ദേശീയ പാതയോരത്തെ ബാറുകള്‍ തുറക്കേണ്ട; സുപ്രീംകോടതി വിധി ലംഘിക്കാന്‍ ആരേയും അനുവദിക്കില്ലെന്നും ഹൈക്കോടതി
കൊച്ചി: ദേശീയ പാതയോരത്തെ ബാറുകള്‍ തുറക്കേണ്ടെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. 13 ബാറുകള്‍ തുറന്ന നടപടി ദൗര്‍ഭാഗ്യകരമെന്നും, സുപ്രീം കോടതി വിധി ലംഘിക്കാന്‍ ആരേയും അനുവദിക്കില്ലെന്നും ഹൈക്കോടതി പറഞ്ഞു. കണ്ണൂര്‍ -കുറ്റിപ്പുറം ദേശീയപാതയാണെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചതിനാലാണ് ദേശീയപാതയാണെന്ന് അറിഞ്ഞിട്ടും ബാറുകള്‍ തുറന്ന കോടതി നടപടിയില്‍ വിമര്‍ശനമുന്നയിച്ചത്.
ദേശീയപാതയോരത്തെ ബാറുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട പുനപരിശോധന ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കിക്കൊണ്ട് ദേശീയപാതയിലെ ബാറുകള്‍ തുറക്കരുതെന്നും ഇനി സംശയത്തിന് ഇടനല്‍കേണ്ട കാര്യമില്ലെന്നും തീര്‍പ്പ് കല്‍പ്പിച്ചു.
അതേ സമയം ഈ പാതയോരങ്ങളിലെ ബാറുകള്‍ തുറക്കില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ദേശീയ പാതയോരത്തെ ബാറുകള്‍ തുറന്ന സംഭവത്തില്‍ കോടതിയില്‍ പൊതുമരാമത്ത് വകുപ്പിനെ പഴിക്കുന്ന നിലപാടാണ് എക്‌സൈസ് വകുപ്പ് എടുത്തത്. ദേശീയ പാതകളാണെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചില്ലെന്നും എക്‌സൈസ് വകുപ്പ് വാദിച്ചു.
തുര്‍ന്ന് നടന്ന വാദത്തില്‍ കണ്ണൂര്‍-കുറ്റിപ്പുറം റോഡും ചേര്‍ത്തല-കഴക്കൂട്ടം റോഡും ദേശീയ പാതകളാണെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. 2017ലെ ഉത്തരവ് പ്രകാരം ഇക്കാര്യത്തില്‍ മാറ്റമില്ലെന്നും പൊതുമരാമത്ത് വകുപ്പ് കോടതിയില്‍ വെളിപ്പെടുത്തി. ഹൈക്കോടതി വിളിപ്പിച്ചതിനെ തുടര്‍ന്ന് കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളിലെ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണണര്‍മാരും കോടതിയില്‍ ഹാജരായിരുന്നു.