നിലപാട് കടുപ്പിച്ച് യു.എ.ഇ; ഖത്തറിലേക്കുള്ള വ്യോമമാര്‍ഗം അടച്ചു, ഇന്ത്യക്കാര്‍ക്ക് സുരക്ഷാഭീഷണി ഇല്ലെന്ന് എംബസി
ഖത്തറിനെതിരെ ഉപരോധമേര്‍പ്പെടുത്തിയ അറബ് രാജ്യങ്ങള്‍ നടപടി കടുപ്പിക്കുന്നു. യു.എ.ഇ. ഖത്തറിലേക്കുള്ള വ്യോമമാര്‍ഗം പൂര്‍ണമായും അടച്ചു. ഖത്തറിലെ വിമാനങ്ങള്‍ക്ക് പുറമേ മറ്റ് രാജ്യങ്ങളുടെ വിമാനങ്ങളും യു.എ.ഇ. വ്യോമ മേഖല വഴി ഖത്തറിലേക്ക് കടത്തിവിടില്ലെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാല്‍ ഒരു ഉപരോധത്തിലും തളരില്ലെന്നും തലകുനിക്കില്ലെന്നുമുള്ള ഖത്തറിന്റെ നിലപാടിന് തൊട്ടു പിന്നാലെയാണ് വ്യോമഗതാഗതത്തിന് വിലക്കേര്‍പ്പെടുത്തി യു.എ.ഇ. കടുത്ത നടപടികളിലേക്ക് കടന്നത്.
തീവ്രവാദത്തേയും ഭീകരവാദത്തേയും പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ചാണ് ഖത്തറിന് സൗദി അറേബ്യയും, യുഎഇയും, ബഹ്‌റിനും, ഈജിപ്തും എത്തിയത്. എന്നാല്‍ ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും നീതീകരിക്കാനാവാത്തതുമാണെന്ന് ഖത്തര്‍ തിരിച്ചടിച്ചിരുന്നു.
യു.എ.ഇയുടെ വ്യോമമാര്‍ഗം അടയ്ക്കല്‍ ഇന്ത്യന്‍ വിമാനങ്ങളേയും ബാധിക്കും. ദോഹയിലേക്കുള്ള വിമാനങ്ങള്‍ ഇനി ഇറാന്‍ അതിര്‍ത്തി വഴി സഞ്ചരിക്കേണ്ടി വരും. ഖത്തറിലെ ഇന്ത്യക്കാര്‍ക്ക് സുരക്ഷാഭീഷണി ഇല്ലെന്ന് ഇന്ത്യന്‍ എംബസി വ്യക്തമാക്കിയിട്ടുണ്ട്.