അമിത്ഷാ അപമാനിച്ചത് രാഷ്ട്രത്തെ: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ലോകം ആദരിക്കുന്ന മഹാത്മജിയെ അധിക്ഷേപിച്ച ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത്ഷാ മാപ്പര്‍ഹിക്കാത്ത തെറ്റാണ് ചെയ്തിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

രാഷ്ട്രപിതാവിനെ അപമാനിക്കുക വഴി രാഷ്ട്രത്തെ തന്നെയാണ് അമിത്ഷാ അപമാനിച്ചിരിക്കുന്നത്. അമിത്ഷായുടെ ഉള്ളില്‍ കട്ടപിടിച്ചു കിടക്കുന്ന ഇരുളാണ് അദ്ദേഹത്തിന്റെ വാക്കുകളിലൂടെ പുറത്ത് വരുന്നത്. ഗാന്ധിവധത്തില്‍ പങ്കില്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞു കൈകഴുകാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ ശക്തികളുടെ തനിനിറമാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്.

ജനങ്ങളെ വംശീയമായി തമ്മിലടിപ്പിക്കുന്ന ശക്തികള്‍ക്ക് എല്ലാ വിഭാഗം ജനങ്ങളെയും ഇന്ത്യന്‍ ദേശീയതയുടെ സുവര്‍ണ്ണ നൂലില്‍ കോര്‍ത്തിണക്കിയ ഗാന്ധിജിയുടെ മഹത്വവും ഔന്നത്യവുമൊന്നും ഒരിക്കലും മനസ്സിലാവുകയില്ല. അമിത്ഷായുടെ വാക്കുകളെ ഇന്ത്യാക്കാര്‍ പുഛിച്ചു തള്ളുകയാണ് ചെയ്യുന്നത്. മഹാത്മജിക്കെതിരെ അധിക്ഷേപം ചൊരിഞ്ഞ അമിഷായുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.