ലോകം കാത്തിരുന്ന ഫൈനല്‍ ; ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ ; ഫൈനലില്‍ എതിരാളി പാക്കിസ്ഥാന്‍

ബംഗ്ലാദേശ് ആരാധകരുടെ അഹങ്കാരത്തിന് ഇന്ത്യന്‍ കടുവകള്‍ നല്‍കിയ മറുപടിയില്‍ ബംഗ്ലാ പുലികള്‍ എലികളായി മാറി. അതുകാരണം ക്രിക്കറ്റ് ലോകത്തിനു ലഭിച്ചത് സ്വപ്നസമാനമായ ഒരു ഫൈനല്‍. ഐ സി സി ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഒമ്പത് വിക്കറ്റിനാണ് ഇന്ത്യ അയല്‍ക്കാരായ ബംഗ്ലാദേശിനെ തോല്‍പിച്ച് കയ്യില്‍ കൊടുത്തത്. സ്‌കോര്‍ ബംഗ്ലാദേശ് 7 വിക്കറ്റിന് 264. ഇന്ത്യ 40.1 ഓവറില്‍ 1 വിക്കറ്റിന് 265. ഇതോടെ കലാശക്കളിയില്‍ ഇന്ത്യയും ചിരവൈരികളായ പാക്കിസ്ഥാനും ഏറ്റുമുട്ടും. ബംഗ്ലാദേശ് മുന്നോട്ട് വെച്ച 265 റണ്‍സ് ഇന്ത്യയ്ക്ക് ഒരു ഇരയേ അല്ലായിരുന്നു. തുടക്കം മുതല്‍ രോഹിത് ശര്‍മയും ശിഖര്‍ ധവാനും മിന്നും ഷോട്ടുകളോടെ കളം നിറഞ്ഞു. ധവാന്‍ ഔട്ടായ ശേഷം ക്രീസിലെത്തിയ വിരാട് കോലിയാകട്ടെ ശ്വാസം വിടാനുള്ള ഗ്യാപ്പ് പോലും ബംഗ്ലാ ബൗളര്‍മാര്‍ക്കും ഫീല്‍ഡര്‍മാര്‍ക്കും നല്‍കിയില്ല. കോപ്പിബുക്കിനെ നാണിപ്പിക്കുന്ന ഷോട്ടുകളുമായി കോലി ഒരറ്റത്ത് കളം നിറഞ്ഞപ്പോള്‍ രോഹിത് മറുവശത്ത് സിഗ്‌നേച്ചര്‍ പതിപ്പിച്ച ലേസി എലഗന്‍സ് ഷോട്ടുകളിലാണ് ശ്രദ്ധ വെച്ചത്.