പാങ്ങപ്പാറ ഫ്ളാറ്റ് ദുരന്തം; സഹകരണ, മണ്ണ്, ഫ്ളാറ്റ് മാഫിയയുടെ പങ്ക് അന്വേഷിക്കണമെന്ന് വി. മുരളീധരന്‍

തിരുവനന്തപുരം: പാങ്ങപ്പാറ ഫ്ളാറ്റ് ദുരന്തത്തിന് കാരണമായ സഹകരണ, മണ്ണ്, ഫ്ളാറ്റ് മാഫിയയുടെ പങ്ക് അന്വേഷിക്കണമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം വി. മുരളീധരന്‍. പാങ്ങപ്പാറയില്‍ പുനരാരംഭിച്ച ഫ്ളാറ്റ് നിര്‍മാണം അടിയന്തരമായി നിര്‍ത്തിവയ്ക്കാന്‍ നഗരസഭയും സര്‍ക്കാരും നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാങ്ങപ്പാറയില്‍ മണ്ണിടിഞ്ഞു വീണ് നാലുതൊഴിലാളികള്‍ മരിച്ച സംഭവത്തിനു പിന്നിലെ അഴിമതി അന്വേഷിക്കുക, ലാഡര്‍ കണ്‍സ്ട്രക്ഷന് നല്കിയ നിര്‍മാണാനുമതി റദ്ദാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് യുവമോര്‍ച്ച തിരുവനന്തപുരം നഗരസഭയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോഴിക്കോട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കാലിക്കട്ട് സിറ്റി കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ പ്രസിഡന്റായ പ്രമുഖ സിഎംപി നേതാവാണ് ലാഡര്‍ കണ്‍സ്ട്രക്ഷന്റെയും ചുക്കാന്‍ പിടിക്കുന്നത്. 2015 ആഗസ്റ്റ് ഒന്നിന് കഴിഞ്ഞ നഗരസഭാ മേയറാണ് ഫ്ളാറ്റിന് നിര്‍മാണാനുമതി നല്കിയത്. തുടര്‍ന്ന് 1,20,000 രൂപ നിരതദ്രവ്യം കെട്ടി പ്രദേശത്തെ കുന്നിടിച്ചുനിരത്തി ആറായിരം ടണ്‍ മണ്ണ് മുട്ടത്തറിയിലെ സിബിഐ വര്‍ക്ക് സൈറ്റിലേക്ക് നീക്കം ചെയ്യാന്‍ നിര്‍മാതാക്കള്‍ അനുമതി തേടി. കുന്നിടിച്ച് ആറായിരം ടണ്ണിനും എത്രയോ ഇരട്ടി ടണ്‍ മണ്ണ് അവിടെ നിന്ന് മാറ്റിയെങ്കിലും ഒരു തരി പോലും സിബിഐയുടെ വര്‍ക്ക്സൈറ്റിലെത്തിയിട്ടില്ല. പകരം സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങളിലേക്കാണ് കൊണ്ടുപോയത്. ഇതിന് ഒത്താശ ചെയ്തത് ഇപ്പോഴത്തെ നഗരസഭാ ഭരണകര്‍ത്താക്കളാണെന്നും മുരളീധരന്‍ ആരോപിച്ചു.

