മധ്യപ്രദേശില്‍ 24 മണിക്കൂറില്‍ മൂന്ന് കര്‍ഷകര്‍ ആത്മഹത്യ ചെയ്തു; മന്‍ഡ്‌സോറില്‍ നാളെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ സന്ദര്‍ശനം നടത്തും
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മധ്യപ്രദേശില്‍ മൂന്ന് കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ മണ്ഡലത്തില്‍ കഴിഞ്ഞ ദിവസം ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്തിരുന്നു. ഇന്ന് വിധിഷയിലും ഹോഷംഗാബാദിലും രണ്ട് കര്‍ഷകര്‍ കൂടി ആത്മഹത്യ ചെയ്തു. കടക്കെണിയാണ് ആത്മഹത്യയ്ക്ക കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചെങ്കിലും ഇതുവരെ അത് നല്‍കിയിട്ടില്ല. നാലു ലക്ഷം രൂപ നല്‍കാനേ ചട്ടമുള്ളു എന്ന് ജില്ലാ കളക്ടര്‍ പറഞ്ഞത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
ആറു കര്‍ഷകര്‍ പൊലീസ് നടപടിയില്‍ മരിച്ച മന്‍ഡ്‌സോറില്‍ നാളെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ സന്ദര്‍ശനം നടത്തും. കര്‍ഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഭാരത്ബന്ദ് പ്രഖ്യാപിക്കുന്നതിനെക്കുറിച്ചും പ്രതിപക്ഷ പാര്‍ട്ടികള്‍ ആലോചന തുടങ്ങി. മന്‍ഡസോറിലേക്ക് പുറപ്പെട്ട ഗുജറാത്തിലെ പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേലിനെ മധ്യപ്രദേശ് അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞു. രാജ്യത്തുടനീളമുള്ള കര്‍ഷകപ്രക്ഷോഭത്തിന് പിന്തുണ വ്യക്തമാക്കി പ്രതിപക്ഷ ഭാരത് ബന്ദ് പ്രഖ്യാപിച്ചേക്കും.മന്‍ഡ്‌സോറില്‍ കര്‍ഷകര്‍ക്കെതിരെ വെടിവച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഇതുവരെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടില്ല.