മാണിക്കെതിരായ ബാര്‍ക്കോഴക്കേസ്: ആരോപണത്തിനു പിന്നില്‍ ചെന്നിത്തല, കേരളകോണ്‍ഗ്രസ് എമ്മിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്
കെ.എം. മാണിക്കെതിരായ ബാര്‍കോഴ ആരോപണത്തിന് പിന്നില്‍ മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണെന്ന് കേരള കോണ്‍ഗ്രസ് എമ്മിന്റെ അന്വേഷണ റിപ്പോര്‍ട്ട്.
ബാര്‍ കോഴ കേസിനു പിന്നിലെ കാരണങ്ങള്‍ കണ്ടെത്താന്‍ പാര്‍ട്ടി നിയോഗിച്ച സി.എഫ്. തോമസ് എം.എല്‍.എയുടെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷന്റെയാണ് റിപ്പോര്‍ട്ട്. ഉമ്മന്‍ചാണ്ടിയെ അട്ടിമറിച്ച് മുഖ്യമന്ത്രിയാകാനും ചെന്നിത്തല ശ്രമിച്ചിരുന്നുവെന്ന ഗുരുതര ആരോപണവും റിപ്പോര്‍ട്ടിലുണ്ട്.
മാണിക്കെതിരായ ആരോപണത്തിന് പിന്നില്‍ ചെന്നിത്തലയും കോണ്‍ഗ്രസിലെ ഐ. ഗ്രൂപ്പുമാണെന്നും അടൂര്‍ പ്രകാശ്, ജോസഫ് വാഴയ്ക്കന്‍ എന്നിവര്‍ക്ക് പിന്നാലെ കേരള കോണ്‍ഗ്രസ് എമ്മില്‍ ഉണ്ടായിരുന്ന പി.സി. ജോര്‍ജും ഗൂഢാലോചനയില്‍ പങ്കാളിയായിരുന്നുവെന്നുമാണ് കണ്ടെത്തല്‍. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് ഗൂഢാലോചനയെ കുറിച്ച് അറിയാമായിരുന്നെന്നും കേരള കോണ്‍ഗ്രസ് എം. അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.
എക്‌സൈസ് മന്ത്രിയായിരുന്ന കെ. ബാബുവിന് നിക്ഷിപ്ത താല്‍പര്യമുണ്ടായിരുന്നു, മുണ്ടക്കയം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലാണ് ഗൂഢാലോചന നടന്നതെന്നും സി.എഫ്. തോമസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിജിലന്‍സ് എസ്.പി. ആര്‍. സുകേശന്‍ പഴയ യൂത്ത് കോണ്‍ഗ്രസുകാരനാണെന്നും ജോസഫ് വാഴക്കന്റെ അടുപ്പക്കാരനാണെന്നുമുള്ള ആരോപണവും, ആര്‍. ബാലകൃഷ്ണ പിള്ളയ്ക്ക് ഗൂഢാലോചനയില്‍ ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇനി കോണ്‍ഗ്രസുമായി ഒരു ബന്ധവും പാടില്ലെന്നും സൂചിപ്പിക്കുന്നു.
മുഖ്യമന്ത്രിയാകാന്‍ ചെന്നിത്തല ശ്രമം നടത്തിയെന്ന് ആവര്‍ത്തിക്കുന്ന റിപ്പോര്‍ട്ടില്‍ പല ശ്രമങ്ങളും നടന്നിരുന്നെന്നും ഇതിനായി ഐ.എന്‍.ടി.യു.സി. സംസ്ഥാന അധ്യക്ഷനും ഐ. ഗ്രൂപ്പ് നേതാവുമായ ആര്‍. ചന്ദ്രശേഖരന്‍ ഇടനിലക്കാരനായി കെ.എം. മാണിയെ സമീപിച്ചിരുന്നുന്നതായും പറയുന്നു.