ഭാര്യയുടെ വാട്‌സ് ആപ്പ് ചാറ്റ് നോക്കാന്‍ തുനിഞ്ഞു; ഭര്‍ത്താവിന് അരിവാള്‍ കൊണ്ട് പണി കിട്ടി

ഭാര്യയുടെ വാട്ട്‌സ് ആപ്പ് ചാറ്റും കോള്‍ റെക്കോര്‍ഡുകളും പരിശോധിക്കാനായിനായി ഫോണെടുത്ത ഭര്‍ത്താവിനെ ഭാര്യ അരിവാള്‍ കൊണ്ട് ആക്രമിച്ചു. ആഗ്രയിലെ ഭിലാവലി ഗ്രാമത്തിലാണ് സംഭവം. പരുക്കേറ്റ 21കാരനായ നേത്രപാല്‍ സിംഗിനെ എസ്.എന്‍. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയില്‍ നിരവധി തുന്നലുകള്‍ ഉണ്ട്.

2014ലാണ് നേത്രപാല്‍ സിംഗ് ഭാര്യയായ നീതു സിംഗിനെ വിവാഹം ചെയ്യുന്നത്. എന്നാല്‍ വിവാഹത്തിനു ശേഷം ഇവര്‍ പിരിഞ്ഞാണ് താമസിച്ചിരുന്നത്. മറ്റൊരാളുമായി ഇഷ്ടത്തിലാണെന്ന് പറയപ്പെടുന്ന നീതു കഴിഞ്ഞ മാസമാണ് ഭര്‍തൃഗൃഹത്തിലെത്തിയത്.

രാത്രി മറ്റൊരാളുമായി വാട്ട്‌സ്ആപ്പില്‍ ചാറ്റ് ചെയ്യുന്നതാണ് താന്‍ കണ്ടതെന്ന് നേത്രപാല്‍ പറഞ്ഞു. ഫോണ്‍ തനിക്ക് തരാനായി നീതുവിനോട് ആവശ്യപ്പെട്ടപ്പോള്‍ എതിര്‍ക്കുകയും തന്നോട് ദൂരെ പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് ചാറ്റിന്റെ വിവരങ്ങള്‍ അറിയാനായി ബലം പ്രയോഗിച്ച് താന്‍ ഫോണ്‍ വാങ്ങിയപ്പോള്‍ നീതു അരിവാള്‍ ഉപയോഗിച്ച് പുറകില്‍ നിന്ന് ആക്രമിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് താന്‍ ബോധരഹിതനായി നിലത്ത് വീണെന്നും നേത്രപാല്‍ പറഞ്ഞു.

സംഭവത്തിന് ശേഷം നീതു തന്റെ സുഹൃത്തിനൊപ്പം ഗ്രാമം വിടാന്‍ ശ്രമിച്ചെങ്കിലും നേത്രപാലിന്റെ ബന്ധുക്കള്‍ ഇവരെ പിടികൂടുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഭര്‍ത്താവ് അരിവാളെടുത്ത് സ്വയം പരുക്കേല്‍പ്പിക്കുകയായിരുന്നുവെന്നാണ് നീതുവിന്റെ പക്ഷം. തന്നെ കുടുക്കാനാണ് നേത്രപാല്‍ ഇത് ചെയ്തതെന്നും അവര്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.