യേശുക്രിസ്തുവിനെ പിശാച് ആക്കി ഗുജറാത്ത് പാഠപുസ്തകം
ക്രൈസ്തവ വിശ്വാസികളുടെ ആരാധനാമൂര്‍ത്തിയായ യേശുക്രിസ്തുവിനെ പിശാച്ചാക്കി ഗുജറാത്ത് പാഠപുസ്തകം. ഒന്‍പതാം ക്ലാസിലെ ഹിന്ദി പുസ്തകത്തിലാണ് പ്രകോപനപരമായ പരാമര്‍ശം ഉള്‍പ്പെട്ടിരിക്കുന്നത്. ഒന്‍പതാം ക്ലാസിലെ ഇന്ത്യന്‍ സംസ്‌കാരവുമായി ബന്ധപ്പെട്ടുള്ള ഗുരുശിഷ്യ ബന്ധത്തെക്കുറിച്ചുള്ള പാഠഭാഗത്താണ് വിവാദപരാമര്‍ശം.ക്രിസ്തുവിനെ പിശാചായ യേശു എന്നാണു വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാല്‍ പരാമര്‍ശം അച്ചടിപിശകാണെന്ന വാദവുമായി വിദ്യാഭ്യാസമന്ത്രി രംഗത്തെത്തി .പക്ഷെ അതിനുതൊട്ടുമുന്‍പുള്ള വരിയില്‍ ഭഗവാന്‍ രാമകൃഷ്ണന്‍ എന്ന് വ്യക്തമായി അച്ചടിച്ചിട്ടുമുണ്ട്. അതുകൊണ്ട് തന്നെ കരുതിക്കൂട്ടി വരുത്തിയ പിശകാണ് എന്നാണു വിശ്വാസികള്‍ പറയുന്നത്. അതുമല്ല ഒരുമാസം മുന്‍പേ തെറ്റുചൂണ്ടിക്കാട്ടിയിട്ടും, തെറ്റുതിരുത്താന്‍ വിദ്യാഭ്യാസ വകുപ്പ് തയ്യാറായില്ലെന്ന് ഗുജറാത്തിലെ ക്രിസ്തീയസഭാ പ്രതിനിധികള്‍ പറയുന്നു. സംഭവം വിവാദമായതോടെ സംസ്ഥാന സര്‍ക്കാരിനെതിരെയും വിദ്യാഭ്യാസവകുപ്പിനെതിരെയും പ്രതിഷേധം ശക്തമായിട്ടുണ്ട്. എന്നാല്‍, അച്ചടിപിശക് മാത്രമാണിതെന്നും, വിവാദത്തിന് അടിസ്ഥാനമില്ലെന്നും ഗുജറാത്ത് വിദ്യാഭ്യാസമന്ത്രി ഭൂപേന്ദ്രസിങ് പറഞ്ഞു. പുതിയ പാഠപുസ്തകം വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.