ഫസല്‍ വധം: തുടന്വേഷണം വേണ്ടെന്ന് സിബിഐ പ്രത്യേക കോടതി
എന്‍.ഡി.എഫ്. പ്രവര്‍ത്തകനായ ഫസല്‍ കൊല്ലപ്പെട്ട കേസില്‍ തുടരന്വേഷണം വേണ്ടെന്ന് സി.ബി.ഐ. പ്രത്യേക കോടതി. ഫസലിന്റെ സഹോദരന് നല്കിയ ഹര്‍ജി തളളിക്കൊണ്ടാണ് കോടതി ഉത്തരവ്. ആര്.എസ്.എസ്. പ്രവര്‍ത്തകനായ സുബീഷിന്റെ കുറ്റസമ്മതമൊഴി വിശ്വാസത്തിലെടുക്കാനാവില്ലെന്നും സി.ബി.ഐ. കോടതി വ്യക്തമാക്കി. കുറ്റസമ്മതമൊഴിയും പൊലീസിന്റെ കണ്ടെത്തലും തമ്മില്‍ വ്യത്യാസമുണ്ടെന്നും കോടതി നിരീക്ഷിച്ചു.
ആര്.എസ്.എസിന്റെ നാല്‍വര്‍ സംഘമാണ് ഫസല്‍വധം നടത്തിയതെന്നും സി.പി.എം. പ്രവര്‍ത്തകര്‍ അല്ലെന്നും മറ്റൊരു കേസില്‍ അറസ്റ്റിലായ ആര്.എസ്.എസ്. പ്രവര്ത്തകന് കുപ്പി സുബീഷ് മൊഴി നല്‍കിയിരുന്നു. ഫസലിനെ കൊന്നത് താനടക്കം നാലു ആര്.എസ്.എസ്. പ്രവര്‍ത്തകര്‍ ചേര്‍ന്നാണെന്നും ആര്.എസ്.എസിന്റെ കൊടികളും ബാനറുകളും തകര്‍ത്തതിലുളള പ്രതികാരമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും സുബീഷ് മൊഴിയില്‍ വ്യക്തമാക്കിയിരുന്നു.
2006 ഒക്ടോബര്‍ 22ന് പുലര്‍ച്ചെ നാലിനാണ് എന്‍.ഡി.എഫ്. തലശേരി സബ് ഡിവിഷന് കമ്മിറ്റി അംഗം മുഹമ്മദ് ഫസല്‍ തലശേരി ജഗന്നാഥ ക്ഷേത്രം റോഡില്‍ കൊല്ലപ്പെടുന്നത്. തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷണവും ഫസലിന്റെ ഭാര്യയുടെ പരാതിയില്‍ സിബിഐ അന്വേഷണവും നടത്തി. 2012ല്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സി.പി.എം. പ്രവര്‍ത്തകരായ എട്ടുപേരെയാണ് പ്രതികളാക്കിയത്.