെടുത്തിയതെന്നാണ് സുബീഷ് പോലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. കൊടിമരവും ബോര്‍ഡും സ്ഥിരമായി നശിപ്പിച്ചതിലുള്ള വിരോധമായിരുന്നു കൊലയ്ക്ക് കാരണം. കൃത്യം നടത്തി പിറ്റേന്ന് രാവിലെ ആര്‍.എസ്.എസ്. കാര്യാലയത്തിലെത്തി അവിടെ വിവരം അറിയിച്ചിരുന്നുവെന്നും സുബീഷ് പറയുന്നു.
ഷിനോജ്, പ്രമീഷ്, പ്രഭീഷ് എന്നിവരും കൊലയില്‍ പങ്കാളികളായിട്ടുണ്ടെന്നും അദ്ദേഹം പൊലീസിനോട് പറഞ്ഞു. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കാരായി രാജന്‍, സുബീഷിന്റെ മൊഴി സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ചു.സി.പി.എം നേതാക്കളായ കാരായി ചന്ദ്രനും കാരായി രാജനും പ്രതിചേര്‍ക്കപ്പെട്ടിരുന്നെങ്കിലും ഫസല്‍ വധക്കേസില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന നിലപാടാണ് നേരത്തെ തന്നെ സി.പി.എം സ്വീകരിച്ചിരുന്നത്. ഇത് ശരിവെയ്ക്കുന്ന മൊഴിയാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ പൊലീസിന് നല്‍കിയിരിക്കുന്നത്.
മാഹി ചെമ്പ്ര സ്വദേശിയായ കുപ്പി സുബീഷ് എന്നറിയപ്പെടുന്ന സുബീഷ് നല്‍കിയ കുറ്റസമ്മത മൊഴിയാണ് ഇന്ന് സി.ബി.ഐ കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്. മറ്റൊരു കേസില്‍ പെട്ട് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സുബീഷ് അറസ്റ്റിലായി. ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തപ്പോഴാണ് ഫസല്‍ കേസിന് പിന്നിലും തങ്ങളാണെന്ന മൊഴി നല്‍കിയത്.