മെട്രോ ഉദ്ഘാടനം മുഖ്യമന്ത്രിയുടെ കത്ത് ഫലം കണ്ടു; ഇ ശ്രീധരനും പ്രതിപക്ഷനേതാവിനും വേദിയില്‍ സ്ഥാനം നല്‍കി കേന്ദ്രത്തിന്റെ പുതിയ പട്ടിക

തിരുവനന്തപുരം: കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ മെട്രോമാന്‍ ഇ. ശ്രീധരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും ഇരിപ്പിടം അനുവദിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് പുതിയ പട്ടിക പുറത്തിറക്കി. സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും പുതിയ പട്ടിക പുറത്തിറങ്ങിയത്.

അതേസമയം സ്ഥലം എം.എല്‍.എയ്ക്ക് വേദിയില്‍ ഇരിക്കാന്‍ അനുമതിയില്ല. മെട്രോ ഉദ്ഘാടന വേദിയില്‍ നിന്നും ശ്രീധരന്‍ ഉള്‍പ്പെടെയുള്ളവരെ ഒഴിവാക്കിയതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്നലെ കത്തയച്ചിരുന്നു.

ഇ.ശ്രീധരനെയും പ്രതിപക്ഷ നേതാവിനേയും സ്ഥലം എം.എല്‍.എയേയും വേദിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്. ഇ. ശ്രീധരനെ ചടങ്ങില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ തന്നെ ചടങ്ങിലേക്ക് ക്ഷണിക്കാത്തത് വിവാദമാക്കരുതെന്നും പ്രധാനമന്ത്രിയുടെ സുരക്ഷയാണ് പ്രധാനമെന്നും വിവാദങ്ങള്‍ മാധ്യമങ്ങളാണ് സൃഷ്ടിക്കുന്നതെന്നുമായിരുന്നു ഇ. ശ്രീധരന്‍ പറഞ്ഞത്.