ഇടയ്ക്ക് വാഹനപരിശോധനയ്ക്കിടെ കടത്തിയ മണ്ണ് പേട്ട എസ്ഐ പിടിച്ചു. ഉന്നത സിപിഎം നേതാവിന്റെ നിര്‍ദ്ദേശാനുസരണം കേസ് രജിസ്റ്റര്‍ ചെയ്യാതെ മണ്ണും വാഹനവും എസ്ഐ വിട്ടയച്ചു. കഴിഞ്ഞമാസം 12 മുതല്‍ 14 തീയതിവരെയുള്ള എസ്ഐയുടെ ഫോണ്‍രേഖകള്‍ പരിശോധിച്ചാല്‍ ഈ നേതാവാരാണെന്ന് മനസ്സിലാകും. ഏപ്രില്‍ 15ന് മണ്ണ് കടത്തുന്നത് അനധികൃതമാണെന്നു ചൂണ്ടിക്കാട്ടി പ്രദേശവാസിയായ അരുണ്‍ എന്ന യുവാവ് ആര്‍ഡിഒക്ക് പരാതി നല്കി. അത് ആര്‍ഡിഒ അന്നുതന്നെ തഹസില്‍ദാര്‍ക്കും തഹസില്‍ദാര്‍ വില്ലേജ് ഓഫീസര്‍ക്കും കൈമാറി. ഒന്നരമാസം കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല. ഇതിന്മേല്‍ നടപടിയുണ്ടായിരുന്നെങ്കില്‍ നാലു ജീവനുകള്‍ നഷ്ടപ്പെടില്ലായിരുന്നു.

ഫ്ളാറ്റ് നിര്‍മിക്കുന്ന സ്ഥലത്തേക്ക് വാഹനം കടന്നുചെല്ലാന്‍ സൗകര്യമുണ്ടോ എന്ന് പരിശോധിച്ചിട്ടില്ല. ദുരന്തമുണ്ടായി മരിച്ചവരുടെ മൃതദേഹങ്ങള്‍ 200 മീറ്ററിലധികം ചുമന്നാണ് ആംബുലന്‍സിലെത്തിച്ചത്. കുന്നിടിക്കുമ്പോള്‍ ചുറ്റുമുള്ള വീടുകള്‍ക്ക് ഭീഷണി ഉണ്ടോ എന്ന് പരിശോധിച്ചിട്ടില്ല. ദുരന്തമുണ്ടായ ശേഷം അവരോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. അവരുടെ ജീവന് ഭീഷണി ഉയര്‍ന്നിരിക്കുകയാണെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.

കാലിക്കട്ട് സിറ്റി കോ-ഓപ്പറേറ്റീവ് ബാങ്ക് നോട്ടുനിരോധനം വന്ന സമയത്ത് വ്യാപകമായ തോതില്‍ കള്ളപ്പണം വെളുപ്പിച്ചു. പിന്നില്‍ ഉന്നത സിപിഎം, മുസ്ലിംലീഗ് നേതാക്കളുമുണ്ട്. പാങ്ങപ്പാറയിലെ ദുരന്തത്തിന് കാരണക്കാരായ ഉദ്യോഗസ്ഥരെ മാത്രമല്ല രാഷ്ട്രീയനേതാക്കളെയും കുറിച്ച് അന്വേഷിക്കണം. സിപിഎം, ലീഗ്, സിഎംപി നേതാക്കളുടെ പങ്ക് മറച്ചുവയ്ക്കാമെന്ന് സര്‍ക്കാര്‍ കരുതേണ്ട. പ്രദേശവാസിയായിട്ടും മേയര്‍ അഡ്വ വി.കെ. പ്രശാന്ത് മൗനം പാലിക്കുകയാണ്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മണ്ഡലത്തിലാണ് ദാരുണ സംഭവം നടന്നത്. അദ്ദേഹവും മിണ്ടുന്നില്ല. യഥാര്‍ഥ പ്രതികളെ കണ്ടെത്തി ശിക്ഷ വാങ്ങിനല്കണം. അല്ലാത്തപക്ഷം യുവമോര്‍ച്ച ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ജെ.ആര്‍. അനുരാജ് ആധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍സെക്രട്ടറി അഡ്വ ആര്‍.എസ്. രാജീവ്, നേതാക്കളായ സമ്പത്ത്, സതീഷ്, ചന്ദ്രകിരണ്‍, മണവാരി രതീഷ്, അശ്വതി, നഗരസഭാ ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ അഡ്വ വി. ഗിരികുമാര്‍, കൗണ്‍സിലര്‍മാരായ ഹിമസിജി, പി.വി. മഞ്ജു, പ്രദീപ് തുടങ്ങിയവര്‍ പങ്കെടുത്തു.