ഗര്‍ഭസ്ഥ ശിശുക്കളുടെ ജീവന്‍ സംരക്ഷിക്കുന്നതിന് ട്രംപ് ഭരണകൂടം പ്രതിജ്ഞാബദ്ധം: മൈക്ക് പെന്‍സ്

വാഷിംഗ്ടണ്‍ ഡിസി: മതസ്വാതന്ത്ര്യം നിലനിര്‍ത്തുന്നതിനും ഗര്‍ഭസ്ഥ ശിശുക്കളുടെ ജീവന്‍ സംരക്ഷിക്കുന്നതിനും ട്രംപ് ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്. പതിമൂന്നാമത് നാഷണല്‍ കാത്തലിക് പ്രയര്‍ കോണ്‍ഫറന്‍സില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ജൂണ്‍ ആറിന് വാഷിംഗ്ടണ്‍ ഡിസിയില്‍ രാജ്യത്തിനുവേണ്ടി പ്രാര്‍ഥിക്കുന്നിനും വൈസ് പ്രസിഡന്റിന്റെ പ്രസംഗം ശ്രവിക്കുന്നതിനുമായി ആയിരക്കണക്കിന് സഭാവിശ്വാസികളാണ് ഒത്തുചേര്‍ന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന ്രൈകസ്തവ സമൂഹത്തിന് ആശാ സങ്കേതമായിരിക്കുകയാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് എന്ന് മൈക്ക് പെന്‍സ് അഭിപ്രായപ്പെട്ടു.

ഗര്‍ഭസ്ഥ ശിശുക്കളുടെ ജീവന്‍ സംരക്ഷിക്കുന്നതിനുള്ള നിയമനിര്‍മാണം നടത്തുന്നതിന് ട്രംപ് ഭരണകൂടം ശക്തമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്നും വൈസ് പ്രസിഡന്റ് വെളിപ്പെടുത്തി.

ഐറിഷ് കാത്തലിക് കുടുംബത്തിലെ ആറ് മക്കളില്‍ ഒരുവനായ പെന്‍സ് എട്ടു വര്‍ഷം വിദ്യാഭ്യാസം നടത്തിയത് കത്തോലിക്ക വിദ്യാലയത്തിലായിരുന്നു. ഇതിനിടയില്‍ അള്‍ത്താര ബാലനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.