ആനക്കൊമ്പില്‍ തൊട്ട് മോഹന്‍ലാലിന് ആശ്വസിക്കാം: ത്വരിതാന്വേഷണം ഹൈക്കോടതി റദ്ദാക്കി
കൊച്ചി: ആനക്കൊമ്പ് കൈവശം വെച്ചതിന് കേസിലകപ്പെട്ട നടന്‍ മോഹന്‍ലാലിനും മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും എതിരായ ത്വരിതാന്വേഷണം ഹൈക്കോടതി റദ്ദാക്കി. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ഇരുവര്‍ക്കുമെതിരെ ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്. അഴിമതി നിരോധന നിയമം നിലനില്‍ക്കാത്തതിനാല്‍ വിജിലന്‍സ് അന്വേഷണത്തിന് സാധ്യതയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ആനക്കൊമ്പ് സൂക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം സംസ്ഥാന സര്‍ക്കാരാണ് തനിക്ക് അനുമതി നല്‍കിയതെന്ന് മോഹന്‍ലാല്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
വനം വകുപ്പിന്റെ അനുമതിയില്ലാതെ ആനക്കൊമ്പ് വീട്ടില്‍ സൂക്ഷിച്ചുവെന്ന കേസിലാണ് ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്. കേസ് അട്ടിമറിച്ചുവെന്ന് കാണിച്ച് ഏരൂര്‍ സ്വദേശി എ.എ പൗലോസായിരുന്നു വിജിലന്‍സ് കോടതിയെ സമീപിച്ചത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനായിരുന്നു കേസില്‍ ഒന്നാം പ്രതി.