റമദാനില്‍ പുണ്യം പകര്‍ന്ന് വേള്‍ഡ് മലയാളി ഫെഡറേഷന്‍
റിയാദ്: പുണ്യമാസത്തില്‍ നന്മയുടെ വെളിച്ചം പകര്‍ന്ന് സൗദിയിലെ വേള്‍ഡ് മലയാളി ഫെഡറേഷന്‍. റമദാനും പൊതുമാപ്പുമായി ബന്ധപ്പെട്ട് സൗദി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയിലെ അംഗങ്ങള്‍ നേതൃത്വം നല്‍കിയ സത്പ്രവൃത്തികള്‍ ഏറെ ശ്രദ്ധേയമായി.
കഴിഞ്ഞ ദിവസം ഒരു രാത്രിയില്‍ രണ്ടു സുഹൃത്തുക്കളുടെ എക്‌സിറ്റുമായി ബന്ധപ്പെട്ട് മുഹമ്മദ് കായംകുളവും സ്റ്റാന്‍ലി ജോസും തര്‍ഹീലിന്റ പരിസരത്തു എത്തിയിരുന്നു. അവിടെ കണ്ട കാഴ്ച്ചകള്‍ അവര്‍ ഫെഡറേഷന്‍ അംഗങ്ങളോട് വിവരിച്ചത് നൗഷാദ് ആലുവ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്‍പത് ഡിഗ്രി പൊരിവെയിലത്ത് റമദാനിലെ നോമ്പ് അനുഷ്ഠിച്ചു കൊണ്ട് സൗദി അറേബ്യ പ്രഖ്യാപിച്ച പൊതു മാപ്പ് അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വര്‍ഷങ്ങളോളമായി പ്രവാസ ജീവിതത്തിലെ ഊരാകുടിക്കില്‍ പെട്ട് ഉറ്റവരെയും ഉടയവരെയും കാണുന്നതിന് വേണ്ടി രാവിലെ അഞ്ചു മുതല്‍ രാത്രി ഒരു മണിവരെ നീളുന്ന ക്യൂവിനെക്കുറിച്ചും, അവിടെ അവര്‍ അനുഭവിക്കുന്ന ദുരിതങ്ങളും നൗഷാദ് വിവരിച്ചത് ഹൃദയഭേദകമായിരുന്നു.
സംഭവം ശ്രദ്ധയില്‍പ്പെട്ട ഫെഡറേഷന്‍ അംഗങ്ങള്‍ വ്യത്യസ്തമായി ചിന്തിച്ചു. അവശ്യ സ്ഥലങ്ങളിലും അനാവശ്യ ഇടങ്ങളിലും ഇഫ്താര്‍ സംഗമങ്ങള്‍ നടത്തി ഭക്ഷണം ആഡംബരമാക്കുമ്പോള്‍ എന്തുകൊണ്ട് അതില്‍ നിന്നും കുറച്ചു ഭക്ഷണം അര്‍ഹതപ്പെട്ടവര്‍ക്ക് എത്തിച്ചുകൊടുത്തുക്കൂടാ എന്നൊരു ചിന്ത അംഗങ്ങള്‍ പങ്കുവച്ചു.
കനത്ത ചൂടിനെ പോലും വക വയ്ക്കാതെ പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വഹിക്കാനോ, മഗ്രിബ് ബാങ്കിന് ശേഷം ഒരു തുള്ളി വെള്ളം വാങ്ങി കുടിക്കാന്‍ പോലും പറ്റാത്ത അവസ്ഥയില്‍ ക്യൂവിലെ സ്ഥാനം നഷ്ട്ടപ്പെടുമെന്ന ഭയത്താല്‍ വിശപ്പും ദാഹവും സഹിച്ചു പട്ടിണി കിടന്ന് ഫൈനല്‍ എക്‌സിറ്റടിച്ചു വാങ്ങാന്‍ നില്‍ക്കുന്നവരെ കണ്ടില്ലന്നു നടിക്കാന്‍ പറ്റാത്തതായിരുന്നു ഈ ചേതോവികാരത്തിന്റെ പിന്നില്‍. തുടര്‍ന്ന് വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ മലാസിലെ തര്‍ഹീലില്‍ ഇഫ്താര്‍ കിറ്റ് വിതരണം ചെയ്തു.
കിറ്റ് വിതരണം നോര്‍ക്ക കണ്‍സള്‍ട്ടന്റ് ശിഹാബ് കൊട്ടുകാടിന്റെ നേതൃത്വത്തില്‍ ഫെഡറേഷന്‍ പ്രവര്‍ത്തകരായ സ്റ്റാന്‍ലി ജോസ്, നാസര്‍ ലൈസ്, ബഷീര്‍ കോതമംഗലം, മുഹമ്മദലി മരോട്ടിക്കല്‍, സാബു ഫിലിപ്, അലി ആലുവ, മുഹമ്മദ് കായം കുളം,സലാം പെരുമ്പാവൂര്‍, മുഹമ്മദലി ആലുവ, ഹാരിസ് ബാബു, ഇക്ബാല്‍ കോഴിക്കോട്, നൗഷാദ് ആലുവ, ജ്യോതിഷ് ജോയി, ജോസ് , ജോസഫൈന്‍, അംശാദ് തുടങ്ങുയവര്‍ നിര്‍വ്വഹിച്ചു. തുടര്‍ന്നുവരുന്ന ദിവസങ്ങളിലും പുണ്യ കര്‍മ്മം തുടരനാണ് തീരുമാനമെന്ന് റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സ്റ്റാന്‍ലി ജോസ് പറഞ്ഞു.
സൗദി ഭരണ കൂടം പ്രഖ്യാപിച്ച പൊതു മാപ്പ് അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഫൈനല്‍ എക്‌സിറ്റ് അടിക്കാനുള്ള വിവിധ രാജ്യങ്ങളിലെ പൗരന്മാരുടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടുകൊണ്ടുരിക്കുന്നത്. പലര്‍ക്കും വേണ്ട വിധം ഭക്ഷണമോ വെള്ളമോ ലഭിക്കുന്നില്ല. എങ്കിലും പ്രവാസ ജീവിതത്തിലെ നിയമ കുരുക്കില്‍പ്പെട്ട ഇവര്‍ക്ക് നാടണയാനുള്ള ലക്ഷ്യമാണ് എല്ലാത്തിനും മേലെ.