കൂടെ കിടന്നാല്‍ മാത്രമേ പാട്ട് പാടാന്‍ അവസരം കിട്ടൂ എന്ന് വരുമ്പോള്‍ നമുക്ക് വേണ്ടത് തീരുമാനിക്കാം, ഗായിക രശ്മി സതീഷ് (വീഡിയോ)

കാസ്റ്റിങ് കൗച്ച് സിനിമയില്‍ മാത്രമല്ല, സംഗീത മേഖലയിലുമുണ്ട്; എന്റെ കൈയില്‍ നിന്ന് തല്ലുവാങ്ങിയ സംഗീത സംവിധായകരൊക്കെ മലയാള സിനിമയില്‍ ഉണ്ടെന്നും, പാട്ടിലുമുണ്ട് കറുപ്പും വെളുപ്പുമെന്നു ഗായിക രശ്മി സതീഷ്. സിനിമയില്‍ മാത്രമല്ല, സംഗീത മേഖലയിലും ഈ പരിപാടി നടക്കുന്നുണ്ടെന്നും തനിക്ക് നേരിട്ട് അനുഭവമുണ്ടെന്നും ഗായികയും ആക്ടിവിസ്റ്റുമായ രശ്മി സതീഷ് പറയുന്നു.

കൂടെ കിടന്നാല്‍ മാത്രമേ പാട്ട് പാടാന്‍ അവസരം കിട്ടൂ എന്ന് വരുമ്പോള്‍ നമുക്ക് വേണ്ടത് തീരുമാനിക്കാം. ഇഷ്ടമുള്ളവര്‍ അങ്ങനെയാവട്ടെ, ഇഷ്ടമില്ലാത്തവരെ വിട്ടേക്കൂ എന്നാണ് എനിക്ക് പറയാനുള്ളത്. അതൊക്കെ അവരവരുടെ ചോയ്സ് ആണ്.

സുഹൃത്തുക്കള്‍ക്കും ഇതുപോലുള്ള അനുഭവം ഉണ്ടായിട്ടുണ്ടെന്ന് അറിയുന്നത് എല്ലാവരും കൂടെ ഇരുന്ന് സംസാരിക്കുമ്പോഴാണ്. ചിലപ്പോള്‍ ഒരേ വ്യക്തിയില്‍ നിന്ന് രണ്ടുപേര്‍ക്കും സമാന അനുഭവം ഉണ്ടായേക്കാം. ഇതുവരെ അപകടം പിടിച്ച രീതിയില്‍ ആരും വീണുപോയിട്ടില്ലെന്നാണ് എനിക്ക് തോന്നുന്നത്.

സ്വയം കൈകാര്യം ചെയ്യാന്‍ പറ്റിയ സന്ദര്‍ഭങ്ങളാണ് എനിക്ക് ഉണ്ടായിട്ടൂ. ഈ സമയത്ത് തൊലി വെളുപ്പാണോ കറുപ്പാണോ എന്ന പ്രശ്നമൊന്നും അവര്‍ക്കില്ല. സ്റ്റേജില്‍ കയറുമ്പോള്‍ മാത്രമാണ് പ്രശ്നങ്ങള്‍. പാട്ടിലുമുണ്ട് കറുപ്പും വെളുപ്പും. അവാര്‍ഡ് നിശകളിലും സ്റ്റേജ് ഷോയ്ക്കും കാണാന്‍ കൊള്ളാവുന്നവരെയേ പാട്ട് പാടിപ്പിക്കൂ. അവാര്‍ഡ് നിശകളുടെ അളവുകോലില്‍ ഞാനില്ല.

ഓപ്പണ്‍ ആയി സംസാരിക്കുകയും ഫ്രീയായി പെരുമാറുകയും ചെയ്യുന്നവരോട് ഇത്തരം വിലപേശല്‍ നടക്കുമെന്ന് ചിലര്‍ക്ക് ധാരണയുണ്ട്. അതുകൊണ്ടാണ് അത്തരം ആളുകളോട് ഈ രീതിയില്‍ പെരുമാറുന്നത് എന്ന് തോന്നിയിട്ടുണ്ട്. പക്ഷേ അങ്ങനെയല്ല എന്ന് അവര്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ഇത്തരം സന്ദര്‍ഭങ്ങളില്‍ ഞാന്‍ പ്രതികരിക്കുന്നത് സാഹചര്യം അനുസരിച്ചാണ്. നമ്മള്‍ എവിടെയാണ് നില്‍ക്കുന്നത്, ആ വ്യക്തി നമ്മളേക്കാള്‍ ബലവാനാണോ, പ്രതികരിച്ചാല്‍ നമ്മള്‍ അവിടെ കുടുങ്ങിപോകുമോ എന്ന് നോക്കിവേണം പ്രതികരിക്കാന്‍. എന്റെ കൈയില്‍ നിന്ന് തല്ലുവാങ്ങിയ സംഗീത സംവിധായകരൊക്കെ മലയാള സിനിമയില്‍ ഉണ്ട്. രശ്മി പറയുന്നു.