നിക്ഷേപകരെ ബലിയാടാക്കി കാണക്കാരി ബാങ്ക്; അഴിമതിക്കഥകള്‍ പുറത്തേയ്ക്ക്…
കോട്ടയം: സ്വര്‍ണ്ണം പണയപ്പെടുത്തി വായ്പ്പയെടുത്തവര്‍ പണം തിരിച്ചടച്ച് സ്വര്‍ണ്ണം വീണ്ടെടുക്കാന്‍ ബാങ്കില്‍ എത്തിയപ്പോള്‍ ഉടമസ്ഥരറിയാതെ ബാങ്ക് അധികൃതര്‍ ലേലം ചെയ്തതായി ആക്ഷേപം. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം ഭരിക്കുന്ന കാണക്കാരി സര്‍വീസ് സഹകരണ ബാങ്കിലാണ് സംഭവം.
ബാങ്കിന്റെ പണയം വച്ചിരുന്ന നിഷ്ക്രിയ ആസ്തിയായ സ്വര്‍ണ്ണം ലേലം ചെയ്യാന്‍ ബാങ്ക് ഭരണസമിതി തീരുമാനിച്ചിരുന്നു. സ്വര്‍ണ്ണം പണയം വെച്ചവര്‍ക്ക് അവസാന തിയതിക്ക് മുന്‍പായി വായ്പ്പ പുതുക്കയോ മുഴുവന്‍ തുകയും അടച്ച് തിരികെ എടുക്കുകയോ ചെയ്യണമെന്നും അല്ലാത്ത പക്ഷം നിഷ്ക്രിയ ആസ്തിയായി കണക്കാക്കി സ്വര്‍ണ്ണ ഉരുപടികള്‍ ലേലം ചെയ്യുമെന്നുമറിയിച്ച് ബാങ്ക് കത്ത് അയച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കുറേ പേര് പണം തിരിച്ചടച്ച് വായ്പ്പ തീര്‍ക്കുകയും മറ്റു ചിലര്‍ പലിശ അടച്ച് വായ്പ്പ പുതുക്കുകയും ചെയ്തു. പണം തിരിച്ചടച്ചവരുടെ സ്വര്‍ണ്ണം വെമ്പള്ളിയിലെ ഹെഡ് ഓഫീസില്‍ സൂക്ഷിച്ചിട്ടുള്ളതിനാല്‍ അടുത്ത ദിവസം സ്വര്‍ണ്ണം തിരികെ നല്‍കാമെന്നായിരുന്നു വിവിധ ശാഖകളില്‍ പണമടച്ചവരോട് അതത് ശാഖകളില്‍ നിന്നും അറിയിച്ചിരുന്നത്.
അവസാന ദിവസം പണമടച്ച് ലേല നടപടികള്‍ ഒഴിവാക്കിയവരുടെ ലിസ്റ്റ് വിവിധ ശാഖകളില്‍ നിന്ന് ബാങ്കിന്റെ വെമ്പള്ളിയിലുള്ള ഹെഡ് ഓഫീസില്‍ എത്തിക്കുകയും തുടര്‍ന്ന് പണമടച്ചവരുടെ സ്വര്‍ണ്ണ ഉരുപടികള്‍ ലേല നടപടിളില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു. ബാങ്കിന്റെ കാണക്കാരി ബ്രാഞ്ചില്‍ അവസാന ദിവസം പലിശ അടച്ച് വായ്പ്പ പുതുക്കിയവരുടെ ലിസ്റ്റ് കാണക്കാരി ശാഖയില്‍ നിന്നും വെമ്പള്ളിയിലെ ഹെഡ് ഓഫീസില്‍ സെക്രട്ടറിക്ക് കൈമാറിയിരുന്നതായി കാണക്കാരി ശാഖാ മനേജര്‍ പറയുന്നു.
എന്നാല്‍ പണം തിരികെ അടച്ചവരുടേത് ഉള്‍പ്പെടെയുള്ളവരുടെ സ്വര്‍ണ്ണം ബാങ്ക് അധികൃതര്‍ ലേലം ചെയ്യുകയായിരുന്നു. പണം തിരികെ അടച്ചവരുടെ സ്വര്‍ണ്ണം തിരികെ എടുക്കുന്നതിനായി വെമ്പള്ളിയിലെ ഹെഡ് ഓഫീസില്‍ കാണക്കാരി ശാഖാ മനേജര്‍ എത്തിയപ്പോഴാണ് ബാങ്ക് അധികൃതര്‍ക്ക് അബദ്ധം മനസിലായത്. കാണക്കാരി ശാഖയില്‍ പണമടച്ച് ലേല നടപടികള്‍ ഒഴിവാക്കിയവരുടെ പേര് ലേല പട്ടികയില്‍ നിന്നും ഒഴിവാക്കുന്നതില്‍ സെക്രട്ടറിക്ക് സംഭവിച്ച വീഴ്ച്ചയാണ് വായ്പ്പ തിരിച്ചടച്ചവരുടെയും സ്വര്‍ണ്ണം ലേലം ചെയ്യാന്‍ കാരണമായത്.
ഇത് സംബന്ധിച്ച് ഉപഭോക്താക്കളുടെ പരാതിയെ തുടര്‍ന്ന് ഭരണസമിതി കാണക്കാരി ശാഖാ മനേജരോട് അധികൃതര്‍ വിശദീകരണം തേടുകയും ഉപഭോക്താക്കളുടെ പണം സ്വന്തം കൈയില്‍ നിന്ന് തിരികെ നല്‍കാനും ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ജീവനക്കാര്‍ക്കിടയില്‍ ഭരണസമിതിക്കെതിരെയും സെക്രട്ടറിക്കെതിരെയും പ്രതിഷേധം ശക്തമാണ്. സെക്രട്ടറിക്ക് സംഭവിച്ച വീഴ്ച്ച മറയ്ക്കാന്‍ കാണക്കാരി ശാഖാ മനേജരെ ബലിയാടാക്കുകയാണെന്ന ആക്ഷേപവും ജീവനക്കാര്‍ക്കുണ്ട്. സംഭവത്തില്‍ പ്രസിഡന്റിന്റെ പിന്തുണ സെക്രട്ടറിക്കാണ്. സെക്രട്ടറിക്കെതിരെ നടപടിയെടുത്താല്‍ ബാങ്കിന്റെ നടത്തിപ്പിലെ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ പുറത്താകുമെന്നതിനാലാണ് പ്രസിഡന്റ് സെക്രട്ടറിയെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്നതെന്നും ആക്ഷേപമുണ്ട്.
കോടികളുടെ കടബാധ്യതയുണ്ടായിരുന്ന ബാങ്ക് പ്രസിഡന്റ് ചെറിയാന് മാത്യു കോടികള്‍ ചെലവഴിച്ച് നിര്‍മ്മിക്കുന്ന പുതിയ വീടിന്റെ പണം ബാങ്കിന്റെതാണെന്ന് ആക്ഷേപവും ഉയരുന്നുണ്ട്. പ്രസിഡന്റിന്റെ വീട് പണിക്കായി അഞ്ച് ലക്ഷം, രണ്ട് ലക്ഷം, മൂന്ന് ലക്ഷം വീതം നൂറ് കണക്കിന് ലോണുകളാണ് ബിനാമി പേരുകളില്‍ ബാങ്കില്‍ നിന്നും എടുത്തിട്ടുള്ളത്. ഇതിനാലാണ് ലേല പ്രശനത്തില്‍ സെക്രട്ടറിക്ക് വീഴ്ച്ച സംഭവിച്ചിട്ടും സെക്രട്ടറിയെ പൂര്‍ണ്ണമായി സംരക്ഷിക്കുന്ന നിലപാട് പ്രസിഡന്റ് ചെറിയാന് മാത്യു സ്വീകരിക്കുന്നതെന്ന് പറയപ്പെടുന്നു.
ബാങ്ക് പ്രതിസന്ധി സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ കേരളാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് രണ്ട് പ്രാവശ്യം ജീവനക്കാരും പ്രസിഡന്റും തമ്മില്‍ ചര്‍ച്ച നടന്നെങ്കിലും പ്രസിഡന്റിന്റെ പിടിവാശിയെ തുടര്‍ന്ന് അലസി പിരിയുകയായിരുന്നു. മറ്റ് ഭരണസമിതി അഗങ്ങളോടുള്ള പ്രസിഡന്റിന്റെ ഇടപെടലും മോശമായ രീതിയിലാണ്. കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും ചേര്‍ന്ന് ഭരിക്കുന്ന ബാങ്കില്‍ പ്രസിഡന്റ് സ്ഥാനം കേരളാ കോണ്‍ഗ്രസിനാണ്. ലേല പ്രശ്നത്തെ തുടര്‍ന്ന് ഭരണസമിതിയിലും ഭിന്നത രൂക്ഷമാണ്. പ്രതിസന്ധി സംബന്ധിച്ച് പ്രശ്നം ചര്‍ച്ച ചെയ്യാന്‍ രണ്ട് തവണ ഭരണസമിതി യോഗം വിളിച്ചെങ്കിലും പ്രസിഡന്റ് ഒഴികെ മറ്റാരും യോഗത്തില്‍ സംബന്ധിച്ചില്ല.
ഇത്രയും പ്രശ്നങ്ങളുണ്ടായിട്ടും രണ്ട് തവണ കോറം തികയാതെ ഭരണസമിതി യോഗം പിരിച്ച് വിടേണ്ടി വന്നിട്ടും ബാങ്ക് ഭരണസമിതിയുടെ പിടിപ്പ്കേടിനും കെടുകാര്യസ്ഥതക്കുമെതിരെ പ്രധാന പ്രതിപക്ഷമായ സി.പി.എം. യാതൊരു സമര പരിപാടികളോ പ്രധിഷേധമോ നടത്തിയിട്ടില്ല. പ്രസിഡന്റിന്റെ ഏകാധിപത്യ പ്രവണതക്കും അഴിമതിക്കുമെതിരെ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലും യു.ഡി.എഫിനുള്ളിലും എതിര്‍പ്പുകള്‍ ഉണ്ടായിട്ടും സി.പി.എം. ഇതൊന്നും അറിഞ്ഞതായി പോലും ഭാവിക്കാത്തത് ബാങ്ക് പ്രസിഡന്റും സി.പി.എം. നേതൃത്വവുമായുള്ള അവിശുദ്ധ ബന്ധത്തെ തുടര്‍ന്നാണെന്ന് നാട്ടുകാര്‍ക്കിടയില്‍ ആക്ഷേപമുണ്ട്.
വര്‍ഷങ്ങളായി സി.പി.എം. നിയന്ത്രണത്തിലായിരുന്ന ബാങ്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് യു.ഡി.എഫിന് ലഭിച്ചത്. യു.ഡി.എഫ്. പ്രതേകിച്ച് കേരളാ കോണ്‍ഗ്രസ് അനുഭാവികളായ ബാങ്ക് ജിവനക്കാരുടെ ശക്തമായ പിന്തുണയെ തുടര്‍ന്നാണ് പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് ചെറിയാന് മാത്യുവിന്റെ നേതൃത്വത്തില്‍ യു.ഡി.എഫിന് ബാങ്ക് പിടിച്ചെടുക്കാന്‍ സാധിച്ചത്. എന്നാല്‍ ഭരണം ലഭിച്ചത് മുതല്‍ പ്രസിഡന്റിന്റെ ഏകാധിപത്യ ഭരണമാണ് നടക്കുന്നതെന്നും കേരളാ കോണ്‍ഗ്രസ് അനുഭാവികളായ ജീവനക്കാരോട് പോലും അടിമകളോടെന്ന പോലാണ് പ്രസിഡന്റ് പെരുമാറുന്നതെന്നും ജീവനക്കാര്‍ തന്നെ പറയുന്നു.
കൂടാതെ കാണക്കാരി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും പാര്‍ട്ടിയുടെ മണ്ഡലം പ്രസിഡന്റ് സ്ഥാനവും ചെറിയാന് മാത്യുവാണ് വഹിക്കുന്നത്. മണ്ഡലത്തിലെ പ്രധാനപ്പെട്ട മൂന്ന് സ്ഥാനങ്ങളും ഒരു വ്യകതി തന്നെ വഹിക്കുന്നതിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പരാതി ഉന്നയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലും പ്രസിഡന്റിനെതിരെ ശക്തമായ പ്രധിഷേധമാണ് ഉയരുന്നത്. എതിര്‍ക്കുന്നവരെ അടിച്ചമര്‍ത്തുന്ന പ്രസിഡന്റിനെതിരെ ഒരു വിഭാഗം പാര്‍ട്ടി നേതൃത്വത്തെ സമീപിക്കാനുള്ള നീക്കത്തിലാണ്.
ജോസ് കെ മാണിയുടെ ശക്തമായ പിന്തുണയുടെ ബലത്തിലാണ് ചെറിയാന് മാത്യു വിലസുന്നത് എന്നത് പാര്‍ട്ടി നേതൃത്വത്തിനും സംഭവത്തില്‍ പങ്കുള്ളതായി നാട്ടുകാര്‍ പറയുന്നു. ശകതനായ എതിരാളിയായ ചെറിയാന് മാത്യുവിനെതിരെ പാര്‍ട്ടി ജില്ലാ സെക്രട്ടറി സണ്ണി തെക്കേടത്തിന്റെ നേതൃത്വത്തിലാണ് എതിര്‍പക്ഷം കരുക്കള്‍ നീക്കുന്നത്.
നാഷണലൈസ്ഡ് ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ക്ക് പ്രാധിനിത്യം ഇല്ലാത്ത കാണക്കാരി പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ഏക എ. ക്ലാസ് ബാങ്കായ കാണക്കാരി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന വിധത്തിലുള്ള ഭരണസമിതിയുടെയും പ്രസിഡന്റിന്റെയും നിലപാട് പതിനായിരകണക്കിന് സധാരണക്കാരായ ജനങ്ങളുടെ കോടികണക്കിന് വരുന്ന നിക്ഷേപത്തെയും നാടിന്റെ സമ്പദ് വ്യവസ്ഥയെയുമാണ് ദേഷകരമായി ബാധിക്കുന്നത്.