സംസ്ഥാനത്ത് ഇന്നു അര്‍ദ്ധരാത്രി മുതല്‍ ട്രോളിങ് നിരോധനം; തൊഴില്‍ നഷ്ടമാകുന്നവര്‍ക്ക് സര്‍ക്കാര്‍ വക സൗജന്യ റേഷന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം നിലവില്‍ വരും. ട്രോള്‍ വലകള്‍ ഘടിപ്പിച്ച ബോട്ടുകള്‍ക്ക് 47 ദിവസത്തേക്ക് മീന്‍പിടുത്തം നടത്താനാകില്ല. എന്നാല്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് നിരോധനം ബാധകമല്ല. ചെറുവള്ളങ്ങളിലും യന്ത്രം പിടിപ്പിച്ച ബോട്ടുകളിലും മീന്‍പിടുത്തം നടത്തുന്നവര്‍ക്ക് തുടരാം.
4200 ട്രോളിംഗ് ബോട്ടുകള്‍ ഇന്ന് അര്‍ധരാത്രിയോടെ മീന്‍പിടുത്തം നിര്‍ത്തും. ട്രോള്‍ വലകള്‍ ഉപയോഗിച്ച് കടലിന്റെ അടിത്തട്ടിലെ ചെറുമീനുകളെവരെ പിടിക്കുന്ന യന്ത്രവല്‍കൃത രീതിയാണ് നിരോധിച്ചിരിക്കുന്നത്. ട്രോളിംഗിങ്ങിന്റെ ഭാഗമായി തൊഴില്‍ നഷ്ടം നേരിടുന്നവര്‍ക്ക് സര്‍ക്കാര്‍ സൗജന്യറേഷന്‍ നല്‍കും.
പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ആകെ ഒന്നരലക്ഷത്തിലധികം വരും. സംസ്ഥാനത്തെ ട്രോളിംഗ് നിരോധന കാലാവധി കൂട്ടണമെന്നാണ് ഇവരുടെ ആവശ്യം. യന്ത്രവല്‍കൃത ബോട്ടുകളില്‍ ജോലിചെയ്യുന്ന മത്സ്യത്തൊഴിലാളികളില്‍ ഭൂരിഭാഗവും ഇതരസംസ്ഥാന തൊഴിലാളികളാണ്. കേരളമൊഴികെയുള്ള സംസ്ഥാനങ്ങളില്‍ 61 ദിവസമാണ് ട്രോളിംഗ് നിരോധനം.