ചെളിക്കുളമായി പാരത്തോട് വട്ടടി റോഡ്

എടത്വാ: കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെ സാമ്പത്തിക സഹായത്താല്‍ പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതി പ്രകാരം നിര്‍മ്മാണത്തിലിരിക്കുന്ന തലവടി പഞ്ചായത്തിലെ പാരേത്തോട് വട്ടടി റോഡാണ് ചെളിക്കുളമായത്.

2014 ഡിസംബര്‍ 6ന് നിര്‍മാണ ഉദ്ഘാടന നടത്തിയ ഒന്നര കി.മി. ദൈര്‍ഘൃമുളള ഈ റോഡിന്റെ നിര്‍മ്മാണത്തിന് ഉള്ള അടങ്കല്‍ തുക ഒരു കോടി അറുപത് ലക്ഷത്തി ഇരുപത്തി ഏഴായിരം രൂപയും നിര്‍മ്മാണ കാലവധി ഒരു വര്‍ഷവും ആയിരുന്നു. ഉത്തര വാദിത്വ കാലയളവ് 5 വര്‍ഷം ആണ്. 2015 ഡിസംബര്‍ 4ന് നിര്‍മാണം പൂര്‍ത്തികരിക്കേണ്ട ഈ റോഡിന്റെ അവസ്ഥ ശോചനീയമാണ്. കാല്‍നടയാത്രക്കാര്‍ക്ക് പോലും സഞ്ചരിക്കുവാന്‍ പറ്റാത്ത നിലയിലാണ്.

സ്‌കൂള്‍ തുറന്നതോടു കൂടി ഇതുവഴിയുള്ള യാത്ര ദുസഹമായിരിക്കുകയാണ്. തലവടി തെക്ക് , തോട്ടടി ,വട്ടടി എന്നീ ഭാഗങ്ങളിലുള്ളവര്‍ എടത്വാ ടൗണില്‍ എത്തുന്നത് ഈ റോഡിലൂടെയാണ്. വിദ്യാര്‍ത്ഥികള്‍ തെന്നി വീഴുന്നത് പതിവ് സംഭവമാണ്.

നിര്‍മ്മാണം പൂര്‍ത്തിയായില്ലെങ്കിലും റോഡിന്റെ പൂര്‍ണ്ണ വിവരങ്ങളും എല്ലാം രേഖപെടുത്തിയ ബോര്‍ഡ് സ്ഥാപിച്ചത് ഏവര്‍ക്കം കൗതുകം ആകുന്നു.

പ്രധാന ജലസ്രോതസ് ആയ മണിമല – ആരീത്തോടിനെ ബന്ധിപ്പിക്കുന്ന പാരേത്തോട് വട്ടടി തോടിന്റെ പകുതി ഭാഗത്തോളം നികത്തിയാണ് റോഡ് നിര്‍മ്പിച്ചത്. ഇപ്പോള്‍ റോഡും തോടും ഇല്ലാത്ത അവസ്ഥ ആണെന്ന് നാട്ടുകാര്‍ പരിതപിക്കുന്നു.

ഇതിനോടകം നാട്ടുകാരുടെ നേതൃത്വത്തില്‍ ഒപ്പു ശേഖരണം നടത്തി പ്രധാന മന്ത്രിയുടെ ഓഫീസിലേക്ക് അയച്ചിട്ടുണ്ട്. അടിയന്തിര ഇടപെടല്‍ നടത്തി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പി.എം.ജി.എസ്.വൈ എക്‌സിക്യൂട്ടീവ് എഞ്ചിനിയറുടെ കാര്യലയത്തിലേക്ക ജനകീയ ജാഗ്രത സമിതി ചെയര്‍മാന്‍ ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള കത്ത് അയച്ചിട്ടുണ്ട്.

റോഡിന്റെ ബലത്തിന് വേണ്ടി കരാറുകാരന്‍ സംരക്ഷണ ഭിത്തി കെട്ടിയ വകയില്‍ ഇനിയും തുക അദ്ദേഹത്തിന് കിട്ടാനുണ്ട്. സംരക്ഷണ ഭിത്തിയുടെ നിര്‍മാണം എസ്റ്റിമേറ്റില്‍ ഇല്ലാത്തത് കൊണ്ട ആ ചെലവ് അംഗികരിക്കുവാന്‍ പറ്റില്ല എന്നാണ് അധികൃതരുടെ വാദം.

ശക്തമായ സമരപരിപാടികളിലൂടെ റോഡ് സഞ്ചാര യോഗ്യമാക്കുവാനുളള ശ്രമത്തിലാണ് നാട്ടുകാര്‍.