നടിയെ ആക്രമിച്ച സംഭവം വീണ്ടും വാര്‍ത്തകളില്‍ ; പുതിയ വെളിപ്പെടുത്തലുകളുമായി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍

കൊച്ചിയില്‍ പ്രമുഖ സിനിമാ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുകളുമായി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍. രാഷ്ട്രദീപികയും മറ്റു ചില മാധ്യമങ്ങളുമാണ് കേസില്‍ മലയാള സിനിമയിലെ ഒരു പ്രമുഖ നടനെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് വാര്‍ത്ത‍ നല്‍കിയിരിക്കുന്നത്. നടിയെ ആക്രമിച്ച സംഘത്തിലെ പ്രതികള്‍ എല്ലാംതന്നെ അറസ്റ്റിലായെങ്കിലും ഗൂഢാലോചനയെ കുറിച്ചുള്ള അന്വേഷണം എങ്ങുമെത്താതിരിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് പോലീസ് പള്‍സര്‍ സുനിയേയും സംഘത്തേയും അറസ്റ്റ് ചെയ്തു.

സിനിമ താരങ്ങളുടെ ഡ്രൈവര്‍ ആയി ജോലി ചെയതിരുന്ന പള്‍സര്‍ സുനി ക്രിമിനല്‍ പശ്ചാത്തലം ഉള്ള ആളാണ്. മലയാള സിനിമയിലെ തന്നെ ഒരു താരം നടിയോടുള്ള പ്രതികാരം ചെയ്തതാണ് ഇത് എന്നായിരുന്നു പ്രചരിച്ചിരുന്ന വാര്‍ത്ത. എന്നാല്‍ പിടിയിലായ പള്‍സര്‍ സുനി അത്തരം വിവരങ്ങള്‍ ഒന്നും തന്നെ നല്‍കിയിരുന്നില്ല. നടിയെ ആക്രമിച്ച സംഘം നടിയുടെ ദൃശ്യങ്ങളും പകര്‍ത്തിയിരുന്നു. ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ വേണ്ടിയാണ് നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത് എന്നായിരുന്നു പള്‍സര്‍ സുനി പോലീസിന് നല്‍കിയ മൊഴി. എന്നാല്‍ സുനി പറഞ്ഞ പല കാര്യങ്ങളിലും വൈരുദ്ധ്യങ്ങളുണ്ടായിരുന്നു. കേസുമായി ബന്ധപ്പെട്ട് മലയാളത്തിലെ ഒരു പ്രമുഖ നടന്റെ പേര് പല തവണ ഉയര്‍ന്നിരുന്നു. എന്നാല്‍ അത്തരം വാര്‍ത്തകളെല്ലാം വ്യാജമായിരുന്നു എന്ന് നടനും പോലീസും പിന്നീട് വ്യക്തമാക്കിയിരുന്നു. അതിനിടയ്ക്കാണ് കേസില്‍ വീണ്ടും നടന്‍റെ പേര് ഉയര്‍ന്നു വരുന്നത്. പള്‍സര്‍ സുനി കാറില്‍ വച്ച് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സംബന്ധിച്ച അന്വേഷണമാണ് പ്രമുഖ നടനിലേക്ക് എത്തിച്ചത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തിന് ശേഷം പള്‍സര്‍ സുനി കോയമ്പത്തൂരിലേക്ക് കടക്കുകയായിരുന്നു. അവിടെ നിന്ന് എങ്ങനെ ദൃശ്യങ്ങള്‍ നടന്റെ കൈവശം എത്തി എന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ടത്രെ. നടിയെ ക്രൂരമായി ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. മൊബൈല്‍ ഫോണ്‍ ഗോശ്രീ പാലത്തില്‍ നിന്ന് കൊച്ചി കായലിലേക്ക് എറിഞ്ഞു എന്നായിരുന്നു സുനി നല്‍കിയ മൊഴി. ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ നടന്‍റെ കൈവശം ഉണ്ട് എന്ന് അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.