ലണ്ടന്‍ തീപ്പിടുത്തം: ആറു മരണം, മരണ സംഖ്യ ഉയര്‍ന്നേയ്ക്കും, തീ അണക്കാനായില്ല (വീഡിയോ)

പടിഞ്ഞാറന്‍ ലണ്ടനിലെ ഗ്രൈന്‍ഫെല്‍ ടവറിലുണ്ടായ തീപിടുത്തത്തില്‍ ആറു പേര്‍ മരിച്ചെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. കെട്ടിടത്തില്‍ ഇപ്പോഴും ആളുകള്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് സൂചന. പൂര്‍ണമായും തീയണക്കാന്‍ മണിക്കൂറുകള്‍ പിന്നിട്ടിട്ടും സാധിച്ചിട്ടില്ല.

മരണ സംഖ്യ ഇനിയും കൂടിയേക്കമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. അഗ്‌നി ശമന സേനാംഗങ്ങള്‍ക്ക് 27 നിലയുള്ള കെട്ടിടത്തിന്റെ 12ാം നിലവരെ എത്താനേ സാധിച്ചിട്ടുള്ളൂ. കെട്ടിടം ഏതു നിമിഷവും തകര്‍ന്നു വീണേക്കാമെന്ന അവസ്ഥയിലാണ്.

നാല്‍പ്പതോളം അഗ്‌നിശമനാ യൂണിറ്റുകളിലായി ഇരുനൂറോളം അഗ്‌നിശമനാ സേനാഗങ്ങളാണ് തീയണക്കാന്‍ ശ്രമിക്കുന്നത്. കെട്ടിടത്തിന്റെ ഒരു ഭാഗം പൂര്‍ണമായും തീപ്പിടിച്ച നിലയിലാണ്. ഇത് രക്ഷാ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. 1974ല്‍ ആണ് ഈ കെട്ടിടം നിര്‍മ്മിച്ചത്. നഗരത്തിലെ ഏറ്റവും പഴക്കം ചെന്ന കൈട്ടിടങ്ങളില്‍ ഒന്നാണിത്.

തീ പടരുന്നതിനിടെ കെട്ടിടത്തില്‍ നിന്നും ആളുകള്‍ താഴേക്ക് ചാടിയിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. താഴത്തെ നിലകള്‍ പൂര്‍ണമായും തീപിടിച്ചതിനാല്‍ മുകള്‍ നിലയിലുള്ള ആളുകള്‍ക്ക് താഴേക്ക് വരാന്‍ സാധിക്കാത്ത അവസ്ഥയുമുണ്ട്